പനാമ പേപ്പര്‍: അമിതാഭ് ബച്ചന് 'ഇന്‍ക്രഡിബ്ള്‍ ഇന്ത്യ' അംബാസഡര്‍ സ്ഥാനം കിട്ടില്ല
Daily News
പനാമ പേപ്പര്‍: അമിതാഭ് ബച്ചന് 'ഇന്‍ക്രഡിബ്ള്‍ ഇന്ത്യ' അംബാസഡര്‍ സ്ഥാനം കിട്ടില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th April 2016, 11:47 pm

Amitabh-Bachchan

ന്യൂദല്‍ഹി: പനാമ കള്ളപ്പണ ഇടപാടില്‍ പേരു വന്ന സാഹചര്യത്തില്‍ “ഇന്‍ക്രഡിബ്ള്‍ ഇന്ത്യ”  അംബാസഡര്‍ സ്ഥാനം അമിതാഭ് ബച്ചന് നല്‍കില്ലെന്ന് സൂചന. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുതിയ അംബാസഡറെ ഈ മാസം നിയമിക്കാനിരിക്കെയാണ് ബച്ചനെ പരിഗണിക്കുന്നില്ലെന്ന വാര്‍ത്ത പുറത്തു വരുന്നത്.

ബച്ചനെ ഒഴിവാക്കി അക്ഷയ് കുമാറിനെ നിയമിക്കുകയോ അതല്ലെങ്കില്‍ വനിതാ അംബാസഡറായി പ്രിയങ്കയെ മാത്രം പരിഗണിക്കാനുമാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

അസഹിഷ്ണുത പരാമര്‍ശത്തില്‍ സ്ഥാനം നഷ്ടപ്പെട്ട ആമിര്‍ഖാന് പകരമായാണ് അംബാസഡര്‍ സ്ഥാനത്തേക്ക് അമിതാഭ് ബച്ചനെയും വനിതാ അംബാസഡറായി പ്രിയങ്കാ ചോപ്രയെയും നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

പനാമ കള്ളപ്പണ ഇടപാടില്‍ ബച്ചനെ കൂടാതെ മരുമകളായ ഐശ്വര്യയുടെ പേരും ഉള്‍പ്പെട്ടിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് അമിതാഭ് ബച്ചനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നത്.