മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിസിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാനാവാത്തതില്‍ പ്രതികരിച്ച് പങ്കജ മുണ്ടെ. സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്നും പുറത്തായതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു പങ്കജ മുണ്ടെയുടെ പ്രതികരണം. തനിക്ക് സങ്കടമൊന്നുമില്ലെന്നും പിന്തുണയ്ക്കുന്നവരുടെ ആത്മവീര്യം നഷ്ടപ്പെടരുതെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടി തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു മുണ്ടെയുടെ പ്രതികരണം.
പട്ടികയിലിടം നേടുമെന്ന് കരുതിയിരുന്ന പ്രമുഖ നേതാക്കളായ പങ്കജ മുണ്ടെയുടെയും ഏക്‌നാഥ് ഖഡ്സെയുടെയും പേരുകള്‍ വെള്ളിയാഴ്ച സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായിരുന്നില്ല.
സീറ്റ് നിഷേധിച്ചതില്‍ ഏക്‌നാഥ് ഖഡ്‌സെയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ ഏക്നാഥ് ഖഡ്സേയും ബി.ജെ.പി നേതൃത്വവുമായി പിണക്കത്തിലാണ്. എം.എല്‍.സി സ്ഥാനം നല്‍കി പിണക്കം പരിഹരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും പട്ടികയിലിടം നേടാന്‍ ഖഡ്സെയ്ക്ക് കഴിഞ്ഞില്ല.