| Tuesday, 19th November 2013, 1:23 am

എല്‍.ഡി.എഫ് യോഗത്തിലെ ചര്‍ച്ചകള്‍ ചോരുന്നതില്‍ പന്ന്യന് പരിഭവം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: എല്‍.ഡി.എഫ് യോഗത്തിലെ ചര്‍ച്ചകള്‍ ചോര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പരിഭവം പ്രകടിപ്പിച്ചു. ഇത്തരത്തില്‍ ഇടതു മുന്നണി യോഗത്തില്‍ പറയുന്ന കാര്യങ്ങള്‍ വാര്‍ത്തയായി പുറത്തു വരുന്നത് ശരിയല്ലെന്ന് പന്ന്യന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകീട്ട് നടന്ന എല്‍.ഡി.എഫ് യോഗത്തിലായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തില്‍ തനിക്കുള്ള അതൃപ്തി തുറന്ന് പറഞ്ഞത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്താല്‍ കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് യോഗമാണ് തീരുമാനിച്ചത്.

എന്നാല്‍ ഈ യോഗത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതിനോടുള്ള വിയോജിപ്പ് സി.പി.ഐ പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ ഹര്‍ത്താല്‍ നടത്തിയാല്‍ ജനവികാരം എതിരാകുമെന്ന് പന്ന്യന്‍ യോഗത്തില്‍ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍ പിണറായിയടക്കമുള്ള മറ്റ് നേതാക്കള്‍ റിപ്പോര്‍ട്ടിനെതിരെയുള്ള സംസ്ഥാനത്തെ ജനവികാരം കണക്കിലെടുത്ത് ഹര്‍ത്താല്‍ നടത്തണമെന്ന അഭിപ്രായത്തിലൂന്നി നിന്നു. ഇത് പിന്നീട് യോഗം അംഗീകരിക്കുകയായിരുന്നു.

ഇക്കാര്യം സൂചിപ്പിച്ചാണ് തിങ്കളാഴ്ച വീണ്ടും ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലെ പന്ന്യന്റെ പരിഭവം പറച്ചില്‍. ഇങ്ങിനെ മുന്നണി യോഗത്തില്‍ പറയുന്ന കാര്യങ്ങള്‍ പുറത്തുപോകുന്നത് ശരിയല്ലെന്ന് പന്ന്യന്‍ പറഞ്ഞപ്പോള്‍ എതിര്‍ത്തവര്‍ തന്നെയാവും വാര്‍്ത്ത പുറത്തു വിട്ടതുമെന്ന് എ.എ അസീസ് തിരിച്ചടിച്ചു.

We use cookies to give you the best possible experience. Learn more