മഹാമാരികള്‍, സമൂഹം, ശാസ്ത്രം, പ്രതിരോധം
COVID-19
മഹാമാരികള്‍, സമൂഹം, ശാസ്ത്രം, പ്രതിരോധം
ഡോ.ടി.വി സജീവ്
Tuesday, 7th April 2020, 9:14 pm

ചില സമയത്ത് സമയം വളരെ പെട്ടെന്ന് സഞ്ചരിക്കും. ഏറെക്കാലംകൊണ്ട് ഉണ്ടാകുന്ന അനുഭവങ്ങള്‍ കുറച്ചുനാള്‍ കൊണ്ട് അനുഭവിക്കാനാകും. ചരിത്രത്തില്‍ ഇന്നുവരെ നേരിടാത്ത അനുഭവങ്ങളില്‍ കൂടിയാണ് കേരളജനത ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സുനാമി
യിലായിരുന്നു തുടക്കം. പിന്നെ ഓഖിയും ഗജയുമെന്ന കൊടുങ്കാറ്റുകള്‍. രണ്ടു പ്രളയങ്ങള്‍. ഒരുവട്ടം നിപ്പ വൈറസ് വിതച്ച നാശനഷ്ടങ്ങള്‍. ഇപ്പോള്‍ കോവിഡ്-19.

ഒരു ചെറുകാലത്തിനിടയ്ക്ക് മലയാളി ഇത്രയും വൈവിധ്യമാര്‍ന്ന ആപത്തുകളിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. ഓരോന്നിന്റേയും കാരണങ്ങള്‍ വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെ വ്യത്യസ്ത മേഖലകളിലെ പുതിയ അറിവുകളിലേക്കും തിരിച്ചറിവുകളിലേക്കും മലയാളിയുടെ സ്വാസ്ഥ്യം എടുത്തെറിയപ്പെടുന്നുണ്ട്. ഓരോ വട്ടവും നമ്മുടെ അതിജീവനശേഷികള്‍ പരീക്ഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതും പഠനകാലമാണ്.

ജീവശാസ്ത്രത്തിലെ ഒരു പ്രധാന തിരിച്ചറിവ് ഒരു ജീവജാലം മറ്റൊന്നിന്റെ ശരീരത്തിലേക്ക് കടന്നുകയറുന്നതുമായി ബന്ധപ്പെട്ടതാണ്. ഓരോ ശരീരവും നിരവധി ജീവജാലങ്ങളുടെ ആവാസസ്ഥലം കൂടിയാണ്. മനുഷ്യശരീരത്തിലും ശരീരത്തിനു പുറത്തും ജീവിക്കുന്ന പേനുകളും ഫംഗസുകളും മുതല്‍ ശരീരത്തിനുള്ളില്‍ ജീവിക്കുന്ന ബാക്ടീരിയകളും വിരകളുമൊക്കെ ആദ്യമായി മനുഷ്യശരീരത്തിലേക്ക് പ്രവേശിച്ചപ്പോഴൊക്കെ അപകടകരമായ ഇടപെടലുകളായിരുന്നു.

വരുന്ന പുതിയ ജീവിയോടും അതുല്‍പാദിപ്പിക്കുന്ന വസ്തുക്കളോടും ശരീരം തീവ്രമായി പ്രതികരിക്കും. പ്രതിരോധിക്കാന്‍ നമ്മുടെ ശരീരവും അതിജീവിക്കാന്‍ വന്നെത്തിയ ജീവിയും ശ്രമിക്കുമ്പോള്‍ വിജയം ഏതുപക്ഷത്തുമാകാം. പക്ഷേ വ്യത്യസ്തമായ കാലദൈര്‍ഘ്യം എടുത്തുകൊണ്ട് ഇരുശരീരങ്ങളും സമവായത്തിലെത്തുകയും ചെയ്യും. അതുകൊണ്ട് തന്നെ ഒരു ജീവജാലം എത്ര തീവ്രമായ പ്രതികരണമാണ് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്നത് എന്നത് അടിസ്ഥാനപ്പെടുത്തി ആ ജീവജാലം എത്രമുന്നേയാണ് മനുഷ്യശരീരത്തില്‍ എത്തിപ്പെട്ടതെന്ന് കണക്കുകൂട്ടുകയും ചെയ്യാം.

