| Monday, 8th January 2018, 9:15 am

'താങ്കളുടേത് മാന്യന്മാരെ ജനമധ്യത്തില്‍ അപമാനിക്കുന്ന തെരുവു ഗുണ്ടകളുടെ സംസ്‌കാരം'; ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.കെ.ജിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ജനമധ്യത്തില്‍ മാന്യന്മാരെ അവഹേളിക്കുന്ന തെരുവു ഗുണ്ടകളുടെ സംസ്‌കാരമാണ് ബല്‍റാമിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

“താങ്കള്‍ പ്രകടിപ്പിച്ചത് മാന്യന്മാരെ ജനമധ്യത്തില്‍ വെച്ച് അപമാനിക്കുന്ന തെരുവു ഗുണ്ടകളുടെ സംസ്‌കാരമാണ്. കോണ്‍ഗ്രസ് ഖദര്‍കുപ്പായം അഴിച്ചു മാറ്റി പുതിയ തൊഴിലിന്റെ വേഷം സ്വീകരിക്കുന്നതാണ് ഉചിതം” എന്നും പന്ന്യന്‍ പറഞ്ഞു.

എ.കെ.ജിയുടെ ത്യാഗം ന്യൂ ജെന്‍ നേതാക്കള്‍ക്ക് അറിയില്ലായിരിക്കാമെന്നും എന്നാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ ആദരവോടെയാണ് കണ്ടിരുന്നതെന്നും പന്ന്യന്‍ പറഞ്ഞു. “എ കെ ജി യുടെ സേവനവും ത്യാഗവും പോരാട്ട വീര്യവും ന്യൂ ജെന്‍ നേതാക്കന്മാര്‍ക്ക് അറിയില്ലായിരിക്കാം. മണ്‍മറഞ്ഞ മഹാന്മാരെ ആദരിക്കാനുള്ള മാന്യതയും ഇല്ലായിരിക്കാം. എകെജിയെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു ഉള്‍പ്പെടെയുള്ള ദേശീയ കോണ്‍ഗ്രസ് നേതാക്കള്‍ ആദരവോടെയാണ് കണ്ടിരുന്നത്.” അദ്ദേഹം പറഞ്ഞു.

മണ്‍മറഞ്ഞവരെ കുറിച്ച് അപവാദം കെട്ടിച്ചമച്ച് പറയുന്നത് നീചന്മാര്‍പോലും സ്വീകരക്കാത്ത അധമസംസ്‌കാരമാണെന്നും അതാണ് ബല്‍റാം കാട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാല പീഡകനാണെന്ന തരത്തില്‍ എ.കെ.ജിയെ അധിക്ഷേപിക്കുന്ന രീതിയില്‍ കഴിഞ്ഞ ദിവസമാണ് ബല്‍റാം ഫേസ്ബുക്കില്‍ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more