| Tuesday, 7th September 2021, 2:45 pm

സിന്ധുവിനെ അടുക്കളയില്‍ കുഴിച്ചുമൂടിയത് ജീവനോടെ; ആദ്യ ശ്രമം കത്തിക്കാന്‍; പണിക്കന്‍കുടി കൊലപാതകത്തില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ഇടുക്കി പണിക്കന്‍കുടി കൊലപാതക കേസില്‍ ഇന്നലെ അറസ്റ്റിലായ പ്രതി ബിനോയി കുറ്റം സമ്മതിച്ചതായി പൊലീസ്. സിന്ധുവിനെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.

ജീവനോടെ കത്തിക്കാനായിരുന്നു ആദ്യം ശ്രമിച്ചതെന്നും പിന്നീട് കുഴിച്ചുമൂടാന്‍ തീരുമാനിക്കുകയായിരുന്നെന്നും പ്രതി ബിനോയ് പൊലീസിനോട് പറഞ്ഞു.

ഭര്‍ത്താവുമായി പിണങ്ങി പണിക്കന്‍കുടിയില്‍ താമസമാക്കിയ സിന്ധുവുമായി അടുപ്പത്തിലായിരുന്നെന്നും എന്നാല്‍ അടുത്തിടെ സിന്ധു മുന്‍ ഭര്‍ത്താവിനെ കാണാന്‍ പോയതിനെച്ചൊല്ലി തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്നുമാണ് ബിനോയ് പൊലീസിന് നല്‍കിയ മൊഴി.

സിന്ധു മറ്റോരോ ആയി ഫോണില്‍ ചാറ്റ് ചെയ്യുന്നെന്ന സംശയവും ബിനോയിക്കുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞാണ് വഴക്കുണ്ടായതെന്നും മദ്യലഹരിയില്‍ സിന്ധുവിനെ കഴുത്തുഞെരിച്ച് കൊന്നതാണെന്നുമാണ് ബിനോയിയുടെ മൊഴി.

ബിനോയിയെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് തുടരുകയാണ്. പണിക്കന്‍കുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയല്‍വാസിയായ സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പെരുഞ്ചാംകുട്ടിയില്‍ വച്ച് പൊലീസ് പിടിയിലായത്. ആദ്യം തമിഴ്‌നാട്ടിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്. പിന്നീട് തൃശ്ശൂരും പാലക്കാടും കോട്ടയത്തുമൊക്കെയായി കഴിഞ്ഞു.

രണ്ട് ദിവസം മുന്‍പാണ് ഇടുക്കിയിലെ പെരുഞ്ചാംകുട്ടിയിലെത്തിയത്. ഉള്‍വനത്തിലാണ് ഒളിച്ചത്. ഇതിനിടെ സുഹൃത്തിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ബിനോയിയെ കണ്ടെത്തുന്നത്.

തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പ് ആവശ്യമായതിനാല്‍ ഉടന്‍ തന്നെ കസ്റ്റഡി അപേക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു.

പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായതായി നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

തുടക്കത്തില്‍ തന്നെ പൊലീസ് കുറച്ചുകൂടി കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ പ്രതിയെ പിടികൂടാന്‍ കഴിയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. അടുക്കള തറ പുതുതായി പണിതതാണെന്ന മകന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും സഹോദരിയുടെ മകന്‍ പറഞ്ഞിരുന്നു.

ബിനോയിയുടെ വീടിന്റെ അടുക്കള പുതുക്കി പണിതതാണെന്ന് സിന്ധുവിന്റെ മകന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തറയില്‍ മണ്ണ് മാറ്റിയ നിലയില്‍ കണ്ടുവെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ കൃത്യമായ അന്വേഷണം നടന്നില്ല. പൊലീസ് നായ വന്ന് അടുക്കളത്തറയില്‍ ഇരുന്നപ്പോള്‍, മീന്‍തല കണ്ടിട്ടാകും എന്നാണ് പൊലീസുകാര്‍ പറഞ്ഞത്. ബിനോയിയെ സംശയമുണ്ടെന്ന് പറഞ്ഞിട്ടും ഗൗരവത്തിലെടുത്തില്ല എന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

സംശയം തോന്നി ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ബിനോയിയുടെ വീടിന്റെ അടുക്കള കുഴിച്ചുനോക്കിയപ്പോഴാണ് യുവതിയുടെ കൈ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയില്‍ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാല്‍ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ കുഴിയിലാകെ മുളക് പൊടി വിതറിയിരുന്നു. വസ്ത്രം പൂര്‍ണമായും മാറ്റിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇടുക്കി പണിക്കന്‍കുടിയില്‍ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ സിന്ധുവിന്റെ മൃതദേഹം അയല്‍വാസിയായ ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. കൊലനടന്ന ഓഗസ്റ്റ് 12ന് മുമ്പ് സിന്ധുവും ബിനോയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായി ഇളയമകനും വെളിപ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Panikkankudy Murder Binoy Statement

We use cookies to give you the best possible experience. Learn more