തിരുവനന്തപുരത്തെ കോട്ടപ്പുറം വാര്‍ഡില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച പനിഅടിമ ജോണ്‍ മുന്നോട്ട് വെക്കുന്നത് പാര്‍ശ്വവത്കൃത ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയെന്ന രാഷ്ട്രീയമാണ്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ നിരന്തരമായി ഇടപെടുകയും സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം വഹിക്കുകയും, മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം നേടികൊടുക്കാന്‍ മുന്‍കൈയെടുക്കുകയും, വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കൊപ്പം നിന്ന് അവകാശ പോരാട്ടങ്ങള്‍ നടത്തുകയും ചെയ്ത പനിഅടിമയെ വലിയ ഭൂരിപക്ഷത്തോടെ കോട്ടപ്പുറത്തെ ജനങ്ങള്‍ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുകയായിരുന്നു. എല്‍.ഡി.എഫ്, യുഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ വ്യക്തമായ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് പനിഅടിമ ജോണ്‍ അധികാരസ്ഥാനത്തെത്തിയത്.
കേരളം എല്ലാ കാലത്തും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്ന മത്സ്യബന്ധനമേഖലയുടെ പ്രശ്നങ്ങളെ നേരിടുന്നതില്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പിഴവു സംഭവിച്ചതെവിടെയാണെന്ന ചോദ്യം കൂടിയാണ് പനിഅടിമയുടെ വിജയം മുന്നോട്ട് വെക്കുന്നത്. സ്വതന്ത്രനായി മത്സരിക്കാനുള്ള കാരണത്തെക്കുറിച്ചും വിഴിഞ്ഞത്തെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള ആശയങ്ങളെക്കുറിച്ചും ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് പനിഅടിമ.
പനിഅടിമ ജോണ്‍
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ അവരിലൊരാളായി നിന്ന് പ്രവര്‍ത്തിച്ചതുകൊണ്ടായിരിക്കുമോ 938 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പനിഅടിമയെ പ്രതിനിധിയായി ജനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള കാരണം?
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കണ്ടറിയുകയോ കേട്ടറിയുകയോ ചെയ്തിട്ടുള്ള ആളല്ല ഞാന്‍, അനുഭവിച്ചിട്ടുള്ള ആളാണ്. മത്സ്യത്തൊഴിലാളിയായ അമ്മ കുടുംബം മുന്നോട്ട് കൊണ്ടുപോവാന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഈ മേഖലയിലെ പ്രശ്നങ്ങള്‍ നേരിട്ട് അനുഭവിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ തീരദേശമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒരിക്കലും തീരാത്തതായാണ് അനുഭവപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഞാനുള്‍പ്പെടെയുള്ള മത്സ്യബന്ധന തൊഴിലാളി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നത് എന്റെ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം ഞാന്‍ കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് വെച്ചതുകൊണ്ടായിരിക്കാം ജനങ്ങള്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചത്.
വിഴിഞ്ഞം തുറമുഖവും അദാനി ഗ്രൂപ്പിനെതിരായ പ്രതിഷേധങ്ങളുമെല്ലാം കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരേടാണല്ലോ, അപ്പോള്‍ അത്തരമൊരു വിഷയത്തില്‍ തുടര്‍ന്നും ഇടപെടേണ്ടി വരുന്ന ഒരു ജനപ്രതിനിധി എന്ന നിലയില്‍ എത്തരത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍?
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ ജനങ്ങള്‍ നിരന്തരമായി രംഗത്തുവരുകയും അവരുടെ അവകാശങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്തതാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
വിഴിഞ്ഞം പദ്ധതിക്കെതിരെ നടന്ന പ്രതിഷേധം
ഫിഷിങ്ങ് ഹാര്‍ബറുകളുടെ സംരക്ഷണവും, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജ് നടപ്പിലാക്കാത്തതും മത്സ്യത്തൊഴിലാളികളുടെ വിദ്യാഭ്യാസ തൊഴില്‍ പുരോഗതിയുമെല്ലാം ആശങ്കയായിത്തന്നെ തുടരുകയാണ്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ പരിഹരിക്കേണ്ടതും പാലിക്കേണ്ടതുമായ നിരവധി വിഷയങ്ങളാണ് മുന്നിലുള്ളത്. ഒരു പാര്‍ട്ടിക്കാരനായിരുന്നുവെങ്കില്‍ വിഷയങ്ങളില്‍ കൃത്യമായി ഇടപെടാന്‍ സാധിക്കുമോ എന്നതില്‍ എനിക്ക് സംശയമാണ്. ഇപ്പോള്‍ ഞാനൊരു ജനപ്രതിനിധി മാത്രമല്ല, സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ്.
