തന്നെ പുറത്താക്കിയ ശശികലയുടെ നടപടി അനധികൃതമാണ്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് തന്നെ പുറത്താക്കാനാകില്ല.
ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ട്രഷറര്‍ ഞാന്‍ തന്നെയാണെന്നും ബാങ്ക് ഇടപാടുകള്‍ മറ്റാരിലൂടെയും നടത്തരുതെന്നും ആവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് പനീര്‍ശെല്‍വത്തിന്റെ കത്ത്. തന്നെ സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ലെന്നും രേഖാമൂലം താന്‍ തന്നെയാണ് പാര്‍ട്ടി ട്രഷറര്‍ എന്നുമാണ് പനീര്‍ശെല്‍വം പറയുന്നത്.
തന്നെ പുറത്താക്കിയ ശശികലയുടെ നടപടി അനധികൃതമാണ്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് തന്നെ പുറത്താക്കാനാകില്ല. അതുകൊണ്ട് തന്നെ രേഖാമൂലമുള്ള അറിയിപ്പുകളില്ലാതെ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നും ശെല്‍വത്തിന്റെ കത്തില്‍ വ്യക്തമാക്കുന്നു.
എ.ഐ.എ.ഡി.എം.കെയുടെ പ്രധാന പണമിടപാടുകള്‍ നടത്തുന്ന കരൂര്‍ വൈശ്യാ ബാങ്കിനും ബാങ്ക് ഓഫ് ഇന്ത്യക്കുമാണ് തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി കത്ത് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഭരണഘടനയനുസരിച്ച് പുതിയ ജനറല്‍ സെക്രട്ടറിയെ തെറഞ്ഞെടുക്കുന്നവരെ നിലവിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ തുടരണമെന്നാണ് നിയമമെന്നും പനീര്‍ശെല്‍വം കത്തിലൂടെ പറയുന്നു.
ജയലളിതയുടെ ശവകൂടീരം സന്ദര്‍ശിച്ച ശേഷം പുതിയ നിയമസഭാക്ഷി നേതാവ് ശശികലയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്ത് നിന്ന് പനീര്‍ശെല്‍വത്തെ നീക്കിയിരുന്നത്. എ.ഐ.എ.ഡി.എം.കെ ശശികലാ വിഭാഗവും പനീര്‍ശെല്‍വം വിഭാഗവുമായി പിളര്‍പ്പില്‍ എത്തി നില്‍ക്കുമ്പോഴാണ് പാര്‍ട്ടിയിലെ അധികാരസ്ഥാനങ്ങള്‍ ഉറപ്പിക്കാനായി നേതാക്കള്‍ രംഗത്ത് വരുന്നത്.