കോഴിക്കോട്: കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നാളെ കേരളം സന്ദര്‍ശിക്കും. തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ വീട് സന്ദര്‍ശിക്കാനാണ് ജെയ്റ്റ്‌ലി കേരളത്തിലെത്തുന്നത്. കേരളത്തില്‍ സി.പി.ഐ.എം ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണെന്നും രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം.
കേരളത്തിലെത്തുന്ന മന്ത്രിയോട് ആര്‍.എസ്.എസ് ഗുണ്ടകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തന്റെ ഭര്‍ത്താവ് ശ്രീജന്‍ ബാബുവിനെ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം നേതാവും കണ്ണൂര്‍ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ രമ്യ ആവശ്യപ്പെട്ടിരിക്കുകയാണ്. ജെയ്റ്റ്‌ലിയ്‌ക്കെഴുതിയ കത്തിലൂടെയാണ് രമ തന്റെ ആവശ്യം അറിയിച്ചിരിക്കുന്നത്.
ഓട്ടോറിക്ഷ ഡ്രൈവറായ തന്റെ ഭര്‍ത്താവിനെ ആര്‍.എസ്.എസ് ഗുണ്ടകള്‍ പട്ടാപ്പകല്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും രമ്യ
കത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ 33 ദിവസമായി രമ്യയുടെ ഭര്‍ത്താവ് ആശുപത്രിയില്‍ കഴിയുകയാണ്.
ഭര്‍ത്താവ് ഓട്ടോയോടിച്ച് കിട്ടുന്ന പണമായിരുന്നു വീട്ടിലെ വരുമാനമെന്നും രമ്യ പറയുന്നു. വളരെ സമാധാനപരമായി ജീവിക്കുകയായിരുന്നു തങ്ങളെന്നും രാഷ്ട്രീയത്തിലും സമാധാനമായിരുന്നുവെന്നും രമ്യ പറയുന്നു.
കഴിഞ്ഞ മാസം മൂന്നാം തിയ്യതി ഉച്ചയ്ക്ക് ഓട്ടോ സ്റ്റാന്റില്‍ യാത്രക്കാരെ കാത്തിരിക്കുകയായിരുന്ന തന്റെ ഭര്‍ത്താവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചായിരുന്നു സംഘത്തിന്റെ ആക്രമണം. വാള്‍, മഴു, തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്നും ആക്രമികളെ ഭയന്ന് ദൃക്‌സാക്ഷികളാരും പ്രതിരോധിക്കാന്‍ തയ്യാറായില്ലെന്നും രമ്യ പറയുന്നു.
മരിച്ചെന്നു കരുതി സംഘം അവിടെ നിന്നും പോയതിന് ശേഷമാണ് കണ്ടു നിന്നവര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അവിടുന്നും കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെത്തിച്ച ഭര്‍ത്താവിന്റെ ദേഹത്ത് 45 മണിക്കൂര്‍ നീണ്ടു നിന്ന ഏഴ് സര്‍ജറികള്‍ നടത്തിയെന്നും രമ്യ കത്തില്‍ പറയുന്നു.
പൊതുവെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറവുള്ള പ്രദേശമാണ് തങ്ങളുടേതെന്നും എന്നാല്‍ കഴിഞ്ഞ ആറ് മാസമായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വന്നിട്ടുണ്ടെന്നും രമ്യ ചൂണ്ടിക്കാണിക്കുന്നു.
ഭര്‍ത്താവിനെതിരെ ആക്രമണം നടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും അവരില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. സമാധാനത്തോടെ ജീവിക്കുന്നവരുടെ നേരെ ആക്രമണം നടത്തരുതെന്ന് ആര്‍.എസ്.എസിനോട് താങ്കള്‍ ആവശ്യപ്പെടുമെന്നാണ് കരുതുന്നതെന്നും രമ്യ ജെയ്റ്റ്‌ലിയോട് പറയുന്നു.
കഴിഞ്ഞ 33 ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനെ കാണണമെന്ന് പറഞ്ഞാണ് രമ്യ തന്റെ കത്ത് അവസാനിപ്പിക്കുന്നത്.