ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ പുലിസ്റ്റര്‍ സമ്മാനം പ്രഖ്യാപിച്ചു. കള്ളപ്പണത്തിനെതിരെ നടത്തിയ മാധ്യമ അന്വേഷണമായ പനാമ പേപ്പേഴ്‌സിനാണ് പുലിസ്റ്റര്‍ സമ്മാനം ലഭിച്ചത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് (ഐ.സി.എ.ജെ) ആണ് 2016 മാര്‍ച്ചില്‍ പനാമ പേപ്പറുകള്‍ പുറത്ത് വിട്ടത്.
സ്പഷ്ടമായ റിപ്പോര്‍ട്ടിംഗിനുള്ള പുലിസ്റ്റര്‍ സമ്മാനമാണ് പനാമ പേപ്പറുകള്‍ക്ക് ലഭിച്ചത്. കൊളംബിയ സര്‍വ്വകലാശാലയാണ് സമ്മാനം പ്രഖ്യാപിച്ചത്. ആറ് വന്‍കരകളിലായി 300 റിപ്പോര്‍ട്ടര്‍മാര്‍ ഒരു വര്‍ഷത്തോളം യോജിച്ച് പ്രവര്‍ത്തിച്ചാണ് പനാമ പേപ്പറുകള്‍ പുറത്ത് കൊണ്ടുവന്നതെന്ന് പുലിസ്റ്റര്‍ പ്രൈസ് ബോര്‍ഡ് പറഞ്ഞു.
തങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് പുലിസ്റ്റര്‍ സമ്മാനമെന്ന് ഐ.സി.ഐ.ജെയുടെ ഡയറക്ടര്‍ ജെറാര്‍ഡ് റെയ്ല്‍ പറഞ്ഞു. ലോകമെമ്പാടും പ്രകമ്പനം സൃഷ്ടിച്ച കണ്ടെത്തലുകള്‍ പുലിസ്റ്റര്‍ പ്രൈസ് ബോര്‍ഡ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമ്മാന നേട്ടം ആഘോഷിക്കുന്ന ഐ.സി.ഐ.ജെ അംഗങ്ങള്‍
ഒരു ഡസനോളം രാഷ്ട്രത്തലവന്മാരും എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കളും ലോകമെമ്പാടുമുള്ള നൂറുകണക്കിനു കോടീശ്വരന്മാരും പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന അനധികൃത നിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തലുകളാണ് പനാമ പേപ്പറുകളില്‍ ഉണ്ടായിരുന്നത്. നികുതി നിക്ഷേപം തുടങ്ങിയ കാര്യങ്ങളില്‍ ഉപദേശവും മാര്‍ഗ്ഗവും നല്‍കി സഹായിക്കുന്ന പനമ ആസ്ഥാനമായുള്ള “മൊസാക് ഫൊന്‍സേക”യുടെ വിവിധതരം സേവനങ്ങള്‍ സ്വീകരിച്ച ഒന്നരക്കോടിയോളം കക്ഷികളുടെ വിവരങ്ങള്‍ ജര്‍മന്‍ ദിനപത്രം “സ്വിദ്വദ് സെയ്തുങ്ങി”നു ചോര്‍ത്തി നല്‍കിയ അജ്ഞാതനാണു ലോകത്തെ നടുക്കിയ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.
എന്നാല്‍ ഇത് പ്രസിദ്ധീകരിക്കുന്നതിനു പകരം അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനു കൈമാറുകയാണ് പത്രം ചെയ്തത്. തുടര്‍ന്ന് ഐ.സി.ഐ.ജെ നടത്തിയ എട്ടുമാസത്തിലേറെ നീണ്ട ഗവേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മാധ്യമങ്ങളിലൂടെ പനാമ പേപ്പറുകള്‍ പുറത്ത് വന്നത്.
2013-ല്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ വഴി ചോര്‍ന്ന എന്‍.എസ്.എ രേഖകളെക്കാള്‍ വലിയ ഒരു രഹസ്യരേഖ ശേഖരമാണ് പാനമ പേപ്പറുകള്‍. ഏതാണ്ട് ഒരു കോടി 15 ലക്ഷം രേഖകളാണ് ചോര്‍ന്ന് ലഭിച്ചത്. ഇത് ഡിജിറ്റലായി നോക്കിയാല്‍ 2.6 ടെറാബൈറ്റോളം വരും. ഇത്രയും വ്യക്തികളുടെ തീര്‍ത്തും സ്വകാര്യമായ വിവരങ്ങള്‍ പോലും ഇതില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഇതിനാലാണ് ജര്‍മ്മന്‍ പത്രം ഇത് പരിശോധിക്കാന്‍ ഐ.സി.ഐ.ജെയെ ഏല്‍പ്പിച്ചത്.