നാമജപ പ്രതിഷേധം നടത്തി അറസ്റ്റിലായ 69 പേര്‍ക്കും വന്‍ സ്വീകരണമൊരുക്കി പന്തളം കൊട്ടാരം; ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചു
Sabarimala women entry
നാമജപ പ്രതിഷേധം നടത്തി അറസ്റ്റിലായ 69 പേര്‍ക്കും വന്‍ സ്വീകരണമൊരുക്കി പന്തളം കൊട്ടാരം; ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd November 2018, 12:40 pm

സന്നിധാനം: ശബരിമല നടയടച്ചശേഷം നാമജപ പ്രതിഷേധം നടത്തി അറസ്റ്റിലായ ശേഷം കോടതി ജാമ്യം അനുവദിച്ച 69 പേര്‍ക്കും വന്‍ സ്വീകരണം നല്‍കി പന്തളം കൊട്ടാരം.

ജാമ്യത്തില്‍ ഇറങ്ങി എത്തിയ എല്ലാവരെയും കൊട്ടാരം പ്രതിനിധികള്‍ ഷാളണിയിച്ച് സ്വീകരിച്ചു. എല്ലാവരുടെയും ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചു. വിലക്കു തീരുന്ന മുറയ്ക്ക് ഇവരെ വീണ്ടും മലകയറ്റുമെന്നും പന്തളം കൊട്ടാരം പ്രതിനിധികള്‍ അറിയിച്ചു.

ഇന്നലെയാണ് പത്തനംതിട്ട മുന്‍സിഫ് കോടതി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും 69 പേര്‍ക്കും ജാമ്യം അനുവദിച്ചത്. റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന നിര്‍ദേശത്തോടെയാണ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. സുരേന്ദ്രനൊപ്പം തന്നെ ജാമ്യം ലഭിച്ച 69 പേര്‍ക്കും റാന്നി താലൂക്കില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു.


തെരഞ്ഞെടുപ്പില് വി.വി പാറ്റിന് പകരം ബാലറ്റ് പേപ്പര്‍ വേണമെന്ന ഹരജി സുപ്രീം കോടതി തള്ളി


സന്നിധാനത്ത് വിരിവെക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ ശരണംവിളിച്ച് പ്രതിഷേധം നടത്തിയത്. ഹരിവരാസനം പാടി നടയടച്ച ശേഷമായിരുന്നു ഇവരുടെ പ്രതിഷേധം. തുടര്‍ന്നായിരുന്നു പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തത്.

അതേസമയം ഭക്തരെ തടയുന്ന നിരോധനാജ്ഞ ശബരിമലയില്‍ ഇല്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അത്തരമൊരു സാഹചര്യം ഇപ്പോള്‍ നിലവിലില്ല. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ സാങ്കേതികം മാത്രമാണെന്നും കടകംപള്ളി പറഞ്ഞു.

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ അന്തിമ വിധിക്കായി കാത്തിരിക്കുകയാണെന്ന് ബി.ജെ.പി അറിയിച്ചു. യുവതീപ്രവേശത്തെ ഭക്തര്‍ എതിര്‍ക്കുന്നു. സര്‍ക്കാര്‍ ഇരന്നു വാങ്ങിയ പ്രക്ഷോഭമാണ് ഇതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹം പമ്പയില്‍ പൊലീസ് തടഞ്ഞെന്നാരോപിച്ച് തമിഴ്‌നാട് കന്യാകുമാരി ജില്ലയില്‍ നാളെ ബി.ജെ.പി ബന്ദ് പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്. അയ്യപ്പ ഭക്തരെ ബന്ദില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.