പൂനെ: നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കപ്പെടുന്ന വലതുപക്ഷ തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്ത തങ്ങളുടെ ആശ്രമങ്ങളില്‍ ദിവ്യ ഔഷധമെന്ന പേരില്‍ മാനസിക രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍.
പന്‍സാരെ വധക്കേസ് പ്രതികളുടെ ഭാര്യമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. മാനസിക രോഗങ്ങളായ സ്‌കിസോഫ്രീനിയ, ബൈ പോളാര്‍ തുടങ്ങിയവയ്ക്ക് നല്‍കുന്ന “അമിസള്‍പ്രൈഡ്”, “റെസ്‌പെരിഡോണ്‍” തുടങ്ങിയ മരുന്നുകള്‍ വെള്ളത്തില്‍ കലക്കി സംഘടനയുടെ ആശ്രമങ്ങളില്‍ നല്‍കുന്നുവെന്നാണ് മൊഴിയിലുള്ളത്.
പ്രതികളായ ഡോ. വിരേന്ദ്ര താവ്‌ഡെയുടെ ഭാര്യ ഡോ. നിധി താവ്‌ഡെ, വിനയ് പവാര്‍ എന്നയാളുടെ ഭാര്യ ശ്രാദ്ധ എന്നിവരാണ് മൊഴി നല്‍കിയിട്ടുള്ളത്.
ആശ്രമത്തില്‍ രാത്രി 8 മണിക്കാണ് “ദിവ്യ ഔഷധം” എന്ന പേരില്‍ റെസ്‌പെരിഡോണ്‍ കലക്കിയ വെള്ളം നല്‍കിയതെന്നും ഇത് കുടിച്ചപ്പോള്‍ തലകറക്കം അനുഭവപ്പെട്ടെന്നും പിന്നീടാണ് തനിക്ക് നല്‍കിയത് മരുന്നായിരുന്നുവെന്നത് വ്യക്തമായതെന്നും നിധി പറഞ്ഞു.
ഡോ. വിരേന്ദ്ര താവ്‌ഡെ
ആശ്രമത്തിലെ 35ഓളം വരുന്ന മറ്റുള്ളവര്‍ക്കും നിത്യേന ഇത് നല്‍കിയിരുന്നുവെന്നും ആശ താക്കൂര്‍ എന്നയാളുടെ നിര്‍ദേശ പ്രകാരമാണ് മരുന്നുകള്‍ നല്‍കിയിരുന്നതെന്നും നിധിയുടെ മൊഴിയില്‍ പറയുന്നു.
മരുന്നിനെ കുറിച്ച് ചോദിച്ചപ്പോള്‍ മനശാന്തിക്കുള്ള ഔഷധമാണ് നല്‍കുന്നതെന്ന് ഭര്‍ത്താവ് വിരേന്ദ്രയും പറഞ്ഞുവെന്നും ഭര്‍ത്താവും ഇത്തരത്തില്‍ മരുന്ന് ഉപയോഗിച്ചിരുന്നതായും നിധി പറയുന്നു. സി.ആര്‍.പി.സി 164 പ്രകാരമാണ് നിധിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
സനാതന്‍ സന്‍സ്തയുടെ ഗോവ-പന്‍വേല്‍ ആശ്രമങ്ങളിലെ വിവരങ്ങളാണ് ശ്രാദ്ധ നല്‍കിയ മൊഴിയിലുള്ളത്. ഇവിടെയും വൈകീട്ട് 8 മണിക്കാണ് മരുന്നുകള്‍ നല്‍കുന്നത്. ആശ്രമത്തില്‍ സംഘടനയുടെ സ്ഥാപകന്‍ ജയന്ത് അത്താവാലെയുടെ സാമഗ്രികള്‍ സൂക്ഷിച്ചിരുന്നതായും ശ്രാദ്ധയുടെ മൊഴിയില്‍ പറയുന്നു.
മാനസിക രോഗികളായവരുടെ തലച്ചോറിലെ രാസപ്രവര്‍ത്തനം നിയന്ത്രിച്ച് നിര്‍ത്തുന്ന മരുന്നുകള്‍ നല്‍കുക വഴി പ്രവര്‍ത്തകരെ എളുപ്പം വിധേയരാക്കാമെന്നതാണ് തീവ്രവാദ സംഘടനകളെ ഇത്തരം മരുന്നുകള്‍ പ്രയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് മനശാസ്ത്ര വിദഗ്ദധര്‍ കരുതുന്നത്.
ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയ്‌ക്കെതിരെ കൊലപാതക കേസുകള്‍ക്ക് പുറമെ സ്‌ഫോടനക്കേസുകളും നിലനില്‍ക്കുന്നുണ്ട്.