| Friday, 31st July 2020, 8:10 pm

തദ്ദേശ തെരഞ്ഞെടുപ്പിന് മാറ്റമില്ല; വോട്ടെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന സ്ഥിതി തുടര്‍ന്നാലും തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍. ഒക്ടോബര്‍ അവസാന വാരമോ നവംബര്‍ ആദ്യവാരമോ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് തെരഞ്ഞടുപ്പ് നടത്തുക. ഏഴു ജില്ലകള്‍ വീതം രണ്ട് ഘട്ടങ്ങളായാവും വോട്ടെടുപ്പ്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ഒരുമണിക്കൂര്‍ കൂടി നീട്ടും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുമണി വരെയായിരിക്കും പോളിംഗ് സമയം.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും കൊവിഡ് പ്രോട്ടോകോള്‍ ബാധകമായിരിക്കും. രണ്ടോ മൂന്നോ പേര്‍ക്ക് മാത്രമായിരിക്കും വീടുകളിലെത്തി വോട്ടഭ്യര്‍ത്ഥിക്കാനുള്ള അനുമതി. നവ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു. ഈ മാസം 15നകം പുതുക്കിയ വോട്ടര്‍ പട്ടിക പുറത്തിറക്കും.

75 വയസ്സിന് മുകളിലുള്ളവര്‍ക്കും കൊവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്, പ്രോക്‌സി വോട്ട് സംവിധാനമേര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യുമെന്നും കമ്മീഷണര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more