[] തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ നികുതി വര്‍ധന പിന്‍വലിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി ധനമന്ത്രി കെ.എം മാണിയാണെന്നും പന്ന്യന്‍ പറഞ്ഞു.
സംസ്ഥാനം കടക്കെണിയിലാണ്. നികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നും ഇടതുമുന്നണി ഭരണത്തിലേറിയാല്‍ വെള്ളക്കര വര്‍ധനയും നികുതി വര്‍ധനയും പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ കാവി പുതപ്പിക്കാന്‍ കേന്ദ്രത്തിലും പച്ച പുതപ്പിക്കാന്‍ കേരളത്തിലും ശ്രമം നടക്കുകയാണെന്നും പന്ന്യന്‍ ആരോപിച്ചു. സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി വെള്ളക്കരവും ഭൂനികുതിയും മദ്യത്തിന്റെയും പുകയില ഉത്പന്നങ്ങളുടെയും നികുതിയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
അദിക നികുതി പിരിക്കാന്‍ വന്നാല്‍ തടയാന്‍ ജനങ്ങള്‍ക്കറിയാമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. സര്‍ക്കാരിന്റെ അന്യായമായ നികുതി വര്‍ധനക്കെതിരെ കെ.പി.സി.സിയും നേതൃത്വവും രംഗത്ത് വന്നിരുന്നു.