| Thursday, 7th November 2024, 7:48 pm

യു.പിയിൽ ഔദ്യോഗിക കസേര രാമന് സമര്‍പ്പിച്ച് ഭരണം നടത്തി ജനപ്രതിനിധികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തങ്ങളുടെ ഇരിപ്പിടം ശ്രീരാമന് സമര്‍പ്പിച്ച് രണ്ട് വനിതാ ജനപ്രതിനിധികള്‍. രാമരാജ്യത്തിന്റെ പേരില്‍ അഡ്മിനിസ്‌ട്രേഷന്‍ നടപടികള്‍ മുന്നോട്ടുകൊണ്ട് പോകുമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.

സീമ ദേവി (53), ശേഷ്‌ന ദേവി (65) എന്നിവരാണ് തങ്ങളുടെ ഇരിപ്പിടം രാമന് സമര്‍പ്പിച്ചത്. ഇവര്‍ യഥാക്രമം ഗദ്‌വാര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണും സദര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്.

രാമന്റെ അനുഗ്രഹം ലഭിച്ചതിനാല്‍ തങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്നാണ് ജനപ്രതിനിധികള്‍ വിശ്വസിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികള്‍ രാമന് ഇരിപ്പിടങ്ങള്‍ സമര്‍പ്പിച്ചത്.

2023 ജൂണില്‍ സീമ ദേവി തന്റെ കസേരയില്‍ രാമന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. രാമന്റെ അധ്യക്ഷതയില്‍ ജൂണ്‍ 20ന് സീമ ദേവി മുന്‍സിപ്പാലിറ്റിയിലെ ആദ്യ യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പേ രാമനെ പ്രതിഷ്ഠിച്ച് ഭരണം നടത്തണമെന്ന് സീമ ദേവി തീരുമാനിച്ചിരുന്നെന്ന് അവരുടെ സഹപ്രവര്‍ത്തകനായ സച്ചിന്‍ സിങ് ഷോലു പറഞ്ഞു. രാമന്റെ കീഴിലായിരിക്കും ഇനി ഭരണം നടക്കുകയെന്നും ഷോലു പ്രതികരിച്ചു.

തന്റെ അമ്മ അവരുടെ ഇരിപ്പിടം ശ്രീരാമന് സമര്‍പ്പിച്ചതായി ശേഷ്‌ന ദേവിയുടെ മകന്‍ ഗോള്‍ഡിയും പറഞ്ഞു. അമ്മ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് രാമന്റെ അനുഗ്രഹത്താലാണെന്നും ഗോള്‍ഡി കൂട്ടിച്ചേര്‍ത്തു.

2024 ജനുവരി 22നാണ് ബാബരി മസ്ജിദ് പൊളിച്ച ഭൂമിയില്‍ പണിത അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. അന്നേദിവസം ഗദ്വാര മുന്‍സിപ്പാലിറ്റിയിലെ ശ്രീരാമ സ്‌ക്വയറില്‍ 11 അടി നീളമുള്ള രാമന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. ഗദ്‌വാരയിലെ ഒരു ശിവക്ഷേത്രത്തില്‍ രാം ലല്ലയുടെ ഒരു പ്രതിമയും സ്ഥാപിക്കുകയുണ്ടായി.

അതേസമയം ദല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചതിന് പിന്നാലെ ധനമന്ത്രിയായിരുന്ന അതിഷിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നിരുന്നു.

തുടര്‍ന്ന് മുഖ്യമന്ത്രി കസേര കെജ്‌രിവാളിന് വണ്ടി നീക്കിവെച്ച് മറ്റൊരു കസേരയിലിരുന്ന് അതിഷി ഭരണം ആരംഭിച്ച സംഭവവും യു.പി ജനപ്രതിനിധികളുടെ നീക്കം വാര്‍ത്തയായതോടെ ചര്‍ച്ചയാവുകയും ചെയ്തു.

Content Highlight: panchayat officials dedicate their chairs to Lord Ram in UP’s

We use cookies to give you the best possible experience. Learn more