[] തിരുവനന്തപുരം: തലസ്ഥാനത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ക്രമക്കേട് കണ്ടെത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സി.പി.ഐയില്‍ കടുത്ത അച്ചടക്ക നടപടി.
റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനഘടകം വെഞ്ഞാറമ്മൂട് ശശിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റാന്‍ തീരുമാനിച്ചു. സെക്രട്ടറിയേറ്റ് തീരുമാനം എക്‌സിക്യുട്ടീവ് ചര്‍ച്ച ചെയ്യും. ശശിക്കെതിരെ മറ്റു സംഘടനാ നടപടികളും എക്‌സിക്യുട്ടിവ് ആലോചിക്കും.
ദേശീയ നിര്‍വാഹക സമിതി അംഗമായ സി.ദിവാകരനെതിരെ നടപടിക്ക് ദേശീയ കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്യാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അന്വേഷണ കമ്മീഷന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പി രാമചന്ദ്രന്‍ നായര്‍ക്കെതിരെയും നടപടിയുണ്ടായേക്കും.
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു.
ധൃതിപിടിച്ചാണ് സ്ഥാനര്‍ഥി നിര്‍ണയം നടത്തിയതെന്നും ഏതാനം നേതാക്കളുടെ അഭിപ്രായം മാത്രമാണ് പരിഗണിച്ചതെന്നും റിപ്പോര്‍ട്ട് കുറ്റുപ്പെടുത്തിയിരുന്നു. സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചത് തിരുവനന്തപുരത്ത് തിരിച്ചടിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന ബെന്നറ്റ് എബ്രഹാം ഒരു കോടി രൂപ പാര്‍ട്ടിക്ക് കോഴ നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇത് സി.പി.ഐ സംസ്ഥാന ഘടകത്തില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ലോകസഭാ തെരഞ്ഞെടുപ്പില്‍ പി.കെ. കൃഷ്ണന്‍, പി. തിലോത്തമന്‍, ടി. പ്രസാദ് എന്നിവരടങ്ങിയ കമീഷനാണ് ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വ വിഷയം അടക്കമുള്ള ആക്ഷേപങ്ങള്‍ അന്വേഷിച്ചത്.