തിരുവനന്തപുരം: അധ്യാപക പരിശീലനത്തിനായി യു.ജി.സി പുറപ്പെടുവിച്ച ‘ഇന്ത്യന്‍ നോളജ് സിസ്റ്റം’ സംബന്ധിച്ച കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധസമിതിക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപം നല്‍കി.
പ്രഫ. റൊമീല ഥാപ്പര്‍ (ജെ.എന്‍.യു), ഡോ. എം.എസ്. വല്യത്താന്‍ (മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്), പ്രഫ. പി.പി. ദിവാകരന്‍ (മുന്‍ പ്രഫസര്‍ ടി.ഐ.എഫ്.ആര്‍, മുംബൈ,), പ്രഫ. ശ്രീനിവാസ വരാകെഡി (വൈസ് ചാന്‍സലര്‍, കാളിദാസ സംസ്‌കൃത സര്‍വകലാശാല) എന്നിവരാണ് സമിതി അംഗങ്ങള്‍.
കൗണ്‍സില്‍ അധ്യക്ഷ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവേണിങ് ബോഡി യോഗത്തിലാണ് തീരുമാനം.
പുത്തന്‍ തലമുറ കോഴ്‌സുകളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ച പ്രശ്‌നം പി.എസ്.സിയെ കൂടി പങ്കെടുപ്പിച്ച് സര്‍ക്കാര്‍തല യോഗം ചേരുക.
വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ കോണ്‍ഫറന്‍സുകളിലും മറ്റും പങ്കെടുക്കുന്നതിനായി സര്‍ക്കാര്‍ സ്റ്റുഡന്റ് മൊബിലിറ്റി ഫണ്ട് രൂപവത്കരണം.
സര്‍വകലാശാലകളില്‍ പ്രഗത്ഭരുടെ പേരില്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക. പണ്ഡിതരെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എറുഡൈറ്റ് പ്രോഗ്രാം വഴി ലഭ്യമാക്കുക തുടങ്ങിയ ശിപാര്‍ശകളാണ് ഗവേണിങ് ബോഡി യോഗം മുന്നോട്ടുവെച്ചത്.
ആരോഗ്യ/മലയാളം സര്‍വകലാശാലകളില്‍ ഡോ. പല്‍പ്പു മെമ്മോറിയല്‍ ലെക്ചര്‍, കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡോ. ജാനകി അമ്മാള്‍ മെമ്മോറിയല്‍ ലെക്ചര്‍, കേരള സര്‍വകലാശാലയില്‍ ഡോ. താണു പത്മനാഭന്‍ മെമ്മോറിയല്‍ ലെക്ചര്‍, കുസാറ്റില്‍ ഡോ. ഡി. രാമചന്ദ്രന്‍ മെമ്മോറിയല്‍ ലെക്ചര്‍, കാലിക്കറ്റില്‍ ഡോ. എം. വിജയന്‍ മെമ്മോറിയല്‍ ലെക്ചര്‍, എം.ജിയില്‍ ഡോ. ഇ.സി.ജി. സുദര്‍ശന്‍ മെമ്മോറിയല്‍ ലെക്ചര്‍ എന്നിവ നടത്താനും തീരുമാനമായി.