| Tuesday, 18th August 2015, 5:42 pm

പഞ്ചായത്ത് വിഭജനം: ഹൈക്കോടതി വിധി മറ്റെന്നാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:  പഞ്ചായത്ത് വിഭജനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. കേസില്‍ സംസ്ഥാന സര്ഡക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് കമ്മീഷന് അന്തിമ തീരുമാനമെടുക്കാം ഇക്കാര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

അതേ സമയം തെരഞ്ഞെടുപ്പ് വൈകാന്‍ കാരണം സര്‍ക്കാരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വാദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2012 മുതല്‍ അയച്ചിരുന്ന കത്തുകള്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നെന്നും ഇനി വിഭജനം പൂര്‍ത്തിയാക്കി കൃത്യ സമയത്ത് തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ പുതിയ വാര്‍ഡ് വിഭജന പ്രകാരം നവംബറില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.  2010ലെ വാര്‍ഡ് വിഭജനം 2001ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍, ജനസംഖ്യയില്‍ ആനുപാതിക മാറ്റം വന്നിട്ടുണ്ട്. അതിനാല്‍ 2011ലെ സെന്‍സസ് പ്രകാരം വാര്‍ഡുകള്‍ വിഭജിക്കാന്‍ അനുവദിക്കണം. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താല്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് 88 ദിവസം മതിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

2010ലെ വാര്‍ഡ് വിഭജന പ്രകാരം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മാത്രമേ നവംബറില്‍ പഞ്ചായത്തുകളില്‍ ഭരണമാറ്റം സാധ്യമാവുകയുള്ളൂവെന്നാണ് കമ്മീഷന്റെ നിലപാട്. എന്നാല്‍  2013ല്‍ 978 വാര്‍ഡുകള്‍ വിഭജിച്ചത് 68 ദിവസം കൊണ്ടാണെന്നും. ഇത്തവണ 204 വാര്‍ഡുകള്‍ മാത്രമേ വിഭജിക്കാനുള്ളൂവെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.

We use cookies to give you the best possible experience. Learn more