2023 ഐ.സി.സി ഏകദിന ലോകകപ്പിനിടെ പരിക്കുപറ്റി മത്സരങ്ങള്‍ നഷ്ടമായ ഹര്‍ദിക് പാണ്ഡ്യ തുടര്‍ന്നുള്ള ഓസ്‌ട്രേലിയന്‍ പരമ്പരയും സൗത്ത് ആഫ്രിക്കന്‍ പരമ്പരയും ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് നാടകീയമായ രംഗങ്ങളാണ് കാണാന്‍ കഴിഞ്ഞത്. 2024 ഐ.പി.എല്‍ താര ലേലത്തിനോട് അനുബന്ധിച്ച് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി കൊണ്ടുവന്നു.
എന്നാല്‍ താരത്തിന് 2024ന് മുമ്പുള്ള അഫ്ഗാനിസ്ഥാനുമായുള്ള പരമ്പരയും ഐ.പി.എല്ലും നഷ്ടമായേക്കാം എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഹര്‍ദിക് തന്റെ ഫിറ്റ്‌നസ് വീണ്ടെടുത്തു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അഫ്ഗാനിസ്ഥാന്‍ എതിരെയുള്ള മൂന്ന് ടി ട്വന്റി മത്സരങ്ങള്‍ ഹര്‍ദിക് നയിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. കൂടാതെ 2024ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായും അദ്ദേഹം തുടരുമെന്നും അറിയിച്ചു.
‘കണങ്കാലിന് പറ്റിയ പരിക്കില്‍ നിന്നും പൂര്‍ണമായും അദ്ദേഹം സുഖം പ്രാപിച്ചു. ദിവസേന അദ്ദേഹം പരിശീലിക്കുന്നുണ്ട്,’ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉറവിടം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍ പരമ്പര പാണ്ഡ്യക്ക് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനുമുമ്പ് ഓസ്‌ട്രേലിയയും ആയിട്ടുള്ള പരമ്പരയിലും സൗത്ത് ആഫ്രിക്കയും ആയിട്ടുള്ള പരമ്പരയിലും ഹര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവ് വിജയകരമായ ക്യാപ്റ്റന്‍സി ആയിരുന്നു കാഴ്ചവച്ചത്. ഇതോടെ സൂര്യകുമാറിന്റെ കന്നി ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയക്ക് എതിരെ വിജയിക്കാന്‍ സാധിക്കുകയും സൗത്ത് ആഫ്രിക്കക്കെതിരെ സമനില കണ്ടെത്താനും സാധിച്ചു.
2023 ലോകകപ്പിനിടയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആയിരുന്നു ഹര്‍ദിക്കിന് പരിക്കേറ്റത്. അദ്ദേഹം പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായിട്ടില്ല എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശേഷം 15 കോടിക്ക് ഗുജറാത്തില്‍ നിന്നും മുംബൈയില്‍ എത്തിച്ച താരത്തിന് ഐ.പി.എല്‍ വരെ നഷ്ടമാകുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ ഐ.പി.എല്‍ നഷ്ടമാകില്ല എന്നാണ് സ്ഥിരീകരിക്കുന്നത്.
‘അദ്ദേഹം സുഖമായിരിക്കുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അദ്ദേഹത്തിന് നഷ്ടമാകില്ല,’ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉറവിടം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
വനിതാ പ്രീമിയര്‍ ലീഗ് ലേലത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അഫ്ഗാനിസ്ഥാന്‍ എതിരായ ടി ട്വന്റി പരമ്പരയില്‍ പാണ്ഡ്യ മടങ്ങിയെത്തും എന്നും പറഞ്ഞിരുന്നു.