ആഗ്ര: പെണ്‍കുട്ടിയുടെ “യഥാര്‍ത്ഥ” കാമുകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മെയ്ന്‍പുരിയില്‍ കുരാവാലി പോലീസ് സ്‌റ്റേഷനു കീഴില്‍ വരുന്ന പഞ്ചായത്ത്. ഇതിനായി പഞ്ചായത്ത് വിളിച്ചുചേര്‍ത്ത് പോലീസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
പെണ്‍കുട്ടിയുടെ കാമുകന്‍ ആരാണെന്ന് ഉറപ്പുവരുത്താന്‍ രണ്ട് യുവാക്കളുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കാനാണ് പഞ്ചായത്ത് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിരുദവിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ക്കൊപ്പം വീട്ടില്‍ കണ്ടത്തിയതിനെ തുടര്‍ന്നാണ് ഗ്രാമീണര്‍ കാമുകനെ കണ്ടെത്താനുള്ള ഉദ്യമം ആരംഭിച്ചത്.
ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനായി എല്ലാപാര്‍ട്ടികളെയും ഉള്‍പ്പെടുത്തി പഞ്ചായത്തു വിളിച്ചുചേര്‍ത്തു. ആദ്യം പെണ്‍കുട്ടിയുടെ കാമുകനെന്നു ധരിച്ച യുവാവ് ഇക്കാര്യം നിഷേധിക്കുകയും രണ്ടാമത്തെയാളാണ് കാമുകനെന്ന് ആരോപിക്കുകയും ചെയ്തു. ഇതോടെയാണ് ഗ്രാമീണര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായത്. ഇതേത്തുടര്‍ന്ന് പോലീസിനെ വിളിക്കുകയും മൂന്നുപേരെയും സ്റ്റേഷനിലേക്കു കൊണ്ടുപോകുകയുമായിരുന്നു.
നിജസ്ഥിതി കണ്ടെത്താന്‍ പഞ്ചായത്ത് കണ്ടെത്തിയ മാര്‍ഗം ഇവരുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കലായിരുന്നു. ഏറ്റവും കൂടുതല്‍ തവണ പെണ്‍കുട്ടിയെ വിളിച്ചവനായിരിക്കും കാമുകന്‍ എന്ന നിഗമനത്തില്‍ എത്തിച്ചേരാമെന്നാണ് പഞ്ചായത്തിന്റെ തീരുമാനം.
അതിനിടെ പെണ്‍കുട്ടിയെ തന്റെ മകന്‍ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന പ്രഖ്യാപനവുമായി ഒരു യുവാവിന്റെ രക്ഷിതാക്കളും രംഗത്തുവന്നു. എന്നാല്‍ കോള്‍ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് പഞ്ചായത്ത്.
പെണ്‍കുട്ടിയുടെ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് കുരാവാലി പോലീസ് സ്‌റ്റേഷന്റെ ചാര്‍ജുള്ള ദെവേഷ് ശര്‍മ്മ അറിയിച്ചു.