കൊച്ചി: പാനായികുളത്തെ സമി ക്യാമ്പിനുപിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബയാണെന്ന് കണ്ടെത്തിയതായി എന്‍.ഐ.എ. കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ക്യാമ്പെന്നും എന്‍.ഐ.എ ആരോപിക്കുന്നു. കേസില്‍ ആകെ 17 പ്രതികളുണ്ട്.
പി.എ ഷാദുലിയാണ് കേസിലെ ഒന്നാംപ്രതി. ലഷ്‌കര്‍ തീവ്രവാദി ഷിബിലിയുടെ സഹോദരനാണ് ഷാദൂലി. രണ്ടാംപ്രതി അബ്ദുള്‍ റഫീഖും അന്‍സാര്‍ മൂന്നാംപ്രതിയുമാണ്. കേസിലെ 17 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി എന്‍.ഐ.എക്ക് ലഭിച്ചിട്ടുണ്ട്. രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഈ മാസം 15നാണ് പ്രോസിക്യൂഷനുള്ള അനുമതി പത്രം എന്‍.ഐ.എക്ക് ലഭിച്ചത്. രാഷ്ട്രപതിക്കുവേണ്ടി ആഭ്യന്തര അണ്ടര്‍സെക്രട്ടറിയാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.
2006ല്‍ എറണാകുളത്തെ ബിനാനിപുരത്ത് യോഗംചേര്‍ന്ന് രാജ്യത്തുടനീളം ബോംബ്‌സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു കേസ്. സംസ്ഥാന പോലീസ് ആദ്യം അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടാക്കാനായിരുന്നില്ല. തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.