മറ്റു പാര്‍ട്ടികളെ ആശ്രയിക്കാതെ സ്വതന്ത്രനായിത്തന്നെ മത്സരിക്കണമെന്ന തോന്നല്‍ ഉണ്ടായത് എന്തുകൊണ്ടാണ്, മറ്റു പാര്‍ട്ടികളുടെ തീരദേശമേഖലയിലെ പ്രവര്‍ത്തനത്തെ എങ്ങനെ നോക്കിക്കാണുന്നു?
പ്രധാനമായും വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി സര്‍ക്കാരിന് മുമ്പില്‍ നിരവധി തവണ പല വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടും പരിഹാരമുണ്ടാവുന്നില്ലെന്ന തോന്നല്‍ കൊണ്ടായിരിക്കാം ജനങ്ങള്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യേണ്ടി വരുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്നു കൂടി ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.
രാഷ്ട്രീപാര്‍ട്ടികള്‍ക്ക് പ്രതിഷേധത്തിനും സമരം നടത്താനും ആളുകളെ വേണമെന്നല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങളെ അടിത്തട്ടിലിറങ്ങി അവര്‍ പരിശോധിക്കുന്നില്ല. ജനതാദളില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ പിന്നീട് പാര്‍ട്ടി വിട്ടു പുറത്തു വരികയായിരുന്നു. പ്രസ്ഥാനങ്ങള്‍ ഘോരഘോരം പ്രസംഗിക്കുകയും ഫ്ളക്സുകള്‍ വെക്കുകയും ചെയ്യുമായിരിക്കാം. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ പിന്നോട്ടായിരിക്കും.
വികസനം വേണ്ടെന്ന് പറയുന്നില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസനമാണ് മുന്നോട്ട് വെക്കുന്നതെങ്കില്‍ അതിന് എതിരല്ല. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതികൊടുക്കാനുള്ളതല്ല മത്സ്യത്തൊഴിലാളികളുടെ ജീവിതമെന്നാണ് പറയാനുള്ളത്. വിഴിഞ്ഞത്തുള്‍പ്പെടെ കോര്‍പ്പറേറ്റുകള്‍ കമ്മ്യൂണിറ്റിയെ സ്വന്തമാക്കുകയാണ് ചെയ്യുന്നത്. അത്തരമൊരു കാര്യം അംഗീകരിക്കാന്‍ കഴിയില്ല.
തൊഴിലാളി നയങ്ങളെ വലിയ രീതിയില്‍ പിന്തുണയ്ക്കുമെന്ന് അവകാശപ്പെടുന്ന സി.പി.ഐ.എമ്മിന്റെ മത്സ്യത്തൊഴിലാളി സംഘടനകള്‍ പോലും റാലിയ്ക്കുവേണ്ടിയും സമരം നടത്തുന്നതിന് വേണ്ടിയുമാണ് ആണ് ജനങ്ങളെ ഉപയോഗിക്കുന്നത്. അത് കഴിഞ്ഞാല്‍ പിന്നെ ഈ ജനങ്ങളെ അവര്‍ക്കറിയില്ല. സി.പി.ഐ.എം എന്നല്ല എല്ലാ പാര്‍ട്ടികളുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. ജനങ്ങളുടെ പ്രശ്നങ്ങളെ അടുത്തറിയാനുള്ള പാര്‍ട്ടി സിസ്റ്റം പ്രദേശത്തില്ല. ജനങ്ങളോട് ബന്ധമുണ്ടാക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. എന്നാല്‍ അത്തരം പ്രവര്‍ത്തികള്‍ അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തതുകൊണ്ടാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്.