അസുഖമുണ്ടാക്കുകയും മരണ കാരണമാക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഉറപ്പാണ് ഈ ജീവജാലം മനുഷ്യശരീരത്തിലേക്ക് എത്തിയിട്ട് അധിക കാലമായില്ല. വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കില്‍ അത് ദീര്‍ഘകാലമായി എത്തിയിട്ട് എന്നും അനുമാനിക്കാം. ഈ പരസ്പരാശ്രിത പരിണാമം ഇരു ശരീരങ്ങള്‍ക്കും പ്രധാനമാണ്. വന്നുകയറിയ മനുഷ്യശരീരം മരിച്ചുപോയാല്‍ അതോടെ വന്നെത്തിയ ജീവിയുടെ പ്രജനനവും അവസാനിക്കും. കഴിയുന്നത്ര പ്രശ്‌നങ്ങളുണ്ടാക്കാതെ സഹവര്‍ത്തിത്വത്തിലൂടെ മുന്നോട്ട് പോവുക എന്ന അവസ്ഥയിലേക്ക് എത്തുംമുന്നെ പക്ഷേ, നിരവധി മരണങ്ങള്‍ സംഭവിക്കാം. ഇപ്പോള്‍ ലോകമെമ്പാടും സംഭവിക്കുന്ന പോലെ.

ജന്തുജന്യ വൈറസാണ് കോവിഡ്-19. 2002ല്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട സാര്‍സ് വൈറസും 2005ല്‍ അറേബ്യന്‍ നാടുകളില്‍ ഉദയം ചെയ്ത മേര്‍സ്(MERS) വൈറസും പുറപ്പെടുന്നത് വവ്വാലുകളില്‍ നിന്നാണ്. മനുഷ്യരിലേക്കെത്തും മുമ്പ് ഇടക്കാലപ്രഭവകേന്ദ്രമായി വര്‍ത്തിച്ചത് സാര്‍സിന്റെ കാര്യത്തില്‍ വെരുകുകളും മേര്‍സിന്റെ കാര്യത്തില്‍ ഒട്ടകങ്ങളുമാണ്. ഇവ രണ്ടിനും മുന്‍പ് 1998ല്‍ മലേഷ്യയില്‍ തുടങ്ങുകയും പിന്നീട് ബംഗ്ലാദേശിലേക്കും കേരളത്തിലേക്കും വ്യാപിക്കുകയും ചെയ്ത നിപ്പ വൈറസിന്റേയും ഉദയം വവ്വാലുകളില്‍ തന്നെ.

മലേഷ്യയില്‍ വവ്വാലില്‍ നിന്ന് പന്നികളിലേക്കും പന്നികളില്‍ നിന്നും മനുഷ്യരിലേക്കുമാണ് നിപ്പ പടര്‍ന്നത്. ബംഗ്ലാദേശിലാകട്ടെ നേരിട്ട് വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കും. ഈ അസുഖങ്ങളൊക്കെ വലിയൊരു ഭൂപ്രദേശത്ത് ആശങ്ക വിതയ്ക്കുമ്പോള്‍ ചില സ്ഥലങ്ങളില്‍ മാത്രമായി എന്നാല്‍ നിരന്തരമായി നിലനില്‍ക്കുന്ന വൈറസ് അസുഖങ്ങളും ഉണ്ട്. കുരങ്ങുകളില്‍ നിന്ന് ചെള്ളുകളിലൂടെ മനുഷ്യനിലേക്കെത്തുന്ന ക്യാസാനൂ
ര്‍(Kyasanur)അസുഖമാണ് ഏറ്റവും നല്ല ഉദാഹരണം.

