കണ്ണൂര്‍: പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി പ്രകോപിപ്പിക്കരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സി.പി.ഐ സെക്രട്ടറി പന്ന്യന്റെ മുന്നറിയിപ്പ്.[]
സി.പി.ഐയ്‌ക്കെതിരെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ.എമ്മുമായി നിലവിലുള്ള ബന്ധം ഉപേക്ഷിക്കുന്ന നിലയിലേക്ക് സി.പി.ഐ. കടക്കരുതെന്ന് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ശരിയായ നിലപാടെടുത്തുകൊണ്ട് സി.പി.ഐ. മുന്നോട്ട് പോകണമെന്നും ഇക്കാര്യത്തില്‍ ദുരഭിമാനം വെടിയണമെന്നും പിണറായി പറഞ്ഞിരുന്നു. ഒഞ്ചിയം രക്തസാക്ഷിത്വദിനാചരണപരിപാടി സി.പി.ഐ വേറിട്ട് നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പിണറായിയുടെ പരാമര്‍ശം.[]
പ്രാദേശികമായ വിഷയങ്ങള്‍ സി.പി.ഐ.എം കുത്തിപ്പൊക്കരുതെന്നും പിണറായി വിജയന് സി.പി.ഐയ്‌ക്കെതിരായി നടത്തി പരാമര്‍ശങ്ങള്‍ ദൗര്‍ബാഗ്യകരമാണെന്നും പന്ന്യന്‍ പറഞ്ഞു.
ഒന്നിച്ച് നില്‍ക്കേണ്ട പ്രസ്ഥാനങ്ങളാണ് സി.പി.ഐ.എമ്മും സി.പി.ഐയും എന്നും പഴയകാലത്തെ രക്തസാക്ഷികളെ അനുസ്മരിക്കുന്ന പരിപാടി രണ്ട് പാര്‍ട്ടികളും നടത്താറുണ്ട്. എന്നാല്‍ എന്തേ ഇത്തവണ സി.പി.ഐ.എമ്മിനൊപ്പം സി.പി.ഐ. ഒഞ്ചിയം രക്തസാക്ഷിദിനം ആചരിച്ചില്ലെന്നും പിണറായി ചോദിച്ചിരുന്നു.
ഇടതുപക്ഷം ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്. എന്നാല്‍ ചില ഇടതുപക്ഷ സുഹൃത്തുക്കള്‍ക്ക് ഇത് മനസ്സിലാകുന്നില്ല. പുര കത്തുമ്പോള്‍ ഇതില്‍ നിന്നും ബീഡി കത്തിക്കാനാണ് ഇവരുടെ ശ്രമമെന്നും പിണറായി പറഞ്ഞു.