| Friday, 31st May 2019, 12:39 pm

പാനായിക്കുളം കേസില്‍ എന്താണ് സംഭവിച്ചത്?

ഷഫീഖ് താമരശ്ശേരി

2019 ഏപ്രില്‍ 12 നാണ് പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എല്ലാ പ്രതികളേയും ഹൈക്കോടതി വെറുതെ വിട്ടത്. എന്‍.ഐ.എ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പ്രതികളെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസില്‍ പ്രതികളായ ഷാദുലി, അബ്ദുല്‍ റാസിഖ് അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരെയാണ് എന്‍.ഐ.എ കോടതി ശിക്ഷിച്ചത്. ഷാദുലി, അബ്ദുല്‍ റാസിഖ് എന്നിവരെ 14 വര്‍ഷം തടവിനും അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരെ 12 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്.

കോടതി വെറുതെ വിട്ട കേസിലെ രണ്ടാം പ്രതിയായിരുന്ന അബ്ദുള്‍ റാസിഖ് കേസിനെക്കുറിച്ചും മറ്റും ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു

പാനായിക്കുളം സിമി ക്യാംപ് കേസ് ആരംഭം എന്തായിരുന്നു?

2006 ഓഗസ്റ്റ് 15 നാണ് പാനായിക്കുളം സിമി ക്യാംപ് കേസ് ആരംഭിക്കുന്നത്. പാനായിക്കുളം സിമി ക്യാംപ് കേസില്‍ പ്രധാനപ്പെട്ട ഫോക്കസ് എന്ന് പറയുന്നത് അതിലെ ടോപിക് ആണ്. സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ പങ്ക് എന്ന സെമിനാര്‍ ആണ് ഇതിന്റെ കേന്ദ്രമെന്ന് പറയുന്നത്. സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങളും ഇന്ത്യയിലെ ദളിതുകളും ന്യൂനപക്ഷവിഭാഗങ്ങളും ആദിവാസികളുമൊക്കെ ഒരുപാട് സമരമുഖങ്ങളില്‍ ശക്തമായി ഉണ്ടായിരുന്നു.

ഒന്നാം സ്വാതന്ത്ര്യസമരം ഉള്‍പ്പടെയുള്ള പ്രക്ഷോഭങ്ങില്‍ ഇത്തരം വിഭാഗക്കാരുടെ പങ്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പക്ഷെ അത്തരം ചരിത്രപാഠങ്ങളല്ല നമ്മുടെ നാട്ടില്‍ പഠിപ്പിക്കപ്പെടുകയോ പറഞ്ഞുകൊടുക്കപ്പെടുകയോ ചെയ്യുന്നത്. തമസ്‌കരിക്കപ്പെട്ട അത്തരം പാഠങ്ങളെക്കുറിച്ചുള്ള അവബോധം പൊതുസമൂഹത്തിനുണ്ടാകുക അല്ലെങ്കില്‍ വിദ്യാസമ്പന്നരായവര്‍ക്കുണ്ടാകുക എന്നത് ഒരു വലിയ ലക്ഷ്യമാണ്. തെറ്റായ പ്രവര്‍ത്തിയൊന്നുമല്ല അത്തരം ചിന്തകളുണ്ടാകുക എന്നത്.

കാരണം അവരുടെ കഴിഞ്ഞ കാല ചരിത്രം, ഒറ്റുകാരായ പലരുടേയും ചരിത്രം വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ തമസ്‌കരിക്കപ്പെട്ടവരുടെ ചരിത്രം ആളുകളെ പഠിപ്പിക്കുക എന്നുള്ള ഒരു ആശയത്തില്‍ നിന്നാണ് സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ പങ്ക് എന്ന ചിന്തയ്ക്ക് ആധാരം. അത്തരം ചിന്തകളുടെ അടിസ്ഥാനത്തിലാണ് സ്വാതന്ത്ര്യദിന സെമിനാര്‍ എന്ന പരിപാടി നടക്കുന്നത്.

