ചെന്നൈ: പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായവുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. 11 ലോറി നിറയെ അവശ്യസാധനങ്ങളുമായി അതിര്‍ത്തി ചെക്ക് പോസ്റ്റായ കമ്പംമെട്ടിലെത്തിയ പനീര്‍ശെല്‍വം സാധനങ്ങളെല്ലാം ഇടുക്കി ആര്‍.ഡി.ഒ. എം.പി.വിനോദിന് കൈമാറി. 30 ലക്ഷം രൂപയുടെ സാധനങ്ങളാണ് പനീര്‍ശെല്‍വം കേരളത്തിന് നല്‍കിയത്.
തമിഴ്‌നാട് സര്‍ക്കാരും, തേനി ജില്ലയിലെ എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരും ചേര്‍ന്ന് ശേഖരിച്ച സാധനങ്ങളാണിവ. ഇത് കൂടാതെ തേനി തഹസില്‍ദാര്‍ ആറ് വാഹനങ്ങള്‍ നിറയെ അവശ്യ സാധനങ്ങള്‍ ബോഡിമെട്ട് വഴി ഉടുമ്പന്‍ചോല താലൂക്ക് ഓഫീസിലും എത്തിച്ചു.
15 ടണ്‍ അരി, രണ്ട് ടണ്‍ വീതം ആട്ട, മൈദ, ഒന്നര ടണ്‍ വീതം പരിപ്പ്, പയര്‍, മൂന്ന് ടണ്‍ പഞ്ചസാര, 1000 ലിറ്റര്‍ വെളിച്ചെണ്ണ, രണ്ട് ടണ്‍ വീതം പാല്‍പ്പൊടി, തേയില, അഞ്ച് ടണ്‍ പച്ചക്കറികള്‍ തുടങ്ങിയവ കൈമാറിയവയില്‍ ഉള്‍പ്പെടുന്നു. ഭക്ഷ്യവസ്തുക്കള്‍ വിവിധ പ്രദേശങ്ങിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ റവന്യു വകുപ്പ് നേരിട്ട് എത്തിക്കും.
“കേരളത്തിലെയും തമിഴ്‌നാട്ടിലേയും ജനങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. തമിഴ്‌നാട്ടില്‍ പ്രളയമുണ്ടായപ്പോള്‍ കേരളം തന്ന സഹായം ഞങ്ങള്‍ ഓര്‍ക്കുന്നു. പ്രളയം മൂലം ബുദ്ധിമുട്ടുന്ന മലയാളികളോടൊപ്പം തമിഴ്‌നാട് സര്‍ക്കാരും, എ.ഐ.എ.ഡി.എം.കെ.യും പങ്കു ചേരുന്നു. സഹായങ്ങള്‍ ഇനിയും തുടരും”- പനീര്‍ശെല്‍വം പറഞ്ഞു.
നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് 5 കോടി നല്‍കിയിരുന്നു. ഡി.എം.കെ അധ്യക്ഷന്‍, നടന്‍മാരായ കമലഹാസന്‍, സൂര്യ, കാര്‍ത്തി തുടങ്ങിയവരും കേരളത്തിനായി സഹായഹസ്തം നീട്ടിയിരുന്നു.
WATCH THIS VIDEO: