തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. മലപ്പുറത്ത് തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയുടെ പശ്ചാത്തലത്തിലാണ് പന്ന്യന്റെ പ്രതികരണം.
“മലപ്പുറം ജില്ലയിലെ 10 വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പീഡനക്കാരന്‍ നല്‍കിയ പാരിതോഷികത്തിന്റെ ബലത്തില്‍ തേയ്ച്ച് മായ്ച്ച് കളയാന്‍ ശ്രമിച്ച പൊലീസ്, കുറ്റവാളികളെ കുടുക്കുവാന്‍ തെളിവുകള്‍ നല്‍കി മാതൃക കാട്ടിയ തിയറ്റര്‍ ഉടമക്കെതിരായി കള്ളേക്കേസ്സെടുത്തുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. പൊലീസില്‍ ജോലി കിട്ടിയാല്‍ എന്തും ചെയ്യാനുള്ള അധികാരം ഉണ്ട് എന്ന ധാരണയാണോ? ഇത് വെള്ളരിക്കാപട്ടണമാണോ ? കേരള ഗവണ്‍മെന്റിന്റെ മേല്‍ കരി വാരിതേക്കുവാനുള്ള ശ്രമമാണോ,?”
ALSO READ: സൗദി ഭീഷണിയെ ഉപരോധത്തെ ചെറുത്ത പോലെ നേരിടുമെന്ന് ഖത്തര്‍
ഇത്തരക്കാരെ സര്‍വീസില്‍ നിന്നും പുറത്താക്കി പൊലീസ് സേനയെ ശുദ്ധീകരിക്കണമെന്നും ഇതിന് വേണ്ടി ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഇത്തരമൊരു അറസ്റ്റ് പാടില്ലാത്തതായിരുന്നു. പ്രതികാര നടപടിയാണോയെന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.