| Wednesday, 8th February 2017, 11:00 am

ജയലളിതയുടെ മരണത്തില്‍ സംശയമുണ്ട്: ശശികലയെ പുറത്താക്കണം; ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പനീര്‍ശെല്‍വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ടെന്ന് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. അതുകൊണ്ട് തന്നെ ജയലളിതയുടെ മരണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. ചെന്നൈയിലെ വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പനീര്‍ശെല്‍വം.

ഇത് സര്‍ക്കാരിന്റെ കടമയാണ്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ എല്ലാ സംശയങ്ങളും മാറേണ്ടതുണ്ട്. ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.


Dont Miss ‘ഇതെന്തൊരു പരാജയം’; ഡിജിറ്റല്‍ പണമിടപാടില്‍ മുന്നേറ്റമെന്ന കേന്ദ്രസര്‍ക്കാര്‍ വാദവും തെറ്റ് 


നിയമസഭയില്‍ ഭൂരിപക്ഷമുണ്ട്. ഗവര്‍ണര്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തെ ഉടന്‍ കാണും. ജനങ്ങളെല്ലാം തനിക്കൊപ്പമുണ്ട്. താന്‍ ഒരിക്കലും പാര്‍ട്ടിയെ ചതിച്ചിട്ടില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.

പാര്‍ട്ടിക്ക് ദോഷം വരുന്ന ഒന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. ആവശ്യമെങ്കില്‍ രാജി പിന്‍വലിക്കുമെന്നും സാഹചര്യം അനുകൂലമാണെങ്കില്‍ മാത്രമേ രാജിപിന്‍വലിക്കുള്ളൂവെന്നും പനീര്‍ശെല്‍വം പറഞ്ഞു.

നിലവിലെ നീക്കത്തിനു പിന്നില്‍ ബിജെപിക്കു പങ്കുണ്ടെന്ന ആരോപണം പനീര്‍സെല്‍വം തള്ളി. തനിക്കു തോന്നുന്നതാണ് താന്‍ ചെയ്യുന്നത്. ആരും തന്നെ പ്രചോദിപ്പിക്കുന്നില്ല. പതിനാറു വര്‍ഷം രണ്ടു തവണയായി അമ്മ തന്നെ മുഖ്യമന്ത്രിയാക്കിയിട്ടുണ്ട്. താന്‍ എന്നും അമ്മയുടെ പാതയാണു പിന്തുടര്‍ന്നിട്ടുള്ളത്.

നിലവില്‍ ശശികല നടത്തുന്ന നീക്കങ്ങള്‍ക്കു പിന്നില്‍ ആരുടെയോ കൈയുണ്ട്. പാര്‍ട്ടിക്കു സ്ഥിരം ജനറല്‍ സെക്രട്ടറി വേണം. ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി ജനറല്‍ ബോഡി ചേരും. ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു.
തന്റെ നിലപാട് ജനങ്ങളെ അറിയിക്കാന്‍ തമിഴ്‌നാട്ടിലെ ഓരോ പട്ടണങ്ങളിലും ജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. തന്നെ പാര്‍ട്ടി പദവിയില്‍നിന്നു നീക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.

We use cookies to give you the best possible experience. Learn more