പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സുപ്രീംകോടതിയിലും നിഷേധിച്ച് കേന്ദ്രം; അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും
Pegasus Project
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സുപ്രീംകോടതിയിലും നിഷേധിച്ച് കേന്ദ്രം; അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th August 2021, 2:41 pm

ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാദം കേന്ദ്രം കോടതിയില്‍ നിഷേധിച്ചു.

രണ്ട് പേജ് സത്യവാങ്മൂലമാണ് ഐ.ടി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി കോടതിയില്‍ സമര്‍പ്പിച്ചത്.

സ്ഥാപിതമായ താല്‍പര്യങ്ങള്‍കൊണ്ട് പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ കാര്യങ്ങള്‍ കണ്ടെത്തുന്നതിനും, ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ പരിശോധിക്കുന്നതിനും ഈ മേഖലയിലെ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണെന്നും ആ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

പെഗാസസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സ്വതന്ത്രമായുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

അതേസമയം, പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയെങ്കില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഗുരുതരമായ ആരോപണമാണെന്ന് സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ സര്‍ക്കാര്‍ ഉപയോഗിച്ചു എന്ന ആരോപണത്തില്‍ പ്രത്യേകാന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

രണ്ട് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ രാജ്യത്ത് 300ലേറെ പേരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി അടുത്തിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രീയ നേതാക്കള്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങി രാജ്യത്ത് നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേഡ്,
ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ് ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

അംഗീകൃത സര്‍ക്കാരുകള്‍ക്ക് മാത്രമേ പെഗാസസ് വില്‍ക്കാറുള്ളുവെന്ന് എന്‍.എസ്.ഒ ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. ഇതാണ് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. എന്നാല്‍ പെഗാസസ് ഒരു വിഷയമാക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം ഗൂഢാലോചനാ തിയറികളാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Panel For Pegasus “To Dispel Wrong Narrative”, Centre Tells Supreme Court