കര്‍ണ്ണാടകയിലും വയനാട്ടിലും എപ്പോഴും മനുഷ്യജീവന്‍ അപഹരിക്കുന്നുണ്ട് ഈ വൈറസ്. പറക്കാനാവുന്ന സസ്തനിയായതിനാല്‍ വവ്വാലുകള്‍ക്ക് ദീര്‍ഘദൂരം സഞ്ചരിക്കാനാകും. കുരങ്ങന്മാരേക്കാള്‍. ഒരു സസ്തനിയായ മനുഷ്യന്റെ ശരീരത്തിലേക്ക് കടന്നുകയറുവാന്‍ ശേഷിയുള്ള വൈറസുകളെ പേറി നടക്കാനും ആവും വവ്വാലുകള്‍ക്ക്. സൂക്ഷ്മജീവികളുമായുള്ള മനുഷ്യന്റെ ഭീകരമായ യുദ്ധത്തിന് ദീര്‍ഘമായ ചരിത്രമുണ്ട്. പന്നിപ്പനിയും കുരങ്ങുപനിയും പക്ഷിപ്പനിയും എയ്ഡ്‌സും നിപ്പയും പേവിഷബാധയും അടക്കമുള്ള നിരവധി അസുഖങ്ങളുടെ ആവിര്‍ഭാവത്തില്‍ അഞ്ചു വ്യത്യസ്ത തലങ്ങള്‍ കണ്ടെത്താനാവും.

സ്വാഭാവികമായി മനുഷ്യരില്‍ കാണപ്പെടാത്തതും എന്നാല്‍ സവിശേഷ കാരണങ്ങളാല്‍ മനുഷ്യരിലെത്തിപ്പെടുകയും ചെയ്യുന്ന സൂക്ഷ്മജീവികളുടേതാണ് ആദ്യതലം-മലേറിയ പോലെ. രണ്ടാംതലം ഒരു സൂക്ഷ്മജീവി പരിണമിച്ച് സ്വാഭാവികമായിത്തന്നെ മനുഷ്യരിലേക്ക് എത്തിപ്പെടുകയും എന്നാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ദീര്‍ഘനാള്‍ കൈമാറ്റപ്പെടാന്‍ കഴിയാത്തതുമാണ്- നിപ്പ വൈറസിനെപ്പോലെ. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ചില ആവൃത്തി കൈമാറ്റപ്പെടാവുന്ന എബോള വൈറസിനെപ്പോലുള്ള സൂക്ഷ്മജീവികളാണ് മൂന്നാംതലം. പല ആവൃത്തികള്‍ പ്രഭവജീവിയിലേക്ക് തിരിച്ചുപോകാതെയും അവയില്‍ നിന്നും പുതിയ അണുബാധ ഉണ്ടാവുകയും ചെയ്യാതെ നിലനില്‍ക്കുന്ന ഡെങ്കിപ്പനി പോലുള്ളവയാണ് നാലാംതലം. മനുഷ്യരില്‍ മാത്രം അസുഖങ്ങളുണ്ടാക്കിയും നിരവധി തവണ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ ശേഷിയുള്ളതുമായ എയ്ഡ്‌സും ക്ഷയവും പോലുള്ള അസുഖങ്ങളാണ് അഞ്ചാം തലം. ഈ അവസാന തലത്തിലാണ് കോവിഡ്-19 പെടുക.

കോവിഡ്-19 ഒരു ആര്‍.എന്‍.എ വൈറസാണ്. ജനിതക വസ്തു ജീവജാലങ്ങളില്‍ പ്രചുരപ്രചാരമുള്ള ഡി.എന്‍.എ അല്ല. ഇന്ന് നമുക്ക് അറിയുന്നതില്‍ വെച്ച് ഏറ്റവും ത്വരിതഗതിയില്‍ ജനിതകമാറ്റം (മ്യൂട്ടേഷന്‍) ഉണ്ടാകാന്‍ കഴിയുന്നത് ആര്‍.എന്‍.എ വൈറസുകള്‍ക്കാണ്. വൈറസ് മറ്റൊരു ജീവിയുടെ ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ആ ജീവിയുടെ കോശത്തിനകത്ത് കയറി അതിന്റെ പ്രത്യുല്‍പാദന സംവിധാനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വയം പെരുകുകയാണ് ചെയ്യുക. ഇങ്ങനെ പെരുകുന്നതിന്റെ ഓരോ ആവൃത്തിയിലും പുതിയതായി ഉണ്ടാകുന്ന വൈറസുകള്‍ക്ക് ഒന്നോ അതിലധികമോ ജനിതകമാറ്റങ്ങളുണ്ടാകും.

