| Thursday, 26th July 2018, 9:56 am

വീണ്ടും കുടിയൊഴിപ്പിച്ചു ചതിക്കരുത്: പാനൂരിന് സര്‍ക്കാരിനോടു പറയാനുള്ളത്

ശ്രീഷ്മ കെ

ദേശീയ ജലപാത മൂന്നിന്റെ വിപുലീകരണത്തിനെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ ശക്തമാകുകയാണ്. നദികളെ കൂട്ടിയിണക്കി ജലപാത നിര്‍മിക്കുന്ന പദ്ധതിയുടെ ഭാഗമായി ഏറ്റവും നീളത്തില്‍ കൃത്രിമ കനാല്‍ ഉണ്ടാക്കേണ്ടി വരിക കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമൃദ്ധമായ തങ്ങളുടെ ശുദ്ധ ജലസ്രോതസ്സുകളില്‍ ഉപ്പു വെള്ളം കലര്‍ത്തുകയും വീടുകള്‍ കയ്യേറുകയും ചെയ്യുന്ന പദ്ധതിക്കെതിരെ ആയിരക്കണക്കിന് ജനങ്ങള്‍ അണിനിരക്കുന്ന വലിയ സമരപരിപാടികളുമായി മുന്നോട്ടു പോകുകയാണ് ഇവിടത്തുകാര്‍.

കൊല്ലം കോട്ടപ്പുറം ദേശീയ ജലപാത മൂന്നിനെ ദീര്‍ഘിപ്പിച്ചു കൊണ്ട് കോവളം മുതല്‍ ബേക്കല്‍ വരെയാക്കാനുള്ള നീക്കത്തിലാണ് പെരിങ്ങത്തൂരില്‍ അവസാനിച്ചിരുന്ന പാത കണ്ണൂര്‍ വഴിയും നീട്ടാന്‍ സര്‍ക്കാര്‍ ഉദ്യമിക്കുന്നത്. കേരളത്തിലൊട്ടാകെ പതിനായിരത്തോളം അഭയാര്‍ത്ഥികളെ സൃഷ്ടിക്കുമെന്നല്ലാതെ ഇത്തരമൊരു പാത വരുന്നതു കൊണ്ട് യാതൊരു ഉപയോഗവുമില്ലെന്നാണ് ദേശീയ ജലപാത 3 പരിസ്ഥിതി സംരക്ഷണ സമിതി കണ്‍വീനറായ മനീഷ് അഭിപ്രായപ്പെടുന്നത്.

പാരിസ്ഥിതിക-സാമൂഹികാഘാത സാമ്പത്തിക ഭദ്രതാ പഠനങ്ങള്‍ നടത്താതെയാണ് പാതയ്ക്ക് അനുമതി നല്‍കിയിട്ടുള്ളതെന്ന് വിവരാവകാശ നിയമ പ്രകാരം കേരള ഷിപ്പിംഗ് ഇന്‍ലാന്‍ഡ് ആന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും അറിഞ്ഞിട്ടുണ്ടെന്നും മനീഷ് പറയുന്നു. കണ്ണൂര്‍-കാസര്‍കോട് ഭാഗത്തെ കുന്നുകള്‍ ഇടിച്ചു നിരത്തിയും സമുദ്രനിരപ്പില്‍ നിന്നും 2.4 മീറ്റര്‍ താഴ്ചയില്‍ ചാലെടുക്കുന്നതിനാല്‍ ജലസ്രോതസ്സുകളില്‍ ഉപ്പുരസം കലരാനിടവരുത്തിയും നടത്തുന്ന പദ്ധതി സംസ്ഥാനത്ത് അനാവശ്യമാണെന്നാണ് സമിതിയുടെ പക്ഷം.

എന്നാല്‍, പാനൂരിലെ സാഹചര്യം വ്യത്യസ്തവും ബുദ്ധിമുട്ടേറിയതുമാക്കുന്ന നിരവധി ഘടകങ്ങളാണുള്ളത്. കൃത്രിമമായി ജലപാത സൃഷ്ടിക്കുന്നത് നൂറോളം കുടുംബങ്ങളെ നേരിട്ടും, അതിലുമെത്രയോ കുടുംബങ്ങളെ അല്ലാതെയും ബാധിക്കുമെന്ന് പ്രദേശത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംയുക്ത സമര സമിതി പറയുന്നു. തങ്ങളെ കുടിയൊഴിപ്പിക്കാന്‍ പോകുന്ന പദ്ധതിയെ ഏതു വിധേനയും എതിര്‍ക്കുമെന്ന ദൃഢനിശ്ചയത്തിലാണ് പ്രദേശവാസികള്‍.

