കണ്ണൂര്‍: പാനൂരില്‍ കൊല്ലപ്പെട്ട മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വിലാപയാത്രയ്ക്കിടെ വ്യാപക അക്രമം.പാനൂരില്‍ സി.പി.ഐ.എം ഓഫീസുകള്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ചു.
പെരിങ്ങന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് ഓഫീസുകളുമാണ് തീവെച്ചു നശിപ്പിച്ചത്.
ഇന്നലെ രാത്രി 8.30 ഓടു കൂടിയാണ് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് ലീഗ് ആരോപിച്ചിരുന്നു.
ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ മേഖലയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു.
കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. ആക്രമണം നടന്ന ഉടനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.30ഓടെ മന്‍സൂര്‍ മരിക്കുകയായിരുന്നു.
അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ മുഹ്സിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുഹ്സിനെയും സഹോദരനെയും വീട്ടിലേക്ക് മടങ്ങുന്ന വഴി ഒരു സംഘമെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ കൂടിയായ മുഹ്സിന്‍ പറഞ്ഞിരുന്നു.
കണ്ണൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് പ്രാഥമിക സൂചനയെന്ന് പൊലീസും പറഞ്ഞിരുന്നു. പത്തില്‍ കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രതികളെന്ന് സംശയിക്കുന്ന പത്തില്‍ കൂടുതല്‍ ആള്‍ക്കാരുണ്ട്, ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. രാഷ്ട്രീയ കൊലപാതകമാണെന്ന് തന്നെയാണ് തോന്നുന്നത്. കേസ് നടന്നുകൊണ്ടിരിക്കുകയായതുകൊണ്ട് അന്തിമമായ ഒരു തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.
ഒരാളെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. പതിനൊന്ന് പേരെയാണ് നിലവില്‍ പ്രതികളെന്ന് സംശയിക്കുന്നത്. അതില്‍ കൂടുതല്‍ പേരുണ്ടാകാനും സാധ്യതയുണ്ട്. ഗൂഢാലോചന ഉണ്ടോ എന്ന കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിച്ച് വരികയാണ്,’ ആര്‍ ഇളങ്കോ പറഞ്ഞു.
കേസിന്റ അന്വേഷണത്തിന് സ്പെഷ്യല്‍ ടീം ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Panoor Mansoor Murder CPIM Office Burn Muslim League