അങ്ങനെ വൈറസ് പെരുകുമ്പോള്‍ അതിന്റെ തന്നെ കൃത്യമായ പതിവുകളല്ല മറിച്ച് സൂക്ഷ്മതലത്തില്‍ ജനിതകമായി വ്യത്യാസപ്പെട്ട ആയിരക്കണക്കിന് വൈറസുകളാണ് ഉത്പാദിപ്പിക്കപ്പെടുക. നിരവധിയായ ഈ മാറ്റങ്ങളിലൂടെയാണ് ഒരു ജീവജാലത്തില്‍ നിന്ന് മറ്റൊന്നിലേക്ക് സംക്രമിക്കാന്‍ ശേഷിയുള്ള വൈറസുകള്‍ നിര്‍മിക്കപ്പെടുന്നത്. കോവിഡ്-19 അത്തരത്തില്‍ പ്രകൃതിനിര്‍ധാരണത്തിലൂടെ ഉരുവമെടുത്ത, മനുഷ്യരില്‍ അസുഖമുണ്ടാക്കാന്‍ ശേഷി നേടിയ വൈറസാണ്.

മനുഷ്യവംശത്തെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയ സൂക്ഷ്മജീവികളുടെ വ്യാപന തോതില്‍ വലിയ വര്‍ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടിന്റെ മധ്യകാലത്ത്, ഏറ്റവും വേഗതയുള്ള സഞ്ചാരരീതി കുതിരവണ്ടിയായിരുന്ന നാളുകളില്‍ യൂറോപ്പിലും, ഏഷ്യയുടേയും ആഫ്രിക്കയുടേയും ചില ഭാഗങ്ങളിലും പടര്‍ന്നുപിടിച്ച പ്ലേഗിന്റെ സഞ്ചാരവേഗത ദിവസം ഒന്നര കിലോമീറ്റര്‍ എന്നതായിരുന്നു. 2015ല്‍ തെക്കേ അമേരിക്കയില്‍ പടര്‍ന്നുപിടിച്ച സിക വൈറസിന്റെ വ്യാപനവേഗത ദിവസേന 42 കിലോമീറ്ററായിരുന്നു. ഏറ്റവും ജനസാന്ദ്രമായ ബ്രസീലിയന്‍ പട്ടണങ്ങളില്‍ അത് 634 കിലോമീറ്ററും.

ഈ കണക്കുകളപ്പാടെ മാറ്റിമറിച്ചുകൊണ്ടാണ് ലോകമാകമാനം കോവിഡ് വൈറസ് പടര്‍ന്നത്. ചൈനയിലെ വുഹാനില്‍ ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് 19 രണ്ട് മാസത്തിനിടെ പടര്‍ന്നത് 190 രാജ്യങ്ങളിലേക്കാണ്. ആഗോളവത്കരണത്തിന് ശേഷം പതിന്‍മടങ്ങായി വര്‍ധിച്ച മനുഷ്യരുടെ യാത്ര കൊറോണയെ മനുഷ്യചരിത്രത്തില്‍ ഏറ്റവും വേഗതയില്‍ പടരുന്ന, മനുഷ്യരില്‍ അസുഖമുണ്ടാക്കുന്ന സൂക്ഷ്മജീവിയായി മാറ്റിക്കഴിഞ്ഞു.

