[]തിരുവനന്തപുരം: മുഖ്യമന്ത്രിപദം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. വിഷയത്തില്‍ കെ.എം മാണി തുടരുന്ന മൗനം വെടിയണമെന്ന് കെ.പി.സി.സി ഔദ്യോഗിക വാക്താവ് കൂടിയായ പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം ഈ വിഷയത്തില്‍ ഇതാദ്യമായാണ് മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിക്കാന്‍ തയ്യാറാകുന്നത്. മുഖ്യമന്ത്രിയാകണമെങ്കില്‍ കെ.എം മാണി ആദ്യം കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വം എടുക്കട്ടെയെന്നു യൂത്ത് കോണ്‍ഗ്രസ്സ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
കോണ്‍ഗ്രസ്സ് നേതാക്കള്‍ ഈ വിഷയത്തില്‍ മൗനം തുടരുന്നതിനിടയിലാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ കേരളാ കോണ്‍ഗ്രസ് വീഴരുതെന്നും മാണിയുടെ മൗനം യു.ഡി.എഫില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നുമുളള പന്തളം സുധാകരന്റെ ഫേസ്ബുക്ക് പോസ്‌ററ്.
മൗനം വെടിയാത്ത പക്ഷം യു.ഡി.എഫില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കാരണമാകുന്ന ബുദ്ധിപരമായ മൗനമായിട്ടെ ഇതിനെ കാണാന്‍ കഴിയൂ എന്നും പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു.
കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്റെ സാന്നിധ്യത്തില്‍ ഭരണങ്ങാനത്ത് നടന്ന കോട്ടയം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പഠന ക്യാംപില്‍ ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് രാഷ്ട്രീയ പ്രമേയം പാസാക്കിയിരുന്നു. തൊട്ടു പിന്നാലെയാണു വിമര്‍ശനം ഉന്നയിച്ച് പന്തളം സുധാകരന്‍ രംഗത്തെത്തുന്നത്.