പുന്നപ്ര: ഭീഷണിപ്പെടുത്തിയതിന് പാര്‍ട്ടിയില്‍ പരാതിപ്പെട്ട ബി.ജെ.പി വനിതാ പഞ്ചായത്തംഗത്തെ ബി.ജെ.പി നേതാവ് ജാതിപറഞ്ഞ് അധിക്ഷേപിച്ചതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് അംഗം ബിന്ദു ബിനുവിനെ ഇതേ വാര്‍ഡിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ആഞ്ഞിലപ്പറമ്പില്‍ സുനില്‍ കുമാര്‍ ജാതീയമായി അവഹേളിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പുന്നപ്ര എസ്.പിക്ക് പരാതി നല്‍കിയതായി ബിന്ദു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പരാതിയില്‍ എസ്.സി എസ്.ടി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പുന്നപ്ര പൊലീസ് അറിയിച്ചു. ജാതീയമായ പരാമര്‍ശം നടത്തുക, അവഹേളനപരമായ പോസ്റ്റര്‍ പതിക്കുക, ഫോണില്‍ വിളിച്ച് അസഭ്യം പറയുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങളില്‍ ഡി.വൈ.എസ്.പി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.
സുനില്‍കുമാറിനെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ പൊലീസ് പരാതിയെത്തുടര്‍ന്ന് പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ അടക്കം തന്നെ സമീപിച്ചതായും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പരാതി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും ബിന്ദു പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് നേതാക്കള്‍ പറഞ്ഞെങ്കിലും പരാതിയില്‍ ഉറച്ച് നിന്ന് മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് ബിന്ദു വ്യക്തമാക്കി.
Read Also: ഗംഗയില്‍ അതിമാരകമായ അളവില്‍ എഫ്.സി ബാക്ടീരിയ; കുളിക്കുന്നത് പോലും അപകടമെന്ന് റിപ്പോര്‍ട്ട്
വാര്‍ഡില്‍ നടക്കുന്ന ഒരു റോഡ് പണിയെ സംബന്ധിച്ചാണ് പ്രശ്‌നമുണ്ടായത്. സുനില്‍ കുമാറിന്റെ സുഹൃത്തുക്കളില്‍ ചിലര്‍ കഴിഞ്ഞ വ്യാഴാഴ്ച റോഡ് പണി തടഞ്ഞിരുന്നു. ഇത് ബിന്ദു ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ വിവരം നേരത്തെ അറിഞ്ഞു എന്ന് പറഞ്ഞ നേതാക്കാള്‍ നടപടിയൊന്നും എടുക്കാന്‍ തയ്യാറായില്ല എന്ന് ബിന്ദു ആരോപിച്ചു. പാര്‍ട്ടിയില്‍ പരാതിപ്പെട്ടതില്‍ പ്രകോപിതനായ സുനില്‍ ഫോണില്‍ വിളിച്ച് അശ്ലീലം പറയുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് ബിന്ദുവിന്റെ പരാതി. ഇയാള്‍ ഇതിന് മുന്‍പും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ബിന്ദു പറഞ്ഞു.
ബിന്ദുവിന്റെ ഭര്‍ത്താവ് വിദേശത്താണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനും മാത്രമാണ് വീട്ടില്‍.
സംഭവത്തെക്കുറിച്ച് ബിന്ദു പറയുന്നത്
ഇത് പെട്ടെന്നുണ്ടായ സംഭവമല്ല. ഇതിന് മുന്‍പും സുനില്‍ കുമാര്‍ എന്നോട് ഇങ്ങനെ പെരുമാറിയിട്ടും സംസാരിച്ചിട്ടുമുണ്ട്. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ അയാള്‍ എന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വം പറഞ്ഞതു കൊണ്ടും ഒരേ പാര്‍ട്ടിയിലുള്ളവര്‍ തന്നെ പരസ്പരം പ്രശ്‌നം വേണ്ടെന്നും കരുതിയാണ് പരാതിപ്പെടാതിരുന്നത്.
ആഗസ്റ്റില്‍ നടന്ന കേരളോത്സവത്തില്‍ സുനില്‍ കുമാറിന്റെ ഭാര്യ ഉള്‍പ്പെട്ട മത്സരത്തിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് എന്റെ ഇടപെടല്‍ കൊണ്ടാണെന്ന തെറ്റിദ്ധാരണയാണ് സുനിലിന്റെ വൈരാഗ്യത്തിന് കാരണം. അന്ന് വേദിക്ക് സമീപത്ത് വച്ച് തന്നെ എന്നെ അസഭ്യം പറയുകയും ജാതീയമായി അവഹേളിക്കുകയും ചെയ്തിരുന്നു. അത് പാര്‍ട്ടിയില്‍ അറിയിച്ചപ്പോള്‍ ഇടപെടുമെന്ന് പറഞ്ഞതിനാലാണ് പരാതിപ്പെടാതിരുന്നത്. പിന്നീട് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച അന്നദാനത്തില്‍ സഹായം ചെയ്തുവെന്ന് ആരോപിച്ച് കുറേ വ്യക്തിഹത്യകള്‍ എനിക്ക് നേരെ നടന്നു. വീട്ടിന് സമീപവും പഞ്ചായത്ത് ഓഫിസിന് സമീപത്തും പോസ്റ്റര്‍ ഒട്ടിച്ചിട്ട് വരെ എനിക്കെതിരെ അവഹേളനം നടത്തി. ഇതിനെതിരെ പാര്‍ട്ടിയുടെ ജില്ല സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഈ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം സുനിലിന്റെ സുഹൃത്തുക്കളില്‍ ചിലര്‍ റോഡ് തടഞ്ഞത്.
റോഡ് പണി ആരംഭിക്കുന്ന സമയത്ത് തന്നെ ജോലിക്കാരുടെ വാഹനങ്ങളും ഉപകരണങ്ങളും തടയുകയായിരുന്നു. സുനില്‍ കുമാറിന്റെ സുഹൃത്തുക്കളാണ് തടഞ്ഞതെങ്കിലും പ്രദേശത്തെ ചിലര്‍ എന്ന് മാത്രമാണ് പാര്‍ട്ടിയില്‍ പരാതിപ്പെട്ടത്. പിറ്റേന്നാണ് സുനില്‍ കുമാര്‍ ഭീഷണിയുമായി വിളിച്ചത്. പുറത്ത് പറയാന്‍ അറയ്ക്കുന്ന തരത്തിലുള്ള അശ്ലീലമാണ് അവന്‍ പറഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ജാതിയുടെ പേരില്‍ അവഹേളിച്ചു ജാതി പറഞ്ഞ് പരിഹസിച്ചു. എന്റെ വാര്‍ഡില്‍ എന്റെ ഒരു വികസന പ്രവര്‍ത്തനവും നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്നാണ് സുനിലിന്റെ നിലപാട്. ഇക്കാര്യങ്ങള്‍ മണ്ഡലത്തിലെ ബി.ജെ.പി നേതാവിനെ അറിയിച്ചപ്പോള്‍ “എനിക്ക് അയാളുടെ വായ് മൂടിക്കെട്ടിവയ്ക്കാന്‍ പറ്റില്ലല്ലോ” എന്നാണ് പ്രതികരിച്ചത്. ഇതോടെയാണ് പരാതിയുമായി മുന്നോട്ട് പോയത്.