| Saturday, 16th November 2013, 6:13 pm

ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ജനവികാരം മാനിച്ച് : പന്ന്യന്‍ രവീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാനമൊട്ടാകെയുള്ള ജനവികാരം കണക്കിലെടുത്താണ് തിങ്കളാഴ്ച
എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് കാണിച്ച് കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനം ജനാധിപത്യ വിരുദ്ധമാണ്. റിപ്പോര്‍ട്ട നടപ്പിലാക്കാന്‍ നാല് മാസം സാവകാശമുണ്ടെന്ന  സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണ്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗമാണ് തീരുമാനിച്ചത്. യോഗത്തില്‍ ഹര്‍ത്താലിനെ അനുകൂലിക്കുന്നില്ലെന്ന നിലപാടാണ് പന്ന്യന്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ പിണറായിയടക്കമുള്ള മറ്റ് നേതാക്കള്‍ റിപ്പോര്‍ട്ടിനെതിരെയുള്ള സംസ്ഥാനത്തെ ജനവികാരം കണക്കിലെടുത്ത് ഹര്‍ത്താല്‍ നടത്തണമെന്ന അഭിപ്രായത്തിലൂന്നി നിന്നു. ഇത് പിന്നീട് യോഗം അംഗീകരിക്കുകയായിരുന്നു.

രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍ . പാല്‍, പത്രം, ശബരിമല തീര്‍ത്ഥാടനം എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയുട്ടുണ്ട്.

We use cookies to give you the best possible experience. Learn more