| Tuesday, 23rd November 2021, 10:09 am

മഹാമാരിയെ നേരിട്ട 2021 ല്‍ കേരളത്തിലെ ജനനനിരക്കില്‍ വന്‍ ഇടിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തുകയും നിരവധി പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത, മഹാമാരിയെ നേരിട്ട 2021 ല്‍ കേരളത്തിലെ ജനനനിരക്കില്‍ വന്‍ ഇടിവ്. 2021 ല്‍ ഏറ്റവും കുറവ് ജനനനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകര്‍ച്ചവ്യാധിക്ക് മുന്‍പുള്ള 2019 ല്‍ 4.80 ലക്ഷം ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2020 ല്‍ ഇത് 4.53 ലക്ഷമായി കുറഞ്ഞു. 2021 സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം 2.17 ലക്ഷം ജനനങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

കണക്കുകള്‍ പരിശോധിച്ചാല്‍ 2021 ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള വര്‍ഷമായിരിക്കും. ഇത് വരുംകാലങ്ങളില്‍ സംസ്ഥാനത്തിന്റെ ജനസംഖ്യയില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തും.

2010ല്‍ 5.46 ലക്ഷം ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2011 ല്‍ 5.6ം ലക്ഷമായി ഉയര്‍ന്നിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ താഴേക്ക് പോയ ജനനനിരക്ക് 2017 ലാണ് നേരിയ വര്‍ധനവ് രേഖപ്പെടുത്തിയത്. 2016 ല്‍ 4.96 ലക്ഷമായിരുന്ന ജനനനിരക്ക് 2017 ല്‍ 5.03 ലക്ഷമായി ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ജനനനിരക്ക് വീണ്ടും കുറഞ്ഞു.

കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും 100 ശതമാനവും ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ 98.96 ശതമാനവും ആശുപത്രികളില്‍ തന്നെയാണ് നടക്കുന്നത്. 87.03 ശതമാനവും ജനിച്ച് 21 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്.

നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരം 2020 മെയ് 13 മുതല്‍ 14.63 ലക്ഷം പ്രവാസികള്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയതായി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: pandemic-year-sees-sharp-fall-in-kerala-births

We use cookies to give you the best possible experience. Learn more