| Wednesday, 8th January 2025, 7:03 pm

പനാമ കനാല്‍, ഗ്രീന്‍ലാന്‍ഡ്, കാനഡ; ട്രംപിന്റെ അധിനിവേശ സ്വപ്നങ്ങള്‍

അമയ. കെ.പി.

സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അയല്‍ രാജ്യങ്ങളിലേക്ക് അമേരിക്കന്‍ അധിനിവേശത്തെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നിയുക്ത യു.എസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്. ട്രംപ്, അധിനിവേശത്തിന്റെ കഴുകന്‍ കണ്ണുകളിലൂടെ നോക്കുന്ന അയല്‍ രാജ്യങ്ങളും അവിടുത്തെ പ്രദേശങ്ങളുമാണ്‌ കാനഡയും ഗ്രീന്‍ലാന്‍ഡും പനാമ കനാലുമൊക്കെ.

ആദ്യം കാനഡയില്‍ നിന്ന് തുടങ്ങാം. അമേരിക്കയുടെ തൊട്ടടുത്ത് കിടക്കുന്ന യു.എസുമായി അതിര്‍ത്തി പങ്കിടുന്ന വടക്കേ അമേരിക്കയിലെ രാജ്യമാണ് കാനഡ. സാമ്പത്തിക മേഖലയിലും ആരോഗ്യരംഗത്തും മുന്നിട്ട് നില്‍ക്കുന്ന രാജ്യം.

എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി കാനഡയെ ഒരു സംസ്ഥാനമാക്കി ചുരുക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. അതായത് അമേരിക്കയിലെ 51ാമത് സംസ്ഥാനമായി കാനഡയെ മാറ്റണമെന്നാണ് ട്രംപിന്റെ പ്രസ്താവന. ആ പ്രസ്താവന അദ്ദേഹം നേരിട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് പറയുകയും ചെയ്തു.

അടുത്തിടെ കാനഡയ്ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ നിലപാട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് ട്രൂഡോ പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. അമേരിക്ക ചുമത്തുന്ന നികുതി താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ കാനഡയെ 51ാമത് സംസ്ഥാനമാക്കാമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ വേണമെങ്കില്‍ അതിന്റെ ഗവര്‍ണര്‍ ആക്കാമെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു.

ട്രംപിന്റെ പ്രസ്താവന പുറത്തുവന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന് ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചു. ഇതോടെ തന്നെ ഭയന്നാണ് ട്രൂഡോ രാജിവെച്ചതെന്നും കാനഡക്കാര്‍ അമേരിക്കയുടെ ഭാഗമാകണമെന്ന് അതിയായി ആഗ്രഹിക്കുന്നതായും ട്രംപ് അഭിപ്രായപ്പെട്ടു.

തൊട്ട് പിന്നാലെ കാനഡയേയും അമേരിക്കയേയും ഒരുമിച്ച് ചേര്‍ത്ത ഒരു ഭൂപടവും ട്രംപ് പുറത്തുവിട്ടു.

ഡൊണാള്‍ഡ് ട്രംപ്, ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഭൂപടം

എന്നാല്‍ തന്റെ അനുയായികള്‍ പറയുന്നതുപോലെ ഒരു സൈനിക യുദ്ധത്തിലേക്ക് നീങ്ങാന്‍ ട്രംപ് ആഗ്രഹിക്കുന്നില്ല. മറിച്ച് സാമ്പത്തിക ശക്തി ഉപയോഗിച്ച് കാനഡയെ കീഴടക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്.

ഇനി പനാമയിലേക്ക് വരാം. ലോകത്തെ സമുദ്രങ്ങള്‍ വഴിയുള്ള ചരക്ക് നീക്കത്തിന്റെ അഞ്ച് ശതമാനവും നടക്കുന്നത് പനാമ കനാല്‍ വഴിയാണ്. എന്നാല്‍ വേനല്‍ക്കാലം അടുത്ത് വന്നതോടെ കനാലിലേക്ക് വെള്ളം എത്തിക്കുന്ന ഗെതുന്‍ തടാകത്തിലെ ജലലഭ്യത കുറയുകയും ജനുവരി മുതല്‍ കനാല്‍ വഴിയുള്ള ഷിപ്പിങ്ങ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ പനാമ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

എന്നാല്‍ പനാമയുടെ ഈ തീരുമാനം ട്രംപിനെ വല്ലാതെ ചൊടിപ്പിച്ചു. പനാമ കനാലിലെ ചരക്ക് നീക്കത്തിന് വന്‍ നിരക്ക് ഈടാക്കുകയാണെങ്കില്‍ കനാലിന്റെ സഖ്യകക്ഷിയായ യു.എസിന് കനാല്‍ തിരികെ നല്‍കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. തെറ്റായ കൈകളില്‍ കനാല്‍ എത്തിപ്പെടാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറയുകയുണ്ടായി. ട്രംപിന്റെ തെറ്റായ കൈകള്‍ എന്ന പരാമര്‍ശം ചൈനയെ ഉദ്ദേശിച്ചുള്ളതായിരുന്നു. കൂടാതെ കനാലിന്റെ നിര്‍മാണത്തില്‍ 38,000 അമേരിക്കകാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന കാര്യം ട്രംപ് അവകാശപ്പെട്ടു.

എന്നാല്‍ ട്രംപിന്റെ പ്രസ്താവനകള്‍ അടിമുടി വാസ്തവ വിരുദ്ധമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. പനാമ കനാലിന്റെ നിര്‍മാണ സമയത്ത് ആയിരക്കണക്കിന് തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ട്രംപ് പറഞ്ഞത് പോലെ 38000 തൊഴിലാളികള്‍ അല്ല മരണപ്പെട്ടത്.

വേള്‍ഡ് സോഷ്യലിസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 5000 അമേരിക്കകാരാണ് കനാലിന്റെ നിര്‍മാണത്തിനിടെ മരണപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗം പേരും പകര്‍ച്ചവ്യാധികള്‍ പിടിപെട്ടാണ് മരിക്കുന്നത്. കൂടുതലായും മരിച്ചത് അമേരിക്കന്‍ നിര്‍മാണ കമ്പനിക്കായി കൂലിപ്പണി ചെയ്തിരുന്ന പനാമക്കാരും കരീബിയക്കാരുമായിരുന്നു.

പസഫിക് സമുദ്രത്തെ അറ്റ്‌ലാന്റിക് സമുദ്രവുമായി യോജിപ്പിക്കുന്ന കനാല്‍ നിര്‍മാണത്തിന് നേതൃത്വം കൊടുത്തത് അമേരിക്കയിലെ വന്‍കിട കമ്പനികളായിരുന്നു. അക്കാലത്ത് കൊളംബിയയുടെ ഭാഗമായിരുന്നു പനാമ. അന്ന് ഒരുകോടി ഡോളര്‍ നല്‍കി കനാലിന്റെ മേല്‍നോട്ടം നൂറ് വര്‍ഷത്തേക്ക് കൈക്കലാക്കാനായിരുന്നു അമേരിക്കയുടെ ശ്രമം.

1903ലാണ് കൊളംബിയ-യു.എസ് പ്രതിനിധികള്‍ ഈ കരാര്‍ ഒപ്പുവെക്കുന്നത്. എന്നാല്‍ ആ കരാറിന് ബൊളീവിയന്‍ സെനറ്റ് അംഗീകാരം നല്‍കാതിരുന്നതോടെ പനാമയെ കൊളംബിയയില്‍ നിന്ന് അടര്‍ത്തി മാറ്റി പ്രത്യേക രാജ്യമാക്കി യു.എസ് മാറ്റി. അങ്ങനെ കരാര്‍ പാസാക്കിയെടുക്കുകയും ചെയ്തു.

എന്നാല്‍ 1968ല്‍ പനാമയില്‍ അധികാരത്തില്‍ വന്ന ഒമര്‍ തുറിഹോസ് രാജ്യത്തിന് കനാലിന് മേലുള്ള അവകാശവാദം ശക്തമാക്കി. ഭൂപരിഷ്‌ക്കരണ, ആരോഗ്യ, വിദ്യാഭ്യാസ നയങ്ങളിലൂടെ മികച്ച ജനപിന്തുണ കൈവരിച്ച തുറിഹോസ് ലാറ്റിന്‍ അമേരിക്കയിലെ ഇടത് സര്‍ക്കാരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്.

ഇക്കാരണങ്ങള്‍ എല്ലാം കൊണ്ട് തന്നെ തുറിഹോസിന് വലിയ രീതിയിലുള്ള ജനപിന്തുണ ലഭിച്ചിരുന്നു. ഇതോടെ കനാല്‍ പനാമയ്ക്ക് കൈമാറണമെന്ന ആവശ്യം ശക്തമായി. ഇതോടെ 1977ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ജിമ്മി കാര്‍ട്ടര്‍ കനാലിന്റെ അവകാശം പനാമയ്ക്ക് കൈമാറിക്കൊണ്ടുള്ള കരാറില്‍ ഒപ്പുവെച്ചു. എന്നാല്‍ കരാര്‍ ഒപ്പിട്ട് നാല് വര്‍ഷത്തിനുള്ളില്‍ തുറിഹോസ് കൊല്ലപ്പെട്ടു. മരണത്തിന് പിന്നില്‍ സി.ഐ.എ ആണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പിന്നീടങ്ങോട്ടുള്ള കാലം അമേരിക്കയും പനാമയും തമ്മിലുള്ള ബന്ധം പൊതുവെ സൗഹാര്‍ദപരം തന്നെയായിരുന്നു. എന്നാല്‍ സി.ഐ.എയുടെ അടുപ്പക്കാരനെന്ന് അറിയപ്പെട്ടിരുന്ന മാന്വല്‍ നൊറീയേഗ അധികാരത്തിലേറ്റി കനാല്‍ തിരിച്ച് പിടിക്കാമെന്ന് അമേരിക്ക ആഗ്രഹിച്ചെങ്കിലും അദ്ദേഹം സ്വതന്ത്ര നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അമേരിക്കക്ക് വീണ്ടും തിരിച്ചടിയായി.

