പത്തനംതിട്ട: ശബരിമല ക്ഷേത്രം അടച്ചിടണമെന്ന് പറയാനുള്ള അവകാശം തങ്ങള്‍ക്ക് തന്നെയെന്ന് പന്തളം കുടുംബാംഗം ശശികുമാര വര്‍മ്മ.
വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉടമ്പടി പ്രകാരമാണ് ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള അധികാരം തങ്ങള്‍ക്ക് ലഭിച്ചത്. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വാദിക്കുന്നവരുടേത് സ്പോണ്‍സേര്‍ഡ് സമരമാണെന്നും അദ്ദേഹം ആരോപിച്ചു.
കടയടക്കുന്നതുപോലെ നടയടക്കാന്‍ പറ്റുമോയെന്ന് കഴിഞ്ഞദിവസം മന്ത്രി ജി സുധാകരന്‍ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് പന്തളം കൊട്ടാരം പ്രതിനിധിയുടെ പ്രതികരണം.
ഹര്‍ത്താലിന് കട അടച്ചിടുന്ന ലാഘവത്തോടെയാണ് തന്ത്രി നട അടച്ചിടുമെന്ന് പറഞ്ഞതെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. ഈ നിലപാട് കേരളം ചര്‍ച്ച ചെയ്യണം. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പന്തളം കുടുംബത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം മണിയും രംഗത്തെത്തിയിരുന്നു. രാജഭരണം കഴിഞ്ഞുപോയെന്നത് പന്തളം രാജകുടുംബം മറന്ന് പോയിരിക്കുകയാണെന്നും ഇപ്പോള്‍ ജനാധിപത്യം ആണുള്ളതെന്നും എം.എം മണി പറഞ്ഞിരുന്നു.