ഇത്രവേഗത്തില്‍ പടരുന്ന അസുഖത്തോട് ശാസ്ത്രസമൂഹം എങ്ങനെയാണ് പ്രതികരിച്ചത്? 2002-03 കാലഘട്ടത്തില്‍ ചൈനയില്‍ തന്നെ ഉരുവംകൊണ്ടതും മറ്റു രാജ്യങ്ങളിലേക്ക് പടര്‍ന്നതുമായ സാര്‍സ് വൈറസിനോടുള്ള ശാസ്ത്ര പ്രതികരണവുമായാണ് നമുക്ക് അതിനെ ശരിയായി താരതമ്യം ചെയ്യാന്‍ പറ്റുക. കോവിഡ് 19ഉം സാര്‍സും അതുവരെ നമുക്ക് അറിയുന്ന കൊറോണാ വൈറസുകളില്‍ വെച്ച് ഏറ്റവും അപകടകാരികളായിരുന്നു. സാര്‍സ് വൈറസ് ബാധ ഒരു വ്യത്യസ്ത അസുഖമാണെന്ന് തിരിച്ചറിയാന്‍ തന്നെ മൂന്നുമാസം സമയമെടുത്തിരുന്നു. വീണ്ടും രണ്ടു മാസം സമയമെടുത്തു അസുഖമുണ്ടാക്കുന്ന സൂക്ഷ്മജീവി ഏതെന്ന് കണ്ടെത്താന്‍.

ലോകാരോഗ്യ സംഘടനയെ വിവരമറിയിക്കാനെടുത്തത് രണ്ടര മാസം. ചൈനയ്ക്ക് പുറത്തുള്ള പരീക്ഷണശാലകളിലാണ് സാര്‍സ് വൈറസിന്റെ ജനിതകഘടന കണ്ടെത്തപ്പെട്ടത്. എന്നാല്‍ കോവിഡ് 19 ന്റെ കാര്യത്തിലാകട്ടെ ആദ്യമായി അസുഖം കണ്ടെത്തപ്പെട്ട് മൂന്നാഴ്ചക്കുള്ളില്‍ ലോകാരോഗ്യസംഘടനയെ വിവരം അറിയിച്ചു. വീണ്ടും രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് 19 വൈറസ് വേര്‍തിരിച്ചെടുക്കപ്പെടുകയും ജനിതകഘടന കണ്ടെത്തപ്പെടുകയും പരിശോധനാ സംവിധാനം നിലവില്‍ വരികയും ചെയ്തു. വളരെപ്പെട്ടെന്ന് ശാസ്ത്രസൂഹം പ്രതികരിച്ചെങ്കിലും സാര്‍സിന്റെ അത്ര മരണകാരിയല്ലാതിരുന്നിട്ടും കൂടി ആദ്യമൂന്നുമാസം കൊണ്ട് തന്നെ സാര്‍സിനാല്‍ മരിച്ചവരേക്കാള്‍ അഞ്ചിരട്ടി മനുഷ്യരാണ് കോവിഡ് 19നാല്‍ മരിച്ചത്.

ഇതാണ് മനുഷ്യനും സൂക്ഷ്മജീവികളും തമ്മിലുള്ള യുദ്ധത്തിന്റെ സമകാലീനാവസ്ഥ. അസുഖകാരണം കണ്ടെത്തുന്നതിനും രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുന്നതിലും വലിയ വേഗത അന്താരാഷ്ട്ര സമൂഹം നേടിയപ്പോഴും വൈറസുകളുടെ പ്രഹരശേഷി വര്‍ധിക്കുകയാണ്.
ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് കടന്നുകയറുന്ന വൈറസുകള്‍ എന്തുകൊണ്ടാണ് ക്രമാതീതമായി ഇപ്പോള്‍ വര്‍ധിച്ചുവരുന്നത്? മറ്റു ജീവജാലങ്ങളും മനുഷ്യനും തമ്മില്‍ ഇടപെടലുകളുടെ രീതി പഴയതിനേക്കാള്‍ മാറിയിരിക്കുന്നു.