എന്നാല്‍ എല്ലാ കാലത്തും അമേരിക്കയ്ക്ക് ഒരു കിട്ടാക്കനി തന്നെയായിരുന്നു പനാമ കനാല്‍. കൂടാതെ കനാലില്‍ കൂടി കടന്നുപോകുന്ന മുക്കാല്‍ ഭാഗവും അമേരിക്കന്‍ ചരക്കുകപ്പല്‍ ആയിരുന്നതിനാല്‍ പനാമയുടെ ഷിപ്പിങ് ചാര്‍ജ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അമേരിക്കയെ തന്നെയാണ്.

അതിനാല്‍ താന്‍ അധികാരത്തില്‍ എത്തിയാല്‍ പനാമ കനാലിനെ വരുതിയിലാക്കാനാണ് ട്രംപിന്റെ ശ്രമം. അതിന്റെ സൂചനയാണ് യു.എസ് പതാകയോടൊപ്പമുള്ള കനാലിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള ‘യുണൈറ്റ്ഡ് സ്റ്റേറ്റ്‌സ് കനാലിലേക്ക് സ്വാഗതം’ എന്ന ട്രംപിന്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റ്.

ട്രംപിന്റെ മൂന്നാമത്തെ ദുരാഗ്രഹമാണ് ഗ്രീന്‍ലാന്‍ഡ്. ചിത്രങ്ങളില്‍ നോക്കുമ്പോള്‍ നാനാഭാഗവും മഞ്ഞിനാല്‍ ചുറ്റപ്പെട്ട ഒരു രാജ്യമാണ് ഗ്രീന്‍ലാന്‍ഡ്. എന്നാല്‍ ധാതുലവണങ്ങളുടേയും എണ്ണയുടേയും വന്‍ശേഖരമുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്.

നിലവില്‍ ഡെന്‍മാര്‍ക്ക് ഭരണകൂടത്തിന്റെ ഭാഗമാണ് ഈ ദ്വീപ് രാജ്യം. ഗ്രീന്‍ലാന്‍ഡിന്റെ ധാതുശേഖരത്തിലാണ് ട്രംപിന്റെ നോട്ടം എന്നത് വ്യക്തമാണ്. അതിനാല്‍ അത് പരിശോധിക്കാനായി സ്വന്തം മകനെത്തന്നെ അദ്ദേഹം കഴിഞ്ഞ ദിവസം അങ്ങോട്ട് അയക്കുകയുമുണ്ടായി.

ഡെന്മാര്‍ക്കിന് വര്‍ഷംതോറും 70 കോടിഡോളറാണ് ഗ്രീന്‍ ലാന്‍ഡിന്റെ ഭരണത്തിലൂടെ നഷ്ടമാകുന്നതെന്നും അതിനാല്‍ അത് യു.എസിന് കൈമാറിയാല്‍ അവര്‍ക്ക് വന്‍ലാഭമാണ് ലഭിക്കുന്നതെന്നും ട്രംപ് ഡെന്മാര്‍ക്കിനെ ഉപദേശിച്ചിട്ടുണ്ട്. നിലവില്‍ ഗ്രീന്‍ലാന്‍ഡില്‍ യു.എസിനൊരു വ്യോമത്താവളം ഉണ്ട്.

ഇനിയിപ്പോ ഒന്നര ലക്ഷം കോടി ഡോളര്‍ ഡെന്മാര്‍ക്കിന് നല്‍കി ഗ്രീന്‍ലാന്‍ഡ് കൈവശപ്പെടുത്തിയാലും അമേരിക്കയ്ക്ക് ലാഭമാണെന്നാണ് ചില അമേരിക്കന്‍ വിദഗ്ദരുടെ അഭിപ്രായം. ഇനി ഏതെല്ലാം പ്രദേശങ്ങളിലേക്കാണ് അമേരിക്ക അതിന്റെ അധിനിവേശ താത്പര്യം വ്യാപിപ്പിക്കുന്നതെന്ന് ജനുവരി 20ന് അധികാരത്തിലെത്തുന്ന ട്രംപിലൂടെ ലോകത്തിന് കാണാം.

Content Highlight: Panama Canal, Greenland, Canada; Trump’s Invasion Dreams

അമയ. കെ.പി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.

We use cookies to give you the best possible experience. Learn more