| Saturday, 11th February 2017, 8:54 am

ചിലര്‍ക്ക് അവര്‍ ചെയ്താല്‍ മാത്രമേ എല്ലാം ശരിയാവുകയുള്ളൂ : സി.പി.ഐ.എമ്മിനേയും എസ്.എഫ്.ഐയേയും വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: സി.പി.ഐ.എമ്മിനെതിരേയും എസ്.എഫ്.ഐയ്‌ക്കെതിരേയും രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. ചിലര്‍ക്ക് അവര്‍ ചെയ്താല്‍ മാത്രമേ എല്ലാം ശരിയാവുകയുള്ളൂ. അലിഞ്ഞു പോകുന്ന രാഷ്ട്രീയമല്ല, അനുഭവ സമ്പത്തുള്ള രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതെന്നായിരുന്നു പന്ന്യന്റെ പ്രസ്താവന. കൊല്ലത്ത് എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോ അക്കാദമി വിഷയത്തില്‍ ചിലരുടെ സംശയ രോഗം ഇനിയും തീര്‍ന്നിട്ടില്ലെന്നും വിദ്യാര്‍ത്ഥി സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചെന്നാണ് ചിലര്‍ ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പേരെടുത്ത് പറയാതെ പരോക്ഷമായായിരുന്നു പന്ന്യന്‍ എസ്.എഫ്,ഐയേയും സി.പി.ഐയേയും വിമര്‍ശിച്ചത്.

കുറേക്കുടി വിശാലമായി ചിന്തിക്കണം. വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയക്ക് വിളിച്ചപ്പോള്‍ ഒരു സംഘടന പറഞ്ഞു ഞങ്ങള്‍ സമരം നിര്‍ത്തിയെന്ന്. പിന്നീട് വിളിച്ച ചര്‍ച്ചയില്‍ ഒപ്പിടാന്‍ പിന്നെയെന്തിന് വന്നു? അദ്ദേഹം ചോദിക്കുന്നു. തങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് തങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെന്നും പന്ന്യന്‍ പറഞ്ഞു.


Also Read:യൂണിവേഴ്‌സിറ്റി കോളേജിനെ നന്നാക്കാന്‍ പെണ്‍കുട്ടികള്‍ ഉണരണമെന്ന് അരുന്ധതി


ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യത്തില്‍ ഒരു കുട്ടിയും പീഡിപ്പിക്കപ്പെടാന്‍ പാടില്ല. കുട്ടികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കാന്‍ പാടില്ല എന്നതാണ് നിലപാടെന്ന് പന്ന്യന്‍ വ്യക്തമാക്കി. നെഹ്‌റു കോളേജ് നിയന്ത്രിക്കുന്നത് ഗുണ്ടകളാണെങ്കില്‍ ലോ അക്കാദമി നിയന്ത്രിക്കുന്നത് ഭീകരനല്ല ഭീകരിയാണെന്നും പന്ന്യന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more