| Saturday, 14th April 2018, 11:12 pm

പറന്ന് പറന്ന് പാണ്ഡ്യ; മാക്‌സ് വെല്ലിനെ പുറത്താക്കിയ പാണ്ഡ്യയുടെ അത്ഭുത ക്യാച്ച് കാണാം, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈയുടെ ഫീല്‍ഡിംഗ് പ്രകടനം സമ്മിശ്രമായിരുന്നു. ജേസണ്‍ റോയ്ക്ക് രണ്ടു തവണയാണ് മുംബൈ ജീവന്‍ നല്‍കിയത്. അതാകട്ടെ മുംബൈയെ പരാജയത്തിലെത്തിക്കുകയും ചെയ്തു. 53 പന്തില്‍ 91 റണ്‍സാണ് ജേസണ്‍ റോയ് അടിച്ചെടുത്തത്.

എന്നാല്‍ ഫീല്‍ഡില്‍ പൊള്ളാര്‍ഡും പാണ്ഡ്യയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്രുണാള്‍ പാണ്ഡ്യയുടെ ഓവറിലായിരുന്നു രണ്ട് പേരും ഐ.പി.എല്‍ ഈ സീസണിലെ മികച്ച ഫീല്‍ഡിംഗ് പ്രകടനം പുറത്തെടുത്തത്. ഋഷഭ് പന്തിനെ അതിമനോഹരമായ ക്യാച്ചിലൂടെ പൊള്ളാര്‍ഡിനെ പുറത്താക്കിയപ്പോള്‍ മാക്‌സ് വെല്ലിനെ പാണ്ഡ്യ പിടികൂടുകയായിരുന്നു.

മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് അവസാന പന്തിലാണ് ഡല്‍ഹി മറികടന്നത്. ഡല്‍ഹിയ്ക്കായി ജേസണ്‍ റോയ് 53 പന്തില്‍ 91 റണ്‍സെടുത്തു. ഋഷഭ് പന്ത് 47 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യ ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ച്വറി നേടി സൂര്യകുമാര്‍ യാദവിന്റെയും (53) എവിന്‍ ലൂയിസ് (48), ഇഷാന്‍ കിഷന്‍ (44) എന്നിവരുടെ മികച്ച ബാറ്റിംഗുമാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നായകന്‍ രോഹിത് ശര്‍മ്മ വീണ്ടും നിരാശപ്പെടുത്തി.


Also Read:  ‘കത്തുവ ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കായി റാലി നടത്തിയത് ബി.ജെ.പി നേതൃത്വം പറഞ്ഞിട്ട്’; വെളിപ്പെടുത്തലുമായി രാജിവെച്ച മന്ത്രി, വീഡിയോ


ഡല്‍ഹിക്കായി ട്രെന്റ് ബോള്‍ട്ട്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, രാഹുല്‍ തിവാതിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി കൂറ്റന്‍ സ്‌കോറിനുമുന്നില്‍ പതറാതെയാണ് ബാറ്റ് വീശിയത്. നായകന്‍ ഗംഭീറിനെ പെട്ടെന്ന് നഷ്ടമായെങ്കിലും ജേസണ്‍ റോയും ഋഷഭ് പന്തും ടീം സ്‌കോര്‍ ഉയര്‍ത്തി. പന്തിനെയും മാക്‌സ് വെല്ലിനെയും തുടരെ വീഴ്ത്തി മുംബൈ കളിയിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും റോയും അയ്യരും കൂടുതല്‍ നഷ്ടം കൂടാതെ ഡല്‍ഹിയെ വിജത്തിലെത്തിച്ചു.

അവസാന ഓവറില്‍ ആദ്യ പന്ത് ബൗണ്ടറിയും രണ്ടാം പന്ത് സിക്‌സുമടിച്ച് റോയ് സ്‌കോര്‍ തുല്യതയിലെത്തിച്ചെങ്കിലും വിജയറണ്‍ കുറിക്കാന്‍ അവസാന പന്തുവരെ കാത്തുനില്‍ക്കേണ്ടി വന്നു.

മുംബൈയ്ക്കായി ക്രുണാള്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more