നാല്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മൊറാര്‍ജി ദേശായി ആഘോഷമായി ഉദ്ഘാടനം ചെയ്ത പഴശ്ശി പദ്ധതിയാണ് പാനൂര്‍ നിവാസികള്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ജലസേചനത്തിനായി തൂണുകള്‍ നാട്ടിയുറപ്പിച്ച കനാലിന്റെ പ്രവൃത്തികള്‍ക്കായി നടത്തിയ സ്ഥമേറ്റെടുപ്പില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ അനവധിയാണ്. എങ്കിലും, ഇന്നേവരെ കനാല്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ല. പഴശ്ശി പദ്ധതി പ്രാവര്‍ത്തികമല്ലെന്നു കണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതിനു ശേഷം സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇത്തരമൊരുദാഹരണം കണ്‍മുന്നിലുള്ളപ്പോള്‍ തങ്ങള്‍ എങ്ങിനെയാണ് സര്‍ക്കാരിനെ വിശ്വസിച്ച് വീടു വിട്ടിറങ്ങുക എന്ന് പ്രദേശവാസികള്‍ ചോദിക്കുന്നു.

ടൂറിസവും ചരക്കു നീക്കവും നേട്ടങ്ങളായി അവതരിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ജലപാതയെ ന്യായീകരിക്കുന്നത്. എന്നാല്‍ താരതമ്യേന ചെലവു കുറഞ്ഞ ജലഗതാഗതം വഴി ടൂറിസം മേഖലയ്ക്ക് ലഭിക്കാന്‍ പോകുന്ന സാമ്പത്തിക ലാഭം എത്രത്തോളമായിരിക്കുമെന്ന വിഷയത്തില്‍ സംശയമുണ്ടെന്ന് സംയുക്ത സമര സമിതി പ്രവര്‍ത്തകന്‍ ബിജു പറയുന്നു. ജലനിരപ്പിലും താഴ്ന്ന് കൃത്രിമമായി നിര്‍മിച്ച കനാലിന്റെ ഭിത്തികള്‍ മാത്രം കണ്ടുകൊണ്ടുള്ള യാത്ര സഞ്ചാരികളെ ആകര്‍ഷിക്കില്ലെന്നാണ് വിലയിരുത്തല്‍.

ചരക്കു നീക്കത്തെ അനായാസമാക്കുമെന്ന വാദവും പ്രവര്‍ത്തകര്‍ ഇതേ യുക്തി ഉപയോഗിച്ചു ഖണ്ഡിക്കുന്നുണ്ട്. നിലവില്‍ അതിവേഗം നടക്കുന്ന ചരക്കുനീക്കം ജലമാര്‍ഗ്ഗേനയായാല്‍ അഞ്ചു ദിവസത്തോളമാണ് വൈകുകയെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യക്ഷത്തില്‍ ഇത്രയേറെ ബാധ്യതകള്‍ വരുത്തിവയ്ക്കാന്‍ സാധ്യതയുള്ള പദ്ധതിയും പഴശ്ശി പദ്ധതിയെപ്പോലെ കാലക്രമേണ ഉപേക്ഷിക്കാനാണ് സാധ്യതയെന്നും അതിനു ബലിയാടാകാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും ഉറപ്പിച്ചു പറയുകയാണ് പ്രദേശവാസികള്‍.

168 വര്‍ഷത്തിലധികം പഴക്കമുള്ള ഏലംകുളം എല്‍ പി സ്‌കൂളും നിരവധി വീടുകളും പദ്ധതി പ്രദേശത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. ഇവയൊന്നും നഷ്ടപ്പെടുത്താന്‍ പാനൂരുകാര്‍ തയ്യാറല്ല. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അണിചേര്‍ന്നുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നതെങ്കിലും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മിലുള്ള ചേരിതിരിവുകള്‍ സമരത്തെയും രാഷ്ട്രീയവല്‍ക്കരിച്ചേക്കുമെന്നും ഇവിടത്തുകാര്‍ ആശങ്കപ്പെടുന്നു. പല റൂട്ടുകളും പരിഗണനയ്ക്കു വച്ച ശേഷം ഇത് അഞ്ചാമത്തെ തവണയാണ് ഇപ്പോഴത്തെ പാതയെ അംഗീകരിച്ചിരിക്കുന്നതെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നെന്നും ജലപാത പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.

പദ്ധതിയെക്കുറിച്ചുള്ള ഇത്തരം ന്യായമായ സംശയങ്ങള്‍ ദൂരീകരിച്ച് ജനങ്ങളുടെ പരിഭ്രാന്തി തീര്‍പ്പാക്കാനും അധികൃതര്‍ ശ്രമിക്കുന്നില്ല. ബാധിക്കപ്പെടുന്നവരോട് സംസാരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുകയും പദ്ധതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അവര്‍ക്കു നല്‍കുകയും ചെയ്യാന്‍ സര്‍ക്കാര്‍ ഇനിയും മടിക്കരുതെന്നാണ് പാനൂരുകാര്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യം.

ശ്രീഷ്മ കെ