വിദേശത്ത് വന്‍ കള്ളപ്പണ നിക്ഷേപം: ബംഗാളിലെ ബി.ജെ.പി നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
Daily News
വിദേശത്ത് വന്‍ കള്ളപ്പണ നിക്ഷേപം: ബംഗാളിലെ ബി.ജെ.പി നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th August 2017, 9:54 am

കൊല്‍ക്കത്ത: വിദേശത്ത് വന്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന പനാമ രേഖകളിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പശ്ചിമബംഗാളിലെ ബി.ജെ.പി നേതാവായ ശിശിര്‍ ബജോറിയയെയാണ് ചോദ്യം ചെയ്തത്.

വിദേശ കമ്പനികളില്‍ ബജോറിയയ്ക്ക് നിക്ഷേപമുണ്ടെന്ന് പനാമ രേഖകളില്‍ വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളിലെ ഓാഫ്‌ഷോര്‍ കമ്പനിയായ ഹാപ്റ്റിക് ലിമിറ്റഡിന്റെ ഉടമസ്ഥരിലൊരാളാണ് ബജോറിയ എന്നായിരുന്നു രേഖകളിലെ പരാമര്‍ശം.

ചോദ്യം ചെയ്തകാര്യം ബജോറിയ സ്ഥിരീകരിച്ചു. ” പനാമ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു അത്. ഞാന്‍ ബി.ജെ.പിയിലായതുകൊണ്ട് അന്വേഷണം നടക്കരുത് എന്നൊന്നുമില്ലല്ലോ. എന്റെ പേര് ഇതില്‍ വലിച്ചിഴക്കപ്പെടുകയായിരുന്നു. അവര്‍ അന്വേഷിക്കട്ടെ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് എന്നെ വിളിപ്പിച്ചത്. അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ ഉത്തരം പറഞ്ഞു.” ബജോറിയ പറയുന്നു.


Must Read: ‘ഇത് തെമ്മാടിത്തം, മാധ്യമഗുണ്ടായിസം’: ശശി തരൂരിനെതിരായ റിപ്പബ്ലിക് ടി.വിയുടെ ആക്രമണം വീഡിയോ സഹിതം തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍


കൊല്‍ക്കത്തയിലെ ചണം, ചായ വ്യാപാരികളില്‍ അറിയപ്പെടുന്ന ഒരാളാണ് ബജോറിയ. എസ്.കെ ബജോറിയ ഗ്രൂപ്പിന്റെ പ്രമോട്ടറാണ് അദ്ദേഹം. ഈ ഗ്രൂപ്പിന് ആറുരാഷ്ട്രങ്ങളിലായി വര്‍ഷം 200മില്യണ്‍ ഡോളര്‍ വിറ്റുവരവുള്ള സ്റ്റീല്‍ റിഫ്രാക്ടറി യൂണിറ്റുകളുണ്ട്.