ഒരു ജനതയുടെ ആത്മാവ് നിലനില്‍ക്കുന്നത് അവരുടെ സംഗീതത്തിലാണെന്നാണ് പഴമൊഴി. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് വാമൊഴിയായി പകര്‍ന്നുവന്ന കുറുമ്പപ്പാട്ടുകളിലാണ് കേരളത്തിലെ ഈ പുരാതനഗോത്രവിഭാഗത്തിന്റെ ജീവിതവും ചരിത്രവുമെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സംഗീതപാരമ്പര്യം തിരിച്ചുപിടിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ് പണലി എന്ന പത്തൊമ്പതുകാരന്‍. പഴമക്കാരില്‍ നിന്നും പാട്ടുകള്‍ ശേഖരിച്ച് മലയാളത്തില്‍ എഴുതിസൂക്ഷിക്കുന്നതോടൊപ്പം പുതിയ പാട്ടുകള്‍ രചിക്കുക കൂടി ചെയ്യുന്നുണ്ട് പണലി.
അട്ടപ്പാടി ആദിവാസിമേഖലയില്‍ വസിക്കുന്ന മൂന്ന് ഗോത്രവിഭാഗങ്ങളിലൊന്നായ കുറുമ്പര്‍ തനതായ ജീവിതരീതികളും സംസ്‌ക്കാരവും കൊണ്ട് സമ്പന്നരാണ്. തെലുങ്ക്, മലയാളം, കന്നട, തമിഴ് എന്നീ ഭാഷകളുമായി സാമ്യമുള്ള കുറുമ്പഭാഷയാണ് ഇവരുടെ സംസാരഭാഷ. വാമൊഴിയായി മാത്രം നിലനില്‍ക്കുന്ന ലിപിയില്ലാത്ത ഈ ഭാഷയിലുള്ള പാട്ടുകളാണ് കുറുമ്പരുടെ യഥാര്‍ത്ഥ ചരിത്രം പറയുന്നതെന്ന് പണലി ചൂണ്ടിക്കാട്ടുന്നു.
;
കുറുമ്പസംഗീതോപകരണങ്ങളില്‍ വിദഗ്ദ്ധനായ അച്ഛനില്‍ നിന്നാണ് പണലി ആദ്യമായി പാട്ടുകള്‍ കേള്‍ക്കുന്നത്. പിന്നീട് പതിയെ പതിയെ ആ ഇഷ്ടം വളരുകയായിരുന്നുവെന്ന് പണലി പറയുന്നു. ഹൈസ്‌ക്കൂള്‍ പഠനക്കാലത്താണ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന കുറുമ്പപ്പാട്ടുകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങുന്നത്. സംഗീതത്തോടും മറ്റു കലകളോടുമുള്ള താല്‍പര്യത്തോടൊപ്പം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കുറുമ്പസംഗീതത്തെ തിരിച്ചുപിടിക്കേണ്ടതുണ്ടെന്ന ബോധ്യവും തനിക്ക് പ്രചോദനമായെന്ന് പണലി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ഊരിലെ മുതിര്‍ന്നവരോടും മറ്റു ഊരുകളില്‍ നിന്നും വരുന്നവരോടുമെല്ലാം ഞാന്‍ പാട്ടുകളെക്കുറിച്ച് ചോദിച്ചു. അവര്‍ പറയുന്നതെല്ലാം മലയാള അക്ഷരങ്ങള്‍ ഉപയോഗിച്ച് എഴുതി സൂക്ഷിക്കാന്‍ തുടങ്ങി.” ഒരുപക്ഷെ ഈ തലമുറയും കഴിയുന്നതോടെ എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോയേക്കാവുന്ന പാട്ടുകളാണ്, ചരിത്രമാണ് പണലിയുടെ ഒറ്റയാള്‍ പോരാട്ടംകൊണ്ട് സംരക്ഷിക്കാനായിരിക്കുന്നത്. കുറുമ്പഭാഷയിലെ ശബ്ദങ്ങള്‍ക്കനുസരിച്ചുള്ള വാക്കുകള്‍ പലതും മലയാളത്തില്‍ ഇല്ലാത്തത് ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പണലി കൂട്ടിച്ചേര്‍ത്തു.
ഊര് മൂപ്പന്മാരെപ്പോലും അതിശയിപ്പിക്കുന്ന അറിവാണ് പണലിക്ക് ഇപ്പോള്‍ പാട്ടുകളിലുള്ളത്. എട്ട് വിഭാഗങ്ങളായി തിരിച്ചുള്ള പാട്ടുകളാണ് കുറുമ്പകര്‍ക്കിടയിലുള്ളത്. വിവിധ സമയങ്ങളിലും ആഘോഷങ്ങളിലും ആചാരങ്ങളിലും ഉപയോഗിക്കുന്ന പാട്ടുകള്‍ ഈണത്തിലും പ്രതിപാദ്യവിഷയങ്ങളിലും മാത്രമല്ല പാട്ടിനോടൊപ്പം ഉപയോഗിക്കുന്ന സംഗീതോപകരണങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നുവെന്ന് ഈ പത്തൊമ്പതുകാരന് വ്യക്തമാക്കുന്നു.
കുറുമ്പഭാഷയില്‍ പുതിയ പാട്ടുകള്‍ രചിക്കുന്നതിലൂടെ ഭാഷയെ സംരക്ഷിക്കുക മാത്രമല്ല സജീവമായി നിലനിര്‍ത്തുകയും വളര്‍ത്തുകയുമാണ് പണലി ചെയ്യുന്നതെന്ന് ഊര് നിവാസികള്‍ പറയുന്നു.
ഊരിലെ കുട്ടികളെ കുറുമ്പരുടെ തനത് പാട്ടുകളും നൃത്തവും പഠിപ്പിക്കാനും പണലിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. പുതിയ തലമുറയെ കലാപാരമ്പര്യത്തോട് ചേര്‍ത്തുനിര്‍ത്തിയാലെ കുറുമ്പരുടെ മുന്നേറ്റം സാധ്യമാകുവെന്ന് പണലി ഉറപ്പിച്ച് പറയുന്നു.
ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം കഴിഞ്ഞിരിക്കുന്ന പണലി സംഗീതം പഠിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഡൂള്‍ന്യൂസിനോട് വെളിപ്പെടുത്തി. കുറുമ്പസംഗീതത്തെപ്പറ്റി കൂടുതലായി ഗവേഷണം നടത്തണമെന്നും ആദിവാസി സംഗീതം പ്രത്യേകപഠനശാഖയായി തന്നെ ഉയര്‍ന്നുവരണമെന്നും പണലി കൂട്ടിച്ചേര്‍ത്തു.