നേരത്തേ തീരദേശമേഖലയില്‍ കമ്മ്യൂണിറ്റി റേഡിയോ കൊണ്ടുവരുന്നതിനും മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് കമ്പ്യൂട്ടര്‍ പരിഞ്ജാനം നല്‍കുന്നതിനും മുന്നിട്ടിറങ്ങിയ വ്യക്തിയാണല്ലോ താങ്കള്‍. സാങ്കേതികമായ പുരോഗതിയിലേക്ക് മത്സ്യത്തൊഴിലാളികളെ എത്തിക്കണമെന്ന ആശയം തന്നെയായിരുന്നോ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍?
തീരദേശമേഖലയിലെ ജനങ്ങള്‍ പൊതുവേ ആ തൊഴിലില്‍ മാത്രം ഏര്‍പ്പെടുന്നവരായിരിക്കുമെന്നും അവര്‍ക്ക് മറ്റ് പരിജ്ഞാനങ്ങള്‍ സ്വായത്തമാക്കാന്‍ കഴിയില്ലെന്നുമുള്ള ബോധത്തെ തിരുത്തുന്നതിനും മത്സ്യത്തൊഴിലാളികളെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ മുന്‍കൈയെടുത്തത്.
മത്സ്യത്തൊഴിലാളികളായ നിരവധി സ്ത്രീകള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടികൊടുക്കാന്‍ കഴിഞ്ഞു. കമ്മ്യൂണിറ്റി റേഡിയോയും ജനങ്ങളെ മറ്റ് മേഖലകളിലേക്ക് കൂടി കൊണ്ടുവരാന്‍ കഴിഞ്ഞ സംഭവമായിരുന്നു. സുനാമിയ്ക്ക് ശേഷം 2006ലാണ് കമ്മ്യൂണിറ്റി റേഡിയോയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കമ്മ്യൂണിറ്റിയെ കൂടുതലായി പഠിക്കാന്‍ സാധിച്ചതും ആ സമയത്താണ്. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമ്പോഴും സാങ്കേതികമായ പരിമിതികള്‍ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും വിലങ്ങുതടിയാവുകയായിരുന്നു. കേരളത്തിന്റെ വികസന മാതൃകകളില്‍ നിന്ന് എത്ര വിദൂരത്താണ് ഓരോ മത്സ്യബന്ധനമേഖലയുമെന്ന് തിരിച്ചറിയാന്‍ സാധിച്ച സമയം കൂടിയായിരുന്നു അത്.
കോട്ടപ്പുറം വാര്‍ഡിലെ ജനങ്ങള്‍ നേരിടുന്ന മറ്റ് പ്രശ്നങ്ങള്‍ എന്തെല്ലാമാണ്? പ്രവര്‍ത്തനങ്ങള്‍ എത്തരത്തിലാണ് ഉദ്ദേശിക്കുന്നത്?
കോട്ടപ്പുറം വാര്‍ഡിലെ കമ്മ്യൂണിറ്റിക്കകത്തു തന്നെ നിരവധി വിഷയങ്ങളുണ്ട്. പട്ടയത്തിന്റെ കാര്യത്തിലും കുടിവെള്ളത്തിന്റെ കാര്യത്തിലും വീടുകളുടെ നമ്പര്‍ സംവിധാനത്തിന്റെ കാര്യത്തിലുമെല്ലാം പൂര്‍ണ്ണമല്ലാത്ത അവസ്ഥയിലാണ് കോട്ടപ്പുറം വാര്‍ഡ് ഉള്ളത്. പൊതുവിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് ഇടപെടണമെന്നാണ് വിചാരിക്കുന്നത്.
കമ്മ്യൂണിറ്റിയെ അവരുടെ തനതായ ജീവിത ശൈലികളില്‍ തന്നെ നിലനിര്‍ത്തികൊണ്ട് അവര്‍ക്ക് ആവശ്യമായ വികസനങ്ങള്‍ എത്തിക്കുക എന്ന രീതിയാണ് പിന്തുടരേണ്ടത് എന്നാണ് മനസ്സിലാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ തന്നെയാണ് പ്രധാനമായും പരിഗണനയിലുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Paniadima John, Independent candidate won from Kottapuram, Thiruvananthapuram talks about his politics and activities, Interview