കാസര്‍കോട്: ഇടതുമുന്നണിയിലേക്ക് ആരെയും പുതുതായി എടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും സി.പി.ഐ എല്‍.ഡി.എഫ് വിടുമെന്നു പറഞ്ഞു കോണ്‍ഗ്രസ് മനപായസം ഉണ്ണേണ്ടെന്നും സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ഇടതുമുന്നണിയെ പൊളിക്കാനല്ല ശക്തിപ്പെടുത്താനാണു ചര്‍ച്ചകള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്‌ളീല ചിത്രങ്ങള്‍ പങ്കുവെച്ച് ബി.ജെ.പി എം.എല്‍.എ
ഇടതുമുന്നണിയില്‍ ഏതെങ്കിലും കക്ഷികളെ എടുക്കണമെങ്കില്‍ എല്ലാപാര്‍ട്ടികളും ചേര്‍ന്നാണു തീരുമാനമെടുക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു പാര്‍ട്ടി മാത്രമല്ല അക്കാര്യം തീരുമാനിക്കേണ്ടത്. ഇതിലേക്ക് ആളെക്കൂട്ടാന്‍ ഒരു ദല്ലാളെയും മുന്നണി നിശ്ചയിച്ചിട്ടില്ല. നിശ്ചയിച്ചവര്‍ തന്നെ അവര്‍ക്കുള്ള കമ്മിഷനും നല്‍കട്ടെയെന്നും പന്ന്യന്‍ പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് (എം) നെ പിന്തുണച്ച സി.പി.ഐ.എം നടപടി വെറും പ്രാദേശിക നീക്കുപോക്കു മാത്രമാണെന്നും പന്ന്യന്‍ പറഞ്ഞു.
എല്ലാവരും ബഹുമാനത്തോടെ കാണുന്ന കുരിശ് കൊണ്ടുപോയി മൂന്നാറില്‍ കയ്യേറ്റത്തിന്റെ വിത്തിടാനാണു ചിലര്‍ ശ്രമിക്കുന്നത്. കയ്യേറ്റഭൂമിയില്‍ കുരിശ് സ്ഥാപിച്ചതിനെ ഒരു വിശ്വാസിയും അംഗീകരിച്ചിട്ടില്ലെന്നും ഇതിനെ ന്യായീകരിക്കാന്‍ ആളുണ്ടാവുന്നതു ദൗര്‍ഭാഗ്യകരമാണെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി.