ലോക്ക്ഡൗണ്‍ സമയത്ത് സീരീസ് പ്രേമികളുടെ ഹൃദയം കവര്‍ന്ന ഇന്ത്യന്‍ സീരീസുകളിലൊന്നായിരുന്നു പഞ്ചായത്ത്. ഉത്തര്‍പ്രദേശിലെ ഫുലേറ എന്ന സാങ്കല്പിക ഗ്രാമവും അവിടുത്തെ പഞ്ചായത്ത് ഓഫീസിലെ കഥകളും പറഞ്ഞ സീരീസായിരുന്നു പഞ്ചായത്ത്. ആമസോണ്‍ പ്രൈമില്‍ റിലീസായ സീരീസിന്റെ ആദ്യ സീസണില്‍ ഗ്രാമത്തിന്റെ നന്മകളോടൊപ്പം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ യാഥാര്‍ത്ഥ്യവും ലളിതമായ രീതിയില്‍ വരച്ചുകാട്ടിയിരുന്നു.
2020ല്‍ പുറത്തിറങ്ങിയ ആദ്യ സീസണിന്റെ വിജയത്തിന് പിന്നാലെ 2022ല്‍ രണ്ടാം സീസണും പുറത്തിറങ്ങിയിരുന്നു. സീരീസ് കാണുന്ന പ്രേക്ഷകന് ആ ഗ്രാമത്തിലെ ഒരാളായി മാറാന്‍ കഴിഞ്ഞിരുന്നു. ജിതേന്ദ്ര കുമാര്‍, രഘുബീര്‍ ഗുപ്ത, നീന ഗുപ്ത, ചന്ദന്‍ റോയ് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരീസിന്റ മൂന്നാം സീസണിന്റെ റിലീസ് തിയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ആമസോണ്‍ പ്രൈമിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. മെയ് 208നാണ് മൂന്നാം സീസണ്‍ പുറത്തിറങ്ങുക. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് രണ്ടാം സീസണ്‍ അവസാനിച്ചത്. ഫുലേര പഞ്ചായത്തില്‍ ഇനിയെന്തൊക്കെ സംഭവിക്കുമെന്ന് അറിയാന്‍ സീരീസ് പ്രേമികള്‍ കാത്തിരിക്കുകയാണ്.
എം.ബി.എ എന്‍ട്രന്‍സ് പരീക്ഷ തോറ്റ അഭിഷേക, പി.എസ്.സി വഴി കിട്ടിയ പഞ്ചായത്ത് സെക്രട്ടറി ജോലിക്കായി ഫുലേറ ഗ്രാമത്തിലെത്തുകയും, താത്പര്യമില്ലാത്ത ജോലിയില്‍ തുടരുകയും ചെയ്യുന്നതിലൂടെയാണ് സീരീസിന്റെ കഥ ആരംഭിക്കുന്നത്. ആദ്യമൊന്നും ഗ്രാമത്തിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കാത്ത അഭിഷേക് പിന്നീട് ആ ഗ്രാമത്തിലെ ഒരാളായി മാറുന്നതിലൂടെയാണ് സീരീസിന്റെ കഥ പുരോഗമിക്കുന്നത്. പുതിയ സീസണോടെ സീരീസ് അവസാനിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
Content Highlight: Panchayath Season 3 release date announced