മുഖ്യമന്ത്രിയുടെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയത് ഐ.ജി: പന്ന്യന്‍
Kerala
മുഖ്യമന്ത്രിയുടെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയത് ഐ.ജി: പന്ന്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th July 2013, 12:20 am

[]തൃശൂര്‍: മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഊരിക്കൊണ്ടുപോയത് ഐ.ജിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. []

കേസ് അട്ടിമറിക്കാനായി ഉമ്മന്‍ ചാണ്ടിയുടെ ഒത്താശയോടെ ഏതറ്റം വരെയും പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാണെന്നും പന്ന്യന്‍ പറഞ്ഞു.

ജനങ്ങളോടു കൂറും സത്യസന്ധതയും പുലര്‍ത്തുമെന്നു സത്യപ്രതിജ്ഞ ചെയ്ത മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി അതുലംഘിച്ചിരിക്കുകയാണ്.
ഓരോ നിമിഷവും മുഖ്യമന്ത്രി വാക്കു മാറ്റി പറയുകയാണ്. അദ്ദേഹത്തിന് ആരേയും വിശ്വാസമില്ലാത്ത അവസ്ഥയാണ്.

സംസ്ഥാനത്തിന്റെ 56 വര്‍ഷ ത്തെ ഭരണചരിത്രത്തില്‍ ഇതു പോലെ വെറുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്നത് ഉറപ്പാണ്.

ഭരണാധികാരികളെ കുറ്റം പറയുന്നവരെ ശത്രുക്കളായാണ് സര്‍ക്കാര്‍ കാണുന്നത്. അവര്‍ക്കെതിരെ കേസെടുത്ത് അടിച്ചമര്‍ത്താനാണ് ശ്രമിക്കു ന്നത്.

കോടതിയുടെ പരാമര്‍ശം വന്നാല്‍ രാജിക്കാര്യം നോക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി കോടതി ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ കോടതി ഒന്നും പറഞ്ഞില്ലെന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നെന്നും പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ശാലു മേനോനെ പോലീസിന് അറസ്റ്റുചെയ്യേണ്ടി വന്നത് കോടതി ഇടപെടലിനെ തുടര്‍ന്ന് മാത്രമാണ്. ശാലുവിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ഭരണത്തിലുള്ളവര്‍ പരമാവധി ശ്രമിച്ചു. ഒടുവില്‍ വിലപ്പോവില്ലെന്ന് അവസ്ഥയിലാണ് പിന്‍വാങ്ങേണ്ടി വന്നത്.

ഇത്രയേറെ തെളിവുകള്‍ മുഖ്യമന്ത്രിക്കെതിരെ വന്ന സാഹചര്യത്തില്‍ നാണമുണ്ടെങ്കില്‍ രാജി വെച്ച് പോകണം. ഇല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ജയിലിലേക്ക് പോകേണ്ടി വരുമെന്നും പന്ന്യന്‍ പറഞ്ഞു.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ തെക്കേ ഗോപുരനടയില്‍ നടക്കുന്ന എല്‍.ഡി.എഫ് രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.