| Monday, 30th November 2015, 11:42 am

പാനായിക്കുളം കേസ്: 2 പ്രതികള്‍ക്ക് 14 വര്‍ഷം കഠിനതടവ്, 3 പ്രതികള്‍ക്ക് 12 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാനായിക്കുളം സിമി കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വിധിച്ചു. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 2 പ്രതികള്‍ക്ക് കോടതി 14 വര്‍ഷം കഠിന തടവിന് വ്ധിച്ചു. ഷാദുലി, അബ്ദുല്‍ റാസിഖ് എന്നിവര്‍ക്കാണ് 14 വര്‍ഷം തടവ്. അന്‍സാര്‍ നദ്‌വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവര്‍ക്കാണ് 12 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്.

കേസില്‍ ഒന്ന്, രണ്ട് പ്രതികളായ ഷാദുലിക്കും സഹോദരി ഭര്‍ത്താവ് അബ്ദുല്‍ റാസിഖിനും 60,000 രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഷമ്മാസ്, അന്‍സാര്‍ നദ്‌വി, നിസാമുദ്ദീന്‍ എന്നിവര്‍ക്ക് 55000 രൂപ പിഴയാണ് കോടതി വിധിച്ചത്.

കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ്‌വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ. ഷാദുലി, നിസാമുദ്ദീന്‍, ഷംനാസ് എന്നിവര്‍ക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു

നിരോധിത സംഘടനായായിരിക്കേ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ 2006 ഓഗസ്റ്റ് 15ന് ആലുവക്കടുത്ത് പാനായിക്കുളത്ത് യോഗം ചേര്‍ന്നതായാണ് കേസ്. “സ്വാതന്ത്ര്യദിനത്തില്‍ മുസ്‌ലിംങ്ങളുടെ പങ്ക്” എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചാ ക്ലാസില്‍ സിമിയുടെ ലക്ഷ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ച് ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാന്‍ ആഹ്വാനം നടത്തിയെന്നാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more