| Saturday, 18th February 2017, 3:53 pm

വോട്ട് ചെയ്തത് ശശികലയുടെ അനുയായികള്‍; ഞങ്ങള്‍ അമ്മയുടെ അനുയായികള്‍; ഇനി തീരുമാനമെടുക്കേണ്ടത് തമിഴ് മക്കള്‍: പനീര്‍ശെല്‍വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രതിപക്ഷത്തെ പുറത്താക്കിക്കൊണ്ട് വിശ്വാസവോട്ട് നേടിയ പളനിസ്വാമി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഒ. പനീര്‍ശെല്‍വം.

വിശ്വാസവോട്ട് നടത്തിയത് എം.എല്‍.എമാരെ തടവിലാക്കിയാണെന്നും സത്യവും ധര്‍മവും എപ്പോഴായാലും വിജയിക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.

ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തമിഴ് മക്കളാണ്. നിയമനടപടികളിലേക്ക് നീങ്ങാനാണ് തങ്ങളുടെ തീരുമാനമെന്നും പനീര്‍ശെല്‍വം പറഞ്ഞു.

ഇപ്പോള്‍ ശശികലയുടെ പാര്‍ട്ടിയാണ് ജയിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ ജയലളിതയുടെ ഭരണം വരുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.

അണ്ണാ ഡി.എം.കെ അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന സഭയില്‍ 122 എം.എല്‍.എമാരാണ് പളനിസ്വാമിയെ പിന്തുണച്ചത്.

പനീര്‍സെല്‍വം ഉള്‍പ്പെടെ സഭയിലുണ്ടായിരുന്ന 11 എംഎല്‍എമാര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഇതോടെ പാര്‍ട്ടി വിപ്പ് ലംഘിച്ച സാഹചര്യത്തില്‍ ഇവരുടെ എം.എല്‍.എ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായി. വന്‍ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറുടെ അനുമതിയോടെ സഭയില്‍നിന്നും ബലപ്രയോഗത്തിലൂടെ നീക്കിയശേഷമായിരുന്നു വിശ്വാസ വോട്ടെടുപ്പ്.


Dont  Miss പളനിസ്വാമി വിശ്വാസ വോട്ട് നേടി : സഭയിലുണ്ടായിരുന്നത് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ മാത്രം 


ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എം.എല്‍.എമാരെയണ് പുറത്താക്കിയത്. ബഹളം നിമിത്തം രണ്ടു തവണ നിര്‍ത്തിവച്ച സമ്മേളനം, മൂന്നാം തവണ സമ്മേളിച്ചപ്പോഴാണ് വോട്ടെടുപ്പു നടന്നത്.

ബഹളം മൂലം നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം മൂന്നു മണിക്കു പുനഃരാരംഭിക്കുന്നതിന് മുന്നോടിയായാണ് സഭയ്ക്കുള്ളില്‍നിന്നു ഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ എം.എല്‍.എമാരെ സ്പീക്കറുടെ നിര്‍ദേശപ്രകാരം സുരക്ഷാ ജീവനക്കാര്‍ ബലം പ്രയോഗിച്ചു നീക്കിയത്.

പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ സഭയ്ക്കുള്ളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more