| Tuesday, 5th April 2016, 10:48 pm

പനാമ കള്ളപ്പണം: ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റെയ്‌ജേവിക്:  കള്ളപ്പണ നിക്ഷേപം സംബന്ധിച്ചുള്ള പനാമ പേപ്പര്‍ രേഖകളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഡേവിയോ ഗണ്‍ലോഗ്‌സണ്‍ രാജിവെച്ചു. പ്രധാനമന്ത്രിക്കെതിരെ രാജ്യമെങ്ങും കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി. പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന  സിഗ്മണ്ടറിന്റെ ആവശ്യം പ്രസിഡന്റ് ഒലാഫുര്‍ റാഗ്നര്‍ ഗ്രിംസണ്‍ തള്ളിയിരുന്നു.

സിഗ്മണ്ടറിന്റെയും ഭാര്യയുടെയും ഉടമസ്ഥതിയിലുള്ള വിന്‍ട്രീസ് എന്ന കമ്പനിയുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കോടികള്‍ വരുന്ന കുടുംബസ്വത്തുക്കള്‍ നികുതിവെട്ടിച്ചു സൂക്ഷിച്ചുവെന്നാണ് പ്രധാനമന്ത്രിക്കെതിരായ ആരോപണം.

പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിരവധി നിരവധി പേര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന ഗണ്‍ലോഗ്‌സണ്‍ പര്യടനം വെട്ടിച്ചുരുക്കി നാട്ടിലെത്തുകയും രാജിവെക്കുകയുമാണുണ്ടായത്.

പനാമിയന്‍ നിയമസ്ഥാപനമായ “മൊസാക് ഫൊന്‍സെക” എന്ന നിയമസഹായ സ്ഥാപനത്തിന്റെ 11 മില്ല്യണ്‍ രേഖകളാണ് “പനാമ പേപ്പേഴ്‌സ്” എന്ന പേരില്‍ പുറത്തായത്. നികുതിയില്ലാതെ പനാമയടക്കം 35 ചെറുദ്വീപ് രാഷ്ട്രങ്ങളിലെ കള്ളപ്പണ നിക്ഷേപത്തിന് സഹായമേകുന്ന നിയമസ്ഥാപനമാണ് “മൊസാക് ഫൊന്‍സെക”

വിവിധ രാഷ്ട്രത്തലവന്‍മാരടക്കം ലോകത്തെ സുപ്രധാന വ്യക്തിത്വങ്ങളുടെ കള്ളപ്പണ വിവരങ്ങള്‍ പുറത്തായതിന് ശേഷമുള്ള ആദ്യത്തെ രാജിയാണ് ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രിയുടേത്. ഇന്ത്യയില്‍ നിന്നും അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, ഡി.എല്‍.എഫ് കമ്പനി ഉടമ കെ.പി സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ്‌ലോട്ട് തുടങ്ങി 500 പേരുകളാണ് പുറത്തു വന്നിരുന്നത്.

റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ സുഹൃത്തുക്കള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്,  പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമൂറണ്‍ തുടങ്ങീ നിരവധി ലോക നേതാക്കളുടെ പേരുകളും പനാമ പേപ്പേഴ്‌സിലുണ്ട്.

ജര്‍മന്‍ മാധ്യമസ്ഥാപനമായ സ്യൂഡെഷെ സിതുങ്ങും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ലോകകൂട്ടായ്മയും ചേര്‍ന്ന് ചോര്‍ത്തിയ രേഖകള്‍ “ഇന്ത്യന്‍ എക്‌സ്പ്രസ്” പത്രമാണ് ഇന്ത്യയില്‍ പുറത്തുവിട്ടിരുന്നത്.

We use cookies to give you the best possible experience. Learn more