2025 ഐ.പി.എല്‍ മെഗാ താരലേലം വലിയ കൗതുകങ്ങളോടെയാണ് അവസാനിച്ചത്. ലേലത്തിലെ അണ്‍സോള്‍ഡ് താരങ്ങളെയും സോള്‍ഡ് താരങ്ങളെയും കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ ചൂടുപിടിക്കുന്നത്.
ഐ.പി.എല്ലിലെ 10 ഫ്രാഞ്ചൈസികളില്‍ പ്രധാനപ്പെട്ട ഒന്നാണ് പഞ്ചാബ് കിങ്‌സ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമായിരുന്ന റിക്കി പോണ്ടിങ് കുറച്ചു നാളുകള്‍ക്കു മുമ്പാണ് പഞ്ചാബിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്.
അടുത്ത സീസണ് മുന്നോടിയായി നടന്ന മെഗാ താരലേലത്തില്‍ പഞ്ചാബിന്റെ ഓരോ നീക്കങ്ങളും ആരാധകര്‍ ചര്‍ച്ചാവിഷയമാക്കിയിരുന്നു. രണ്ട് കളിക്കാരെ മാത്രം നിലനിര്‍ത്തിയാണ് ടീം ലേലത്തിലിറങ്ങിയത്. മാത്രമല്ല അണ്‍ക്യാപ്പ്ഡ് പ്ലെയേഴ്‌സിനായി കൂടുതല്‍ തുക ചെലവഴിച്ച ടീമുകളിലും പഞ്ചാബ് ഇടംപിടിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കാനുള്ള പ്രധാന കാരണം പഞ്ചാബ് കിങ്സിന്റെ പുതിയ ഐ.പി.എല്‍ ടീമില്‍ ഇടം പിടിച്ച യുവ താരങ്ങളും ഓസ്‌ട്രേലിയന്‍ താരങ്ങളുമാണ്.
ഈ കഴിഞ്ഞ ദല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ പറത്തിയ 23 കാരനായ പ്രിയന്‍ഷ് ആര്യയെ 3.8 കോടി രൂപ ചെലവഴിച്ചാണ് പഞ്ചാബിലേക്ക് എത്തിച്ചത്. പ്രിയന്‍ഷിന് വേണ്ടിയുള്ള പഞ്ചാബിന്റെ ലേലം വിളി ആരാധകരെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
2022ലെ അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ നേടിയ ടീമില്‍ ഉള്‍പ്പെട്ടിരുന്ന ഹര്‍നൂര്‍ പന്നുവിനെയും മുഷീര്‍ ഖാനെയും ഇതോടൊപ്പം പഞ്ചാബ് സ്വന്തമാക്കി. സൂര്യാന്‍ഷ് ഷെഡ്‌ഗെ, പൈല അവിനാഷ്, പ്രവീണ്‍ ദുബെ എന്നിവരെയും ടീമിലേക്ക് കൊണ്ടുവന്നു. യുവ താരങ്ങളെ ടീമിലെടുത്തതിന് പിന്നിലെ ചാണക്യതന്ത്രം മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്ങിന്റേതാണ്.
‘ഞങ്ങള്‍ ഞങ്ങളുടെ ടീമിലേക്ക് മികച്ച ചില യുവ ഇന്ത്യന്‍ പ്രതിഭകളെ കൊണ്ടുവന്നിട്ടുണ്ട്, അത് വളരെ സന്തോഷം തരുന്നു. അതിനാല്‍, ഞങ്ങളുടെ ടീം അടുത്ത സീസണിലേക്കുള്ള മികച്ച ടീം ആക്കി മാറ്റാനും ഞങ്ങള്‍ പ്രയത്നിക്കും, ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ ലേലത്തില്‍ കളിക്കാരെ കൊണ്ടുവരാന്‍ കഴിഞ്ഞു’. പോണ്ടിങ് പറഞ്ഞു.
‘ഞങ്ങള്‍ക്ക് കുറച്ച് ഓസ്‌ട്രേലിയക്കാര്‍ ഉണ്ട്, അതുകൊണ്ട് എനിക്ക് ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അഞ്ച് ഓസീസ് താരങ്ങളെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ടീമിനാവശ്യമായ പൊസിഷനില്‍ കളിക്കാന്‍ കഴിവുള്ളവരെയാണ് ടീമും, മാനേജ്മെന്റും ചേര്‍ന്ന് തെരഞ്ഞെടുത്തത്,’ പോണ്ടിങ് പറഞ്ഞു
ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിന്‍സ്, ജോഷ് ഇംഗ്ലിസ്, ആരോണ്‍ ഹാര്‍ഡി, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് എന്നിവരടങ്ങുന്ന ഓസീസ് നിരയാണ് പഞ്ചാബിലുള്ളത്.
‘മാര്‍ക്കസ് സ്റ്റോയിന്‍സും ഗ്ലെന്‍ മാക്‌സ്‌വെല്ലും കിങ്സിലേക്ക് മടങ്ങിയെത്തുക എന്നത് വളരെ വലുതാണ്, അവര്‍ ഇരുവരും മുമ്പ് ഇവിടെ കളിച്ചിട്ടുണ്ട്. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഇംഗ്ലിസ് എന്നിവരുള്‍പ്പെടെ രണ്ട് പുതിയ താരങ്ങള്‍ ആദ്യമായി ഐ.പി.എല്ലിലേക്ക് വരുന്നു. ഇത് ഞങ്ങള്‍ക്ക് ശരിക്കും ആവേശകരമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബിന്റെ ഏറ്റവും ചെലവേറിയ പര്‍ച്ചേസ് 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരും സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലുമാണ് (18 കോടി രൂപ) അതേ സമയം, അര്‍ഷ്ദീപ് ആര്‍.ടി.എം വഴി 18 കോടി രൂപയ്ക്ക് വീണ്ടും പഞ്ചാബിലെത്തി. അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയെ 2.40 കോടി രൂപയ്ക്കും ന്യൂസിലന്‍ഡ് വെറ്ററന്‍ പേസര്‍ ലോക്കി ഫെര്‍ഗൂസനെ 2 കോടി രൂപയ്ക്കും ഫ്രാഞ്ചൈസി സ്വാഗതം ചെയ്തു.
നിലനിര്‍ത്തിയ താരങ്ങള്‍ ശശാങ്ക് സിങ്, പ്രഭ്‌സിമ്രാന്‍ സിങ്
ലേലത്തില്‍ വാങ്ങിയ കളിക്കാര്‍: ശ്രേയസ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിങ്, മാര്‍ക്കസ് സ്റ്റോയിനിസ്, നെഹാല്‍ വധേര, ഗ്ലെന്‍ മാക്‌സ്‌വെല്‍, വൈശാഖ് വിജയകുമാര്‍, യാഷ് താക്കൂര്‍, ഹര്‍പ്രീത് ബ്രാര്‍, വിഷ്ണു വിനോദ്, മാര്‍ക്കോ ജാന്‍സന്‍, ലോക്കി ഫെര്‍ഗൂസണ്‍, ജോഷ് ഇംഗ്ലിസ്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, കുല്‍ദീപ് സെന്‍, പൈല അവിനാഷ്, സൂര്യന്‍ഷ് ഷെഡ്‌ജെ, മുഷീര്‍ ഖാന്‍, ഹര്‍നൂര്‍ പന്നു, ആരോണ്‍ ഹാര്‍ഡി, പ്രിയാന്‍ഷ് ആര്യ, അസ്മത്തുള്ള ഒമര്‍സായി.
Content Highlight: Panjab Kings Squad For 2025 IPL