| Thursday, 16th February 2017, 11:52 pm

ഇത് തമിഴ്ജനതയുടെ സര്‍ക്കാരല്ല; ശശികല കുടുംബത്തിന്റേത്; പനീര്‍ശെല്‍വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് അധികാരമേറ്റത് ജനങ്ങളുടെ സര്‍ക്കാരല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. ഈ സര്‍ക്കാര്‍ ശശികല കുടുംബത്തിന്റേതാണെന്നും പനീര്‍ശെല്‍വം കുറ്റപ്പെടുത്തി. മറീന ബീച്ചിലെ ജയലളിതയുടെ സ്മാരകം സന്ദര്‍ശിച്ച ശേഷം സംസാരിക്കവേയാണ് ശെല്‍വത്തിന്റെ വിമര്‍ശനങ്ങള്‍.


Also read സൈനിക നടപടിയെ എതിര്‍ക്കുന്ന യുവാക്കള്‍ക്ക് നേരെ കര്‍ശന നടപടിയെന്ന കരസേന മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരെ കാശ്മീരില്‍ വ്യാപക പ്രതിഷേധം


നേരത്തേ പളനിസാമിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ക്ഷണിച്ചതിനുപിന്നാലെ ധര്‍മയുദ്ധം തുടരുമെന്നു പനീര്‍സെല്‍വം പ്രതികരിച്ചിരുന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിയന്ത്രണം ഒരു കുടുംബത്തിന്റെ കയ്യില്‍ പോകുന്നത് അംഗീകരിക്കാനാകില്ലെന്നും ശെല്‍വം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജയലളിതയുടെ സ്മാരകം സന്ദര്‍ശിച്ച ശേഷമുള്ള വിമര്‍ശനങ്ങളും.

പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്തയുടന്‍ പനീര്‍ശെല്‍വം വിഭാഗത്തിനു നേരെ ശശികലാ വിഭാഗം അക്രമം അഴിച്ച് വിട്ടിരുന്നു. പനീര്‍ശെല്‍വത്തിന്റെ വീടിന് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിയുകയുമുണ്ടായി. പളനിസ്വാമി മന്ത്രിസഭാംഗമായ സി.വി. ഷണ്‍മുഖത്തിന്റെ അനുയായികളാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശശികല മുഖ്യമന്ത്രിയാകുന്നത് എതിര്‍ത്തതിനെത്തുടര്‍ന്നാണ് ജയലളിത മന്ത്രിസഭയില്‍ രണ്ടാമനും പാര്‍ട്ടിയുടെ ട്രഷററുമായിരുന്ന പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചെങ്കിലും പളനിസ്വാമിയെയാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഷണിച്ചത്.

We use cookies to give you the best possible experience. Learn more