പറവൂര്‍ ഹൈവേയിലുള്ള ഒരു പ്രധാനപ്പെട്ട തിരക്കേറിയ ജംഗ്ഷന്റെ ഭാഗമാണ് ഈ പാനായിക്കുളം എന്ന് പറയുന്ന സ്ഥലം. അവിടെ ഒരു ഹാപ്പി ഓഡിറ്റോറിയം, അതും നിരവധി ഷോപ്പുകളൊക്കെയുള്ള ആള്‍ക്കൂട്ടങ്ങള്‍ തമ്പടിക്കുന്ന ഒരു സ്ഥലത്തെയാണ് ഹാപ്പി ഓഡിറ്റോറിയം എന്നുപറയുന്നത്. അത് തീര്‍ത്തും ഒരു തുറസായ സ്ഥലത്താണ്. അവിടെ നോട്ടീസ് വിതരണം ചെയ്തും ബാനര്‍ കെട്ടിയും നടന്ന ഒരു പരിപാടിയാണ് സ്വാതന്ത്ര്യസമരത്തില്‍ മുസ്ലീങ്ങളുടെ പങ്ക് എന്നറിയപ്പെടുന്ന ഈ സെമിനാര്‍.

ആ സംഭവം എങ്ങനെയാണ് പിന്നീട് ഈ തരത്തിലേക്കുള്ള കേസിലേക്ക് വഴിമാറിയത്.?

ഈ സെമിനാറിനെ വളരെയധികം അട്ടിമറിച്ചാണ് ഇതൊരു വിധ്വംസകപ്രവര്‍ത്തനങ്ങളുടെ കേന്ദ്രം എന്ന നിലയിലേക്കുള്ള കേസ് രൂപപ്പെട്ടുവരുന്നത്. നമ്മുടെ പൊലീസ് വരിക അതിന് ഒരു കഥയുണ്ടാക്കുക, ആ കഥ പിന്നീട് വളരെ രൂപമാറ്റം വന്ന് എത്രത്തോളം എന്നുപറഞ്ഞാല്‍ കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുക അതുപോലെ ഇന്ത്യയില്‍ മുഗളന്‍മാരുടേയും നൈസാന്‍മാരുടേയും ഭരണം തിരിച്ചുവരണമെന്ന് പൊതുപരിപാടിയില്‍ പ്രസംഗിച്ചു എന്ന് പറയുക അതോടൊപ്പം തന്നെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് സിമിയിലൂടെ ഈ രാജ്യത്തെ മോചിപ്പിക്കണമെന്ന് പറയുക അതുപോലെ സിമിയുടെ ലിറ്ററേച്ചര്‍ വിതരണം ചെയ്യുക ഇതൊക്കെ പിന്നീട് കെട്ടിച്ചമക്കപ്പെട്ട ഒരു വലിയ കഥയാണ്.

2006 ഓഗസ്റ്റ് 15 ന് ബിനാനിപുരം പൊലീസ് സ്റ്റേഷനിലേക്ക് ഈ പ്രതികളൊക്കെ എത്തുമ്പോള്‍ അവരുടെ കൈവശം ഒന്നും പൊലീസ് കണ്ടെത്തുന്നില്ല. അവരുടെ കൈയില്‍ നിരോധിതസാഹിത്യമോ പുസ്തകങ്ങളോ ഒന്നും കൈയിലില്ല. മറിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോള്‍ അതിലേക്ക് സിമിയുടേതെന്ന് പറയുന്ന പഴയകാല പ്രസിദ്ധീകരണങ്ങള്‍ ഈ കേസിലേക്ക് വരികയാണ്. ഈ കേസില്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുശേഷം കോടതിയുടെ നിരീക്ഷണങ്ങളില്‍ പോലും വരുന്നുണ്ട് സമയബന്ധിതമായി ചെയ്യാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല എന്നുള്ളത്.