മനുഷ്യര്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ ഒരുകാലത്ത് പൂര്‍ണമായും വന്യതയില്‍ നിന്ന് ലഭിക്കുന്നതായിരുന്നു. ഇന്ന് അതിന് പകരം വലിയ ഫാമുകളില്‍ വളര്‍ത്തിയെടുക്കുന്നവയാണ്. ആദ്യത്തേതില്‍ നിന്നും വളരെ കുറച്ച് പ്രതിരോധശേഷിയെ നമ്മള്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഉണ്ടാകൂ. ഇതിന് കാരണം നമുക്കിഷ്ടമുള്ള ഒരു സ്വഭാവത്തെ- കൂടുതല്‍ ഇറച്ചി, കൂടുതല്‍ പാല്‍- എന്നിങ്ങനെ മുന്‍നിര്‍ത്തിയാണ് നമ്മള്‍ അവയെ തിരഞ്ഞെടുക്കുന്നതും പ്രജനനം നടത്തുന്നതും എന്നതാണ്. കാട്ടുകോഴിക്ക് പുരയിടത്തില്‍ അഴിച്ച് വിട്ട് വളര്‍ത്തുന്ന കോഴികളേക്കാള്‍ പ്രതിരോധശേഷി കൂടുതലായിരിക്കും. എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്ന കോഴിക്ക് കൂട്ടിലിട്ട് വളര്‍ത്തുന്ന ബ്രോയിലര്‍ കോഴികളേക്കാള്‍ പ്രതിരോധ ശേഷി ഉണ്ടാവുകയും ചെയ്യും. ഒരേ ജീവജാതിയായതിനാല്‍ ഇവ തമ്മില്‍ സൂക്ഷ്മജീവികളുടെ കൈമാറ്റം സാധ്യമാവുകയും ചെയ്യും.

കാട്ടിലെ ജീവജാലങ്ങള്‍- പന്നിയായാലും കോഴിയായാലുമൊക്കെ കാട്ടില്‍ നിന്ന് നമ്മള്‍ വീട്ടില്‍ വളര്‍ത്തുന്ന അവസ്ഥയിലേക്കും അവിടെ നിന്ന് ഫാമില്‍ വലിയ കൂട്ടങ്ങളായി വളര്‍ത്തുന്ന അവസ്ഥയിലേക്കും മാറുമ്പോള്‍ അവയുടെ സഹജമായ ജനിതക വൈവിധ്യം കുറയുകയും എന്നാല്‍ സൂക്ഷ്മജീവികളുടെ പ്രജനനത്തിന് അനുകൂലമായ അവസ്ഥയിലേക്ക് മാറുകയും ചെയ്യും. വളരെ വൈവിധ്യമാര്‍ന്ന ജന്തുജാതികളെ- പാമ്പും വെരുകും വവ്വാലും പന്നിയും ഒക്കെ ഭക്ഷിക്കുന്ന ഇടങ്ങളില്‍ അവയെ വലിയ തോതില്‍ വളര്‍ത്തേണ്ടിവരികയും അവിടങ്ങളിലൊക്കെ അവയില്‍ ജീവിക്കുന്ന സൂക്ഷ്മജീവികള്‍ മനുഷ്യനിലേക്ക് കടന്നുകയറാനുള്ള നിരവധി അവസരങ്ങള്‍ സംജാതമാവുകയും ചെയ്യും. ആയിരക്കണക്കിന് സൂക്ഷ്മജീവികളില്‍ നിന്ന് അത്യപൂര്‍വമായി ചിലത് മനുഷ്യനില്‍ തീവ്രമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കുകയും അത് അപകടകാരിയായി മാറുകയും ചെയ്യുന്നു.

