| Wednesday, 15th May 2024, 11:54 am

മെയ് 19 പഞ്ചാബിന് അതി നിര്‍ണായകം; ആറ് പേരില്ലാതെ ഇറങ്ങുന്നതിനേക്കാള്‍ ഭേദം സണ്‍റൈസേഴ്‌സ് വിജയിച്ചതായി പ്രഖ്യാപിക്കുന്നതാണ്!

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ഫ്രാഞ്ചൈസിയാണ് പഞ്ചാബ് കിങ്‌സ്. 12 മത്സരങ്ങളില്‍ നിന്ന് വെറും നാല് വിജയവും 8 തോല്‍വിയും അടക്കം 8 പോയിന്റ് മാത്രമാണ് ടീമിന് സ്വന്തമാക്കാന്‍ സാധിച്ചത്. നിലവില്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്ത് പഞ്ചാബ് ആണ്.

ഇന്ന് ബര്‍സാപാര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്. നിലവില്‍ കൊല്‍ക്കത്തയോടൊപ്പം രാജസ്ഥാനും പ്ലേ ഓഫില്‍ ഇടം നേടി കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ പ്ലേ ഓഫ് കാണാതെ പുറത്തായ പഞ്ചാബ് ലക്ഷ്യമിടുന്നത് അഭിമാന വിജയങ്ങള്‍ക്കാണ്. ഇനി മെയ് 19ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടാണ് പഞ്ചാബിന് ഉള്ള മത്സരം. പക്ഷേ അവസാന മത്സരത്തിന് ഇറങ്ങുമ്പോള്‍ പഞ്ചാബിന് വമ്പന്‍ തിരിച്ചടിയാണ് സംഭവിക്കാനുള്ളത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ക്യാപ്റ്റന്‍ അടക്കം ടീമിലെ 6 താരങ്ങളെയാണ് ടീമിന് നഷ്ടപ്പെടുക.

കാഗിസോ റബാദ, സാം കറണ്‍, ജോണി ബെയര്‍‌സ്റ്റോ, ലിയാം ലിവിങ്സ്റ്റണ്‍, ശിഖര്‍ ധവാന്‍, ക്രിസ് വോക്‌സ് എന്നിവരെയാണ് ടീമിന് നഷ്ടപ്പെടുക. അവസാന മത്സരത്തില്‍ അഭിമാന വിജയത്തിന് സണ്‍റൈസ് നോട് ഏറ്റുമുട്ടുമ്പോള്‍ മുന്‍നിരതാരങ്ങള്‍ ഇല്ലാതെ വമ്പന്‍ പ്രതിസന്ധി ആയിരിക്കും പഞ്ചാബിന് നേരിടേണ്ടി വരുക.

നിലവില്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ 13 മത്സരങ്ങളില്‍ നിന്ന് 9 വിജയവും മൂന്നു തോല്‍വിയും അടക്കം 19 പോയിന്റ് നേടി കൊല്‍ക്കത്തയാണ് മുന്നില്‍. +1.428 എന്ന മികച്ച നെറ്റ് റണ്‍ റേറ്റും ടീമിനുണ്ട്.

സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ 12 മത്സരത്തില്‍ നിന്ന് 8 വിജയവുമായി 16 പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനത്തും ഉണ്ട്. +0.349 നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്.

Content Highlight: Panjab Kings In Big Trouble

We use cookies to give you the best possible experience. Learn more