വിചാരണക്കോടതിയില്‍ ഈ വിഷയം വക്കീലുന്നയിച്ചപ്പോള്‍ പറഞ്ഞത് സിമി പ്രവര്‍ത്തകരായതുകൊണ്ട് ഞങ്ങളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഭയന്നതിനാലാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്നാണ്. പൊലീസ് എന്നു പറയുന്നത് ഒരു വലിയ ഫോഴ്‌സാണ്. ഒരു പൊലീസ് സ്റ്റേഷനില്‍ ആ പരിപാടിയില്‍ പങ്കെടുത്തതിനേക്കാള്‍ കൂടുതല്‍ ആളുകളുള്ള ഒരു സംവിധാനമാണ്. പക്ഷെ എന്നിട്ടും സിമി പ്രവര്‍ത്തകര്‍ ആക്രമിച്ചേക്കുമോ എന്ന് ഭയന്നിട്ടാണ് ഞങ്ങളെ അവരെ അറസ്റ്റ് ചെയ്യാതിരുന്നതെന്ന് പറയുമ്പോള്‍ അത് എത്ര അപകടകരമാണ്.

ഗുജറാത്ത് സ്‌ഫോടനവുമായി ഈ കേസിനെ ബന്ധപ്പെടുത്തിയിരുന്നല്ലോ?

പാനായിക്കുളം ഞങ്ങളോടൊപ്പമുള്ള രണ്ട് പേരാണ് ഷാദുലിയും അന്‍സാര്‍ നദ്വിയും. ഇവര്‍ രണ്ടുപേരും ജയിലിലായിരിക്കെയാണ് ഗുജറാത്തില്‍ സ്‌ഫോടനം നടക്കുന്നത്. അതിന്റെ പേരില്‍ അവര്‍ക്കെതിരെ നാല്പതിലധികം കേസ് ചുമത്തി. ജീവിതത്തിലൊരിക്കലും ഗുജറാത്ത് കണ്ടിട്ടുപോലുമില്ലാത്തവരാണ് അവര്‍. ജയിലിലായിരിക്കെ നടന്ന ഒരു സംഭവത്തിന്റെ പേരില്‍ കഴിഞ്ഞ 11 വര്‍ഷത്തിലധികമായി അവര്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. സത്യത്തില്‍ ഒന്നൊഴിയാതെ കേസുകള്‍ തലയിലിട്ടുകൊടുത്തുകൊണ്ട് ജീവിതത്തില്‍ ഒരിക്കല്‍പോലും ഇതില്‍ നിന്ന് മുക്തരാകരുത് എന്ന അജണ്ടയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്.

ഇവരുടെ പശ്ചാത്തലം എന്നു പറയുന്നത് അത്തരത്തില്‍ മോശമായതൊന്നുമല്ല. നല്ല വിദ്യാസമ്പന്നരായ ആളുകള്‍. നല്ല പൊതുബോധമുള്ളയാളുകള്‍. സാമൂഹ്യപ്രവര്‍ത്തകരായിരുന്നയാളുകള്‍. ഇവരെയൊക്കെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട്. അവരുടെ കുടുംബജീവിതം തകര്‍ന്നു. അവരുടെ സാമുഹികജീവിതം തകര്‍ന്നു. വ്യക്തിജീവിതം തകര്‍ന്നു. പ്രായം ഒരു വലിയ ഘടകമാണ്. പത്ത് വര്‍ഷം കൊണ്ട് അവര്‍ വളര്‍ന്നുവരാവുന്ന എല്ലാ മേഖലയിലും അവര്‍ തകര്‍ന്നു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷമുള്ള അനുഭവം?

ജയിലില്‍ തിരിച്ചുവന്നാല്‍ സമൂഹത്തിലേക്കിറങ്ങണമെങ്കില്‍ തന്നെ വലിയ റിസ്‌കാണ്. ഞാന്‍ തന്നെ അനുഭവിക്കുന്നുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങി ഒരാഴ്ചയായി എനിക്ക് നാട്ടിലും ചുറ്റുപാടുകളും പൊരുത്തപ്പെടാനാവാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. മൂന്നരവര്‍ഷം മാത്രമാണ് ഞാന്‍ ജയിലില്‍ കിടന്നത്. അപ്പോള്‍ പത്തും പതിനഞ്ചും വര്‍ഷം ജയിലില്‍ കിടന്ന ആളുകള്‍ അവര്‍ സമൂഹത്തിനോട് പൊരുത്തപ്പെടണമെങ്കില്‍ എത്രയോ കാത്തിരിക്കേണ്ടിവരും.

ഇത്തരം കേസുകളില്‍ എന്‍.ഐ.എ, യു.എ.പി.എ പോലുള്ള ആളുകള്‍ക്ക് നമ്മുടെ നാട്ടിലെ നിയമം വെച്ച് അവര്‍ക്ക് റീസോഷ്യലൈസേഷനുള്ള എല്ലാ സാധ്യതകളും അടച്ചുകളഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ ഒന്നും രണ്ടും കൊലപാതകക്കേസുകളില്‍പ്പെടുന്ന ആളുകള്‍ക്ക് പോലും പരോള്‍ ലഭിക്കാറുണ്ട്. അവരുടെ ശിക്ഷയുടെ മൂന്നിലൊന്നോ അല്ലെങ്കില്‍ രണ്ട് വര്‍ഷമോ പൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്ക പരോള്‍ ലഭിക്കും. അതിനൊന്നും ഒരു തടസവും നമ്മുടെ രാജ്യത്തില്ല.

എന്നാല്‍ ഏതാണ്ട് 14 വര്‍ഷം തടവിനെയാണ് ജീവപര്യന്തം ശിക്ഷയായി കണക്കാക്കുന്നത്. ആറും ഏഴും വര്‍ഷം കഴിഞ്ഞ് യു.എ.പി.എയില്‍ ശിക്ഷ കഴിഞ്ഞ് വരുന്നവര്‍ക്ക് റീസോഷ്യലൈസേഷന്റെ ഏറ്റവും വലിയ സാധ്യതയായ പരോളോ ശിക്ഷാ ഇളവോ നല്‍കുന്നില്ല എന്നുള്ളത് വലിയ വേദനാജനകമാണ്. 14 വര്‍ഷം കൊണ്ട് വീട്ടില്‍ പോവേണ്ട ആളേക്കാള്‍ എത്രയോ മുന്‍പ് വീട്ടില്‍ പോവേണ്ട ആളാണ് ഏഴ് വര്‍ഷം ശിക്ഷ ലഭിക്കുന്ന ആള്‍. പക്ഷെ അവര്‍ക്ക് ഈ പറയുന്ന ആനുകൂല്യങ്ങള്‍ മുഴുവന്‍ ഏതെങ്കിലും കുറ്റത്തിന്റെ പേരില്‍ കിടന്നു എന്നുള്ളതിനാല്‍ ഇരട്ടനീതി നിലനില്‍ക്കുന്നു എന്നത് ഒരു പ്രശ്‌നം തന്നെയാണ്.

കാരണം നിയമത്തിന് മുന്നിലുള്ള തുല്യത എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ഒന്നാണ്. ഈ ആശയത്തെ അട്ടിമറിച്ചുകൊണ്ടാണ് യു.എ.പി.എ, എന്‍.ഐ.എ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന ആളുകള്‍ക്ക് ഇത്തരം നിയമത്തിന് മുന്നില്‍ ഇരട്ട നീതി ലഭിക്കുന്ന അവസ്ഥ ഉണ്ട്. അതിന്റെ ഇരകളാണ് ഞങ്ങള്‍. മൂന്നരവര്‍ഷം കഴിഞ്ഞ് കോടതി നിരപരാധികളാണ് എന്ന് പറഞ്ഞു വിട്ടയ്ക്കുമ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍, കുടുംബവുമായി നഷ്ടപ്പെട്ട ബന്ധങ്ങള്‍ ഇതെല്ലാം നഷ്ടപ്പെട്ട് ഒരു ചവറുകണക്കെയാണ് ഞാനുള്‍പ്പടെയുള്ളവര്‍ ഈ കേസില്‍ നിന്ന് പുറത്തുവരുന്നത് എന്നത് വളരെ വേദനാജനകമാണ്. ഈ അവസ്ഥയ്ക്ക് വലിയ ഒരു മാറ്റം നമ്മുടെ നാട്ടില്‍ വരേണ്ടതുണ്ട്.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