അതുകൊണ്ട് കോവിഡ് 19 ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്നത് കേന്ദ്രീകൃത ഉദ്പാദന സംവിധാനത്തിലേക്ക് വളര്‍ന്ന് കയറിയ മുതലാളിത്തത്തിനാണ്. അസുഖം ഉണ്ടാകുന്ന കാര്യത്തില്‍ മാത്രമല്ല അത് പകരുന്ന കാര്യത്തിലും. വലിയ മാളുകള്‍ ലോകത്തെമ്പാടും ചെറുകിട വ്യാപാരശാലകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കാലത്താണ് ദൈനംദിന ആള്‍ക്കൂട്ടങ്ങള്‍ അപകടകരമായി മാറിയത്. കോവിഡ് 19ന്റെ രാഷ്ട്രീയ വിവക്ഷകളും പ്രധാനമാണ്. നിരവധി രാജ്യങ്ങളിലേക്ക് കോവിഡ് 19 പടര്‍ന്നു കഴിഞ്ഞപ്പോള്‍ ശ്രദ്ധ നേടിയത് ഏതുതരം ഭരണ സംവിധാനമാണ് ഇത്തരമൊരു മഹാമാരിയെ നേരിടാന്‍ ഏറ്റവും സജ്ജം എന്ന ചോദ്യമാണ്.

പ്രാദേശികതലത്തില്‍ കുറ്റമറ്റ ആരോഗ്യ സംവിധാനമുണ്ടാക്കുവാനായി ഇത്രനാളും ശ്രമിച്ചിരുന്ന നാടുകളില്‍ പ്രതിരോധം കൃത്യമായി നടപ്പില്‍ വരുത്തുവാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടു തരത്തിലുള്ള പ്രതികരണങ്ങളാണ് അടുത്ത നാളുകളില്‍ ശ്രദ്ധ നേടുക. അതില്‍ ആദ്യത്തേത് നിലവിലുള്ള കേന്ദ്രീകൃത മുതലാളിത്തത്തിന്റെ വ്യാപനത്തിനോടൊപ്പം പുതുതായി മനുഷ്യനിലേക്കെത്താന്‍ സാധ്യതയുളള സൂക്ഷ്മജീവികളെ നിരീക്ഷിക്കുവാനും നേരിടാനുമുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും എന്നതാണ്.

മറ്റൊരു വഴി നിലവിലുള്ള വികസന മാതൃകകളെ വികസനപരമായി വിലയിരുത്തി കൂടുതല്‍ വികേന്ദ്രീകൃതമായ ഭക്ഷ്യ ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും വഴികള്‍ ആലോചിക്കുക എന്നതാണ്. ഈ രണ്ട് കാഴ്ചപ്പാടുകളും ഇടകലര്‍ന്ന് ഉരുവപ്പെടുന്ന ജീവിതക്രമത്തിന്റെ ഉല്‍പ്പത്തിയാവും നമ്മെ കാത്തിരിക്കുന്നത്. പക്ഷേ അതിലേക്ക് എത്തും മുന്‍പ് നിലവിലുള്ള അപകടാവസ്ഥ തരണം ചെയ്യേണ്ടതായിട്ടുണ്ട്. അതില്‍ നിര്‍ണായകമാവുക ശാസ്ത്രീയ നിലപാടുകള്‍ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തുക എന്നതാണ്. സ്വയമൊരു വിശ്വാസമുണ്ടാവുക, അത് കഴിയുന്നത്ര നാള്‍ പിന്തുടരുക എന്നതാണ് അനുശീലിക്കപ്പെട്ട രീതി. മതങ്ങളിലും ആചാരങ്ങളിലുമുള്ള വിശ്വാസം തന്നെ ഏറ്റവും നല്ല ഉദാഹരണം.

സമൂഹത്തില്‍ ശാസ്ത്രബോധം ഉണ്ടാക്കുക എന്നത് ഇതിന്റെ നേര്‍ വിപരീതമാണ്. ശാസ്ത്രം അവസാന വാക്ക് പറയുന്നില്ല. പുതിയ തെളിവുകളും അറിവും അടിസ്ഥാനപ്പെടുത്തി നിരന്തരം തിരിച്ചറിവുകള്‍ ഉദ്പാദിപ്പിക്കുന്ന സംവിധാനമാണ് ശാസ്ത്രം. കോവിഡിന്റെ ഉത്ഭവ, പ്രസരണരീതിയായിരിക്കണമെന്നില്ല ഇനി മനുഷ്യനിലേക്ക് കടന്നുകയറുന്ന സൂക്ഷ്മജീവിക്ക്. അതുകൊണ്ട് തന്നെ ദീര്‍ഘനാളായി നിലനില്‍ക്കുന്ന ധാരണകള്‍ക്കനുസരിച്ച് അവയെ നേരിടാന്‍ കഴിയുകയും ഇല്ല. ഇത്തരത്തില്‍ പുതിയ അറിവുകളോട് സംവദിക്കാന്‍ കഴിയുന്ന ഒരു ജനതയാണ് ഇനിയങ്ങോട്ട് അതിജീവിക്കുക. ഈ അതിജീവനത്തില്‍ പ്രധാനമാകുന്ന മൂന്നുതരം ആരോഗ്യങ്ങളുണ്ട്. പാരിസ്ഥിതിക ആരോഗ്യമാണ് അതിലൊന്ന്. ഈ പ്രകൃതിയിലെ ജീവജാലങ്ങള്‍ കഴിയുന്നത്ര വെല്ലുവിളിക്കപ്പെടാതിരിക്കുക എന്നതാണത്.

ഓരോ ജീവജാലത്തിനും അതിന്റേതായ ജനിതക വൈവിധ്യം നിലനിര്‍ത്തിക്കൊണ്ട് ആരോഗ്യമുള്ള ആവാസ വ്യവസ്ഥകളില്‍ ജീവിക്കുവാന്‍ കഴിയുക എന്നത് പ്രധാനമാണ്. അപ്പോള്‍ മാത്രമേ അവയുടെ ശരീരങ്ങളില്‍ മാത്രമായി നിലനില്‍ക്കുന്ന സൂക്ഷ്മജീവികളും സഹപരിണാമത്തിലൂടെ അപകടമുണ്ടാക്കുന്ന പുത്തന്‍ ഇടപെടലുകളില്ലാതെ മറ്റു ജീവജാലങ്ങളിലേക്ക് പടരാതെ നിലനില്‍ക്കൂ.

രണ്ടാമത്തേത് ശാരീരികാരോഗ്യമാണ്. നമുക്കിന്നറിയുന്നതിനനുസരിച്ച് സൂക്ഷ്മജീവികള്‍ ഒറ്റക്കായും പരസ്പരം സഹകരിച്ചും മനുഷ്യശരീരത്തില്‍ ഇടപെടുമ്പോള്‍ അതിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം ഒരു വ്യക്തിയുടെ ആരോഗ്യമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി ശോഷിക്കാതെ നോക്കുക എന്നതാണ് ഇതിന്റെ കാതല്‍. മൂന്നാമത്തേത് സാമൂഹികാരോഗ്യമാണ്. ഒരു സമൂഹം എന്ന നിലയ്ക്ക്
പുതിയ അറിവുകളെ സ്വാംശീകരിക്കുവാനും അതിനെ ഉള്‍ച്ചേര്‍ത്ത് കൊണ്ട് ഏറ്റവും ശരിയായ ഭരണരീതിയും സാമൂഹിക നിലപാടുകളും നിലനിര്‍ത്തുക എന്നതാണത്. സ്വന്തം ശരീരത്തിന്റേയും ചുറ്റുമുള്ള പരിസ്ഥിതിയുടെയും ജീവിക്കുന്ന സമൂഹത്തിന്റേയും ആരോഗ്യത്തെ നശിപ്പിക്കുന്ന സംവിധാനങ്ങളോട് വഴക്ക് കൂടുകയും അവയെ ഉറപ്പിച്ചുനിര്‍ത്തുന്ന സംവിധാനങ്ങള്‍ക്ക് ഉറപ്പേകുകയും ചെയ്തുകൊണ്ടാണ് നമുക്ക് അതിജീവിക്കാനാവുക.

(കടപ്പാട്-ചന്ദ്രിക ആഴ്ചപ്പതിപ്പ്)

 

ഡോ.ടി.വി സജീവ്
ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