| Sunday, 3rd March 2019, 9:51 am

പ്രളയകാലത്തെ നികുതി നല്‍കിയില്ല; റാന്നിയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്തിന്റെ ജപ്തി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാന്നി: പ്രളയകാലത്തെ വാടകയും സേവന നികുതിയും അടക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട റാന്നിയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്തിന്റെ ജപ്തി നോട്ടീസ്. റാന്നി പഴവങ്ങാടി പഞ്ചായത്താണ് അന്‍പതിലധികം വ്യാപാരികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

പ്രളയ ബാധിതര്‍ക്ക് നേരെ ജപ്തി നടപടികളുണ്ടാകില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനു വിപരീതമായാണ് പഴവങ്ങാടി പഞ്ചായത്ത് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്.


പ്രളയത്തെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചിടേണ്ടി വന്ന മാസങ്ങളിലെ വാടക കുടിശികയും, സേവന നികുതിയും അടക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 5000 മുതല്‍ 50000 വരെ കുടിശികയുള്ളവരാണ് ഈ വ്യാപാരികള്‍.

ഏഴു ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ ജപ്തിയിലേക്ക് കടക്കുമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ ഇറക്കിയ നോട്ടീസില്‍ പറയുന്നത്.

പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ കുടിശിക അടക്കണമെന്നായിരുന്നു വിശദീകരണം എന്ന് വ്യാപാരികള്‍ പറഞ്ഞു. നേരത്തെ ജപ്തി നടപടികള്‍ ഉണ്ടാവില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കിയിരുന്നതായും വ്യാപാരികള്‍ പറഞ്ഞു.

പ്രളയക്കെടുതിയില്‍ തകര്‍ന്ന വ്യാപാര മേഖല തിരിച്ചുവരുമ്പോള്‍ ജപ്തിയുമായി നീങ്ങുന്ന നടപടികള്‍ പഞ്ചായത്ത് അവസാനിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.


പ്രളയത്തില്‍ സാധനങ്ങള്‍ നശിച്ച കടകള്‍ക്ക് ഇന്‍ഷൂറന്‍സ് തുക നല്‍കാന്‍ ഇനിയും ചില കമ്പനികള്‍ തയ്യാറാകുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് പല തവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെന്നും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു. റാന്നിയില്‍ പ്രളയത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ 40ല്‍ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇനിയും തുറന്നിട്ടില്ല.

We use cookies to give you the best possible experience. Learn more