| Thursday, 13th May 2021, 9:49 am

യു.പിയിലെ ഉന്നാവില്‍ ഗംഗാനദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഗംഗാനദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഗംഗാനദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

ഉന്നാവിലെ ബക്‌സര്‍ ഗ്രാമത്തിനടുത്തുള്ള നദീതീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ആഴത്തില്‍ കുഴിച്ചിടാത്തതിനാല്‍ മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചുപറിക്കുന്ന സ്ഥിതിയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റായ്ബറേലി, ഉന്നാവ്, ഫത്തേപ്പൂര്‍ എന്നീ ജില്ലകളില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിച്ച് സംസ്‌കരിക്കുന്ന ഇടമാണ് ബക്‌സര്‍ ഗ്രാമത്തിനടുത്തുള്ള ഗംഗാതീരം.

ഇവിടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതാണോ അതോ, തീരത്ത് വന്നടിഞ്ഞതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും, ചില മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മൃതദേഹങ്ങള്‍ എങ്ങനെ ഇവിടെ എത്തി എന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോടും, സര്‍ക്കിള്‍ ഓഫീസറോടും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യു.പിയില്‍ കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ കൂടുന്ന പശ്ചാത്തലത്തില്‍, ഉന്നാവിലെ ഗംഗാനദീതീരങ്ങളിലേക്ക് മൃതദേഹങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നതെന്ന് പ്രാദേശികമാധ്യമങ്ങള്‍ നേരത്തേ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതു കണ്ടെത്തിയിരുന്നു ഗാസിപുരില്‍ അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചിരുന്നു. നിരവധി മൃതദേഹങ്ങള്‍ തങ്ങള്‍ തിരിച്ചെടുത്ത് സംസ്‌കരിക്കുകയായിരുന്നുവെന്ന് ബീഹാര്‍ അറിയിച്ചിരുന്നു. യു.പിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ ബീഹാര്‍ സര്‍ക്കാര്‍ വല സ്ഥാപിച്ചിരുന്നു. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് റാണിഘട്ട്.

യു.പിയിലെ ഗാസിപുരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിട്ടതെന്നാണ് ബീഹാറിലെ ബക്‌സാര്‍ ഡി.എം അമന്‍ സമിര്‍ പറയുന്നത്.

അതിനിടെ കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

സര്‍ക്കാര്‍ പ്രതിരോധത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

48 മണിക്കൂറിനുള്ളില്‍ കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലയിലും മൂന്നംഗ സമിതിയെ നിയോഗിക്കണമെന്നും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്ത നിരക്ഷരരായ ഗ്രാമീണര്‍ക്ക് വാക്സിന്‍ നല്‍കേണ്ട കാര്യത്തില്‍ തീരുമാനമാക്കണമെന്നും കോടതി ഉത്തരവിട്ടു.

നിലവില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് യു.പി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലം വിശ്വസനീയമല്ലെന്നും കോടതി പറഞ്ഞിരുന്നു.

ഇതുസംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ കോടതി നേരത്തെ നിയോഗിച്ച ജുഡീഷ്യല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലമെന്നും കോടതി പറഞ്ഞു.

‘2021 ഏപ്രില്‍ 19 നും 2021 മെയ് 2 നും ഇടയിലുള്ള മരണങ്ങളുടെ കണക്കുകള്‍ സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി. ഗോരഖ്പൂര്‍, ലഖ്‌നൗ, പ്രയാഗ് രാജ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ നോഡല്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിക്കുകയാണെങ്കില്‍ മരണനിരക്കിന്റെ ചിത്രം ഇനിയും ഭയാനകമായിരിക്കും. നോഡല്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷം ഒരു തീരുമാനമെടുക്കും’, ബെഞ്ച് വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Panic after bodies found buried in sand on banks of Ganga in Uttar Pradesh’s Unnao

We use cookies to give you the best possible